
ദോഹ: പ്രകൃതിയുടെ മാന്ത്രികച്ചായം ചാലിച്ച നക്ഷത്രരാത്രികൾക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ദോഹയിലെ ആകാശം . ഇന്ന് (സെപ്റ്റംബർ 27, ഞായർ) വൈകുന്നേരം ഏകദേശം 5:50 ഓടെ, നിലാവിന്റെ പ്രഭ ചൊരിയുന്ന ചന്ദ്രന് തൊട്ടരികിലായി വിസ്മയം തീർത്ത് ശനിഗ്രഹം പ്രത്യക്ഷപ്പെടും.
കിഴക്കൻ ചക്രവാളത്തിൽ തെളിയുന്ന ഈ മനോഹര ദൃശ്യം നഗ്നനേത്രങ്ങൾ കൊണ്ട് തന്നെ ആസ്വദിക്കാനാകുമെന്ന് ഖത്തർ കലണ്ടർഹൗസ് അറിയിച്ചു. ഇന്ന് സന്ധ്യയോടെ ഒന്നിക്കുന്ന ഇവർ തിങ്കളാഴ്ച (സെപ്റ്റംബർ 28) പ്രഭാതം വരെ വാനിൽ ഒരുമിച്ച് പ്രകാശിച്ചു നിൽക്കും.
സൗരയൂഥത്തിലെ രണ്ടാമത്തെ വലിയ ഗ്രഹവും വലയങ്ങളുടെ മനോഹര ശിൽപ്പവുമായ ശനിയെ കൂടുതൽ വ്യക്തതയോടെ കാണാൻ ടെലിസ്കോപ്പുകൾ പോലുള്ള ഉപകരണങ്ങൾ ഉപയോഗിക്കാമെന്നും ജ്യോതിശാസ്ത്ര വിദഗ്ധർ വ്യക്തമാക്കുന്നു. പ്രപഞ്ചത്തിന്റെ ഈ അപൂർവ്വ പ്രണയസംഗമത്തിന് സാക്ഷിയാകാൻ കാത്തിരിക്കുകയാണ് ദോഹയിലെ വാനനിരീക്ഷണ പ്രേമികൾ.










