അമ്മയെ കെട്ടിച്ചുവിടാന്‍ മകള്‍
പെടുന്ന പെടാപ്പാട് ഹിറ്റാകുന്നു

സസ്യാഹാരിയും മദ്യപിക്കുന്ന ശീലമില്ലാത്തയാളും നല്ല നിലയിലുള്ളതുമായ അമ്പതുവയസ്സിന് മേല്‍ പ്രായമുള്ള പുരുഷന്‍മാരില്‍ നിന്നാണ് ആസ്ത വിവാഹാലോചനകള്‍ ക്ഷണിച്ചിരിക്കുന്നത്
അപ്പന്റെ കല്യാണത്തിന് പായസം വിളമ്പിയവന്‍ എന്നൊരു നാടന്‍പ്രയോഗമുണ്ട്. കുരുത്തംകെട്ട പിള്ളാരെ പരിഹസിക്കാന്‍ കാരണവന്‍മാര്‍ പ്രയോഗിക്കുന്ന ഡയലോഗാണത്.
എന്നാല്‍ അമ്മയുടെ കല്യാണത്തിന് അച്ചാറ് വിളമ്പിയവള്‍ എന്നൊരുപ്രയോഗം ഭാവിയില്‍ വരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അങ്ങിനെ സംഭവിച്ചാല്‍ ആസ്ത വര്‍മ്മയെന്ന നിയമവിദ്യാര്‍ത്ഥിക്കായിരിക്കും അതിന്റെ ഫുള്‍ ക്രെഡിറ്റും. സംഗതി എന്താന്നല്ലേ. തന്റെ അമ്മയ്ക്ക് വരന്‍മാരെ തേടി ആസ്ത നല്‍കിയ പരസ്യമാണ് അവരെ ശ്രദ്ധേയയാക്കുന്നത്. വധൂവരന്മാരെ തേടിയുള്ള പരസ്യങ്ങള്‍ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. വരന് വേണ്ടിയോ വധുവിന് വേണ്ടിയോ നിരത്തുന്ന യോഗ്യതകളുടെ പേരിലാവും പലപ്പോഴും വിവാഹ ആലോചനകള്‍ക്കായുള്ള പരസ്യങ്ങള്‍ വൈറലാവുക. എന്നാല്‍ അവയില്‍ നിന്നെല്ലാം വ്യത്യസ്തമാണ് ആസ്ത വര്‍മ്മ തന്റെ ട്വിറ്ററില്‍ കുറിച്ച വിവാഹപരസ്യം. തനിക്ക് വേണ്ടിയല്ല ആസ്തയുടെ വിവാഹ പരസ്യം എന്നതാണ് ശ്രദ്ധേയം. അമ്മയ്ക്ക് അനുയോജ്യനായ വരനെ തേടിയാണ് ആസ്ത പരസ്യം നല്‍കിയത്. അമ്മയ്‌ക്കൊപ്പമുള്ള സെല്‍ഫി ചിത്രത്തോടൊപ്പമാണ് ട്വിറ്ററില്‍ ആസ്ത വിവാഹാലോചനകള്‍ ക്ഷണിച്ചത്. സസ്യാഹാരിയും മദ്യപിക്കുന്ന ശീലമില്ലാത്തയാളും നല്ല നിലയിലുള്ളതുമായ അമ്പതുവയസ്സിന് മേല്‍ പ്രായമുള്ള പുരുഷന്‍മാരില്‍ നിന്നാണ് ആസ്ത വിവാഹാലോചനകള്‍ ക്ഷണിച്ചിരിക്കുന്നത്. വരനെ തേടുന്നു എന്ന ഹാഷ് ടാഗോടെയാണ് ആസ്തയുടെ ട്വീറ്റ്. ഒക്ടോബര്‍ 31 ന് ആസ്ത ചെയ്ത ട്വീറ്റ് വൈറലായി. ആസ്തയുടെ മനസിനെ അഭിനന്ദിച്ചുള്ള പ്രതികരണങ്ങളാണ് ലഭിക്കുന്നതില്‍ ഏറിയ പങ്കും. മാട്രിമോണിയലുകള്‍ പരീക്ഷിക്കാത്തതെന്താണെന്ന് ആസ്തയോട് നിരവധി പേര്‍ ചോദിക്കുന്നുണ്ട്. അത്തരം ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായി മറുപടി നല്‍കുന്നുണ്ട് ആസ്ത. പല രീതിയില്‍ നോക്കിയിട്ടും നടക്കാതെ വന്നതോടെയാണ് സമൂഹമാധ്യമങ്ങളുടെ സഹായം തേടിയതെന്നാണ് ആസ്ത വിശദമാക്കുന്നത്. ഏതായാലും അമ്മയെ കെട്ടിച്ചുവിട്ടിട്ടേ വിശ്രമിക്കൂവെന്ന മട്ടിലാണ് ഈ പെണ്‍കുട്ടി.
Photo Courtesy - Google











