03:44pm 02 May 2026
NEWS
ജ്യോത്സന്റെ പ്രവചനം യുവതി ജീവനൊടുക്കി
02/03/2026  01:51 PM IST
വിഷ്ണുമംഗലം കുമാർ
ജ്യോത്സന്റെ പ്രവചനം: യുവതി ജീവനൊടുക്കി

ടക്കൻ ബംഗളുരുവിന് ബഗൽഗുണ്ടെയ്ക്ക് സമീപം എൻ ഇ എൽ ലേ ഔട്ടിലാണ് വിദ്യാജ്യോതി താമസിച്ചിരുന്നത്. ഉമേഷ്‌- കവിത ദമ്പതികളുടെ രണ്ടാമത്തെ മകൾ. എം ബി എ പാസ്സായ വിദ്യാജ്യോതിയ്ക്ക് ഒരു വൻകിട സ്വകാര്യ സ്ഥാപനത്തിൽ ജോലികിട്ടി. വർക്ക് ഫ്രം ഹോം സംവിധാനപ്രകാരം വീട്ടിലിരുന്നാണ് ജോലി ചെയ്തിരുന്നത്. കോളജ് പഠന കാലം മുതൽ വിദ്യാജ്യോതിയ്ക്ക് കുടക് സ്വദേശിയായ ഒരു യുവാവുമായി പ്രണയമുണ്ടായിരുന്നു. വ്യത്യസ്ത സമുദായമായിരുന്നതിനാൽ ഇരുവരുടെയും കുടുംബങ്ങൾ ആ ബന്ധത്തിന് എതിരായിരുന്നു. എന്നാൽ കമിതാക്കളുടെ ദൃഢനിശ്ചയം കണ്ടപ്പോൾ രണ്ടു കുടുംബങ്ങളും വിവാഹത്തിന് സമ്മതം മൂളി. വിദ്യാജ്യോതിയുടെ മാതാപിതാക്കൾ സന്ദർശിച്ച ജ്യോതിഷി ഞെട്ടിപ്പിക്കുന്ന ഒരു കാര്യം വെളിപ്പെടുത്തി. യുവാവിന് ആയുസ് കുറവാണ്, വിവാഹിതരായി അധികം താമസിയാതെ വിദ്യാജ്യോതി വിധവയാകും എന്നായിരുന്നു ജ്യോതിഷിയുടെ പ്രവചനം. എന്നാൽ അതിന് പരിഹാരമായി ഒമ്പത് ദിവസത്തെ വൃതനിഷ്ഠകളും പൂജകളും ജ്യോതിഷി തന്നെ നിർദ്ദേശിച്ചു. എട്ടുദിവസത്തെ വൃതനിഷ്ഠകളും പൂജകളും മുടക്കം കൂടാതെ നടന്നു. ഒമ്പതാം ദിവസം പൂജകൾക്ക് ശേഷം ജ്യോൽസ്യൻ നൽകിയ വസ്തു മാരമ്മ ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി ദേവിയ്ക്ക് സമർപ്പിക്കേണ്ടിയിരുന്നു. വീട്ടിൽ പൂജകൾ നടന്നു. ഉച്ചഭക്ഷണം കഴിഞ്ഞ് സ്വന്തം മുറിയിലേക്ക് പോയ വിദ്യാജ്യോതി നേരം വൈകുന്നേരമായിട്ടും പുറത്തേക്ക് വന്നില്ല. അമ്മ കവിത പലതവണ വാതിലിൽ മുട്ടിവിളിച്ചിട്ടും പ്രയോജനമുണ്ടായില്ല. പിന്നീട് പിതാവും മറ്റുചിലരുമെത്തി വാതിൽ ചവിട്ടിപ്പൊളിച്ചപ്പോൾ വിദ്യാജ്യോതി ഫാനിൽ തൂങ്ങിനിൽക്കുന്നതാണ് കണ്ടത്. ജീവൻ നഷ്ടപ്പെട്ടിരുന്നു. പ്രണയത്തിന്റെ തീവ്രതയും ജ്യോതിഷിയുടെ പ്രവചനവും ആശയക്കുഴപ്പം സൃഷ്‌ടിച്ച സാഹചര്യത്തിൽ സ്വന്തം ജീവിതം പരീക്ഷണത്തിന് വിധേയമാക്കാതെ വിദ്യാജ്യോതി ജീവനൊടുക്കുകയായിരുന്നുവെന്ന് കരുതപ്പെടുന്നു. അവളുടെ മാതാപിതാക്കളുടെ സമ്മർദ്ദം മൂലം ജ്യോതിഷി അങ്ങനെയൊരു പ്രവചനം നടത്തിയതാണോ എന്ന സംശയവും നിലനിൽക്കുന്നുണ്ട്. ബഗൽഗുണ്ടെ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നു. ആത്മഹത്യാ കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ല.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img