
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തങ്ങൾ കുടുങ്ങിപ്പോയി എന്ന് പറയാമെങ്കിലും വിശാലമായ അർത്ഥത്തിൽ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞു എന്ന് പറയുന്നതാകും ശരിയെന്ന് സുനിത വില്യംസും ബുച്ച് വിൽമോറും. ബഹിരാകാശ യാത്ര പ്രയാസകരമായ സംഗതിയാണെന്നും ഇത്തരം വലിയ പ്രതിസന്ധികളെ മുൻകൂട്ടി കണ്ടുതന്നെയാണ് ബഹിരാകാശ യാത്രകൾക്ക് തയ്യാറെടുക്കുന്നതെന്നും ഇരുവരും വ്യക്തമാക്കി. ചെറിയകാലത്തേക്കുള്ള ദൗത്യമായിരുന്നുവെങ്കിലും കൂടുതൽ കാലം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തുടരാനുള്ള തയ്യാറെടുപ്പുകൾ തങ്ങൾ നടത്തിയിരുന്നു എന്നും ഇരുവരും വെളിപ്പെടുത്തി. ഫോക്‌സ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് സുനിതയും വിൽമോറും ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിപ്പോരാൻ കാരണക്കാർ ബോയിങ്ങാണോ എന്ന ചോദ്യത്തിനോട് നേരിട്ട് മറുപടി നൽകാൻ ഇരുവരും തയ്യാറായില്ല. ''ചില രീതിയിൽ പറഞ്ഞാൽ ഞങ്ങൾ കുടുങ്ങിപ്പോവുകയോ ഒറ്റപ്പെടുകയോ ചെയ്തു. പക്ഷെ ആളുകൾ അതിനെപ്പറ്റി എന്തൊക്കെ പറയുന്നുവെന്നത് ഞങ്ങളെ സ്വാധീനിച്ചിട്ടില്ല. ഞങ്ങളവിടെ കുടുങ്ങിപ്പോയി, ശരിയാണ്. പ്രതീക്ഷിച്ചതുപോലെ തിരികെ വരാൻ സാധിച്ചില്ല. അങ്ങനെ നോക്കിയാൽ ഞങ്ങളവിടെ കുടുങ്ങിയെന്ന് പറയാം. പക്ഷെ വിശാലമായി നോക്കിയാൽ അങ്ങനെയല്ല, ഞങ്ങൾ ആസൂത്രണം ചെയ്യുകയും പരിശീലിക്കുകയും ചെയ്തു''- വിൽമോർ വിശദീകരിച്ചു.
ബോയിങ്ങിന്റെ ബഹിരാകാശ പേടകത്തിലായിരുന്നു സുനിത വില്യംസും ബുച്ച് വിൽമോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോയത്. എട്ടു ദിവസത്തെ ദൗത്യത്തിനായി പോയവർ പക്ഷേ സ്റ്റാർലൈനറിനുണ്ടായ സാങ്കേതിക തകരാർ മൂലം ഒമ്പത് മാസത്തോളം ബഹിരാകാശ നിലയത്തിൽ തുടരാൻ നിർബന്ധിതരായിരുന്നു. ഒടുവിൽ ഇലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സ് പേടകത്തിലാണ് മാസങ്ങൾക്ക് ശേഷം ഇവരെ തിരികെ എത്തിച്ചത്. സംഭവത്തിൽ ബോയിങ്ങിനെ കുറ്റപ്പെടുത്തുന്ന നിരവധി വിമർശനങ്ങളുയർന്നെങ്കിലും അതിനോട് ഇതുവരെ ഇരുവരും പ്രതികരിച്ചിരുന്നില്ല.











