03:16pm 13 June 2026
NEWS
അജിത് പവാറിന്റെ മരണം മുൻകൂട്ടി പ്രവചിച്ച ജ്യോതിഷി; അടുത്തതായി വൻ ദുരന്തങ്ങളുണ്ടാകാമെന്നും പ്രവചനം
28/01/2026  05:40 PM IST
nila
അജിത് പവാറിന്റെ മരണം മുൻകൂട്ടി പ്രവചിച്ച ജ്യോതിഷി; അടുത്തതായി വൻ ദുരന്തങ്ങളുണ്ടാകാമെന്നും പ്രവചനം

മുംബൈ: ബാരാമതി മേഖലയിലുണ്ടായ വിമാനാപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടതിനു പിന്നാലെ, ജ്യോതിഷ പ്രവചനങ്ങളെച്ചൊല്ലി സാമൂഹിക മാധ്യമങ്ങളിൽ വൻ ചർച്ച. ഈ ദുരന്തം താൻ മുൻകൂട്ടി കണ്ടിരുന്നുവെന്ന അവകാശവാദവുമായി ഒരു ജ്യോതിഷി രം​ഗത്തെത്തിയതോടെയാണ് ഇതുസംബന്ധിച്ച ചർച്ചകൾ സജീവമായത്. പ്രശാന്ത് കിനി എന്നയാളാണ് അജിത് പവാറിന്റെ മരണം താൻ നേരത്തേ തന്നെ പ്രവചിച്ചിരുന്നു എന്ന് അവകാശപ്പെടുന്നത്.

2025 നവംബർ 8-ന് സമൂഹമാധ്യമമായ എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ്, 2025 ഡിസംബർ മുതൽ 2026 ഫെബ്രുവരി വരെയുള്ള കാലയളവിൽ മുഖ്യമന്ത്രിയോ കേന്ദ്രമന്ത്രിയോ ആയി പ്രവർത്തിച്ചിരുന്ന ഒരാൾ കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്ന് പ്രശാന്ത് കിനി പ്രവചിച്ചത്. ഇന്ന് വിമാനാപകട വാർത്ത പുറത്തുവന്നതോടെ, തന്റെ പ്രവചനം യാഥാർത്ഥ്യമായെന്നാണ് ജ്യോതിഷിയുടെ വാദം.

എന്നാൽ ഈ അവകാശവാദം പൂർണമായും തെറ്റാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. അജിത് പവാർ ഒരിക്കലും മുഖ്യമന്ത്രിയോ കേന്ദ്രമന്ത്രിയോ ആയിട്ടില്ലെന്നും, അതിനാൽ തന്നെ പ്രവചനം പാളിയതാണെന്നും ചിലർ അഭിപ്രായപ്പെട്ടു. പ്രവചനത്തിൽ വ്യക്തതയില്ലായ്മയുണ്ടെന്നും, മരിക്കുന്നയാൾ ഏത് സംസ്ഥാനത്തുള്ളയാളാണെന്നോ, ഏത് സാഹചര്യത്തിലാണെന്നോ വ്യക്തമാക്കിയിട്ടില്ലെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം പൊതുവായ പ്രവചനങ്ങൾ നടത്തുന്നത് എളുപ്പമാണെന്നും പലരും ആരോപിക്കുന്നു.

ഇതിനിടെ, അടുത്ത മാസങ്ങളിലേക്കുള്ള പുതിയ പ്രവചനങ്ങളും പ്രശാന്ത് കിനി പങ്കുവച്ചിട്ടുണ്ട്. 2026 ഏപ്രിലിൽ ബംഗാളിലോ ബംഗ്ലദേശിലോ യാത്രക്കാരുമായി പോകുന്ന ഒരു ഫെറി അപകടത്തിൽപ്പെടുമെന്നും, അടുത്ത രണ്ട് മാസത്തിനുള്ളിൽ മറ്റൊരു വിമാനാപകടം ഉണ്ടാകാമെന്നും, വരാനിരിക്കുന്ന മാർച്ച്, ഓഗസ്റ്റ് അല്ലെങ്കിൽ നവംബർ മാസങ്ങളിൽ വൻ ട്രെയിൻ അപകടം സംഭവിക്കാമെന്നുമാണ് ജ്യോതിഷിയുടെ മുന്നറിയിപ്പുകൾ.

ഈ പ്രവചനങ്ങൾ ആശങ്ക ഉയർത്തുന്നവയാണെങ്കിലും, ശാസ്ത്രീയ അടിസ്ഥാനമില്ലാത്ത ഇത്തരം അവകാശവാദങ്ങളെ എത്രമാത്രം വിശ്വസിക്കാമെന്ന ചോദ്യമാണ് വീണ്ടും സമൂഹത്തിൽ ഉയരുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img