
കൊല്ലം: സ്വത്തുതർക്കത്തെ തുടർന്ന് അമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസിൽ രണ്ടാം പ്രതിയായ മകൾ അശ്വതി അച്ചു എന്ന അശ്വതി (37) അറസ്റ്റിൽ. തിരുവനന്തപുരത്തെ ഫ്ലാറ്റിൽനിന്നാണ് അശ്വതിയെ പൊലീസ് പിടികൂടിയത്. കേസിൽ അശ്വതിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി നേരത്തേ തള്ളിയിരുന്നു. കേസിലെ ഒന്നാം പ്രതിയും അശ്വതിയുടെ മകളുമായ അമൃത (18) നേരത്തേ അറസ്റ്റിലായിരുന്നു.
കഴിഞ്ഞ മാസം 26നാണ് ആയൂർ ഇടമുളയ്ക്കൽ സ്വദേശിനിയായ രാധാമണി (61) പൊള്ളലേറ്റ് ചികിത്സ തേടിയത്. വീട്ടിലെ സിറ്റൗട്ടിലിരിക്കുകയായിരുന്ന രാധാമണിയുടെ മുഖത്തേക്ക് അമൃത തിളച്ച വെള്ളം ഒഴിക്കുകയായിരുന്നു. മുഖത്തും കഴുത്തിലും ഗുരുതരമായി പൊള്ളലേറ്റ രാധാമണി ദിവസങ്ങളോളം ചികിത്സയിൽ കഴിഞ്ഞു.
അമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിക്കാൻ അശ്വതിയാണ് നിർദേശിച്ചതെന്നാണ് അമൃത പൊലീസിന് നൽകിയ മൊഴി. അശ്വതി വെള്ളം തിളപ്പിച്ച് പാത്രത്തിലാക്കി നൽകിയശേഷം രാധാമണിയുടെ ദേഹത്തേക്ക് ഒഴിക്കാൻ ആവശ്യപ്പെട്ടെന്നായിരുന്നു മൊഴി.
ഹണി ട്രാപ്പ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് അശ്വതി. സ്വത്തുതർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് കേസ്.










