07:52pm 20 August 2026
NEWS
തൂഫാനോണം ലഹരിവിരുദ്ധ ക്യാംപയിനുമായി ആസ്റ്റർ മെഡ്സിറ്റി.കേരള പോലീസുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്
19/08/2026  06:43 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
തൂഫാനോണം ലഹരിവിരുദ്ധ ക്യാംപയിനുമായി  ആസ്റ്റർ മെഡ്സിറ്റി.കേരള പോലീസുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്
HIGHLIGHTS

ആസ്റ്റർ മെഡ്‌സിറ്റിയും കേരള പോലീസും സംയുക്തമായി സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ പ്രചാരണ പരിപാടിയായ 'തൂഫാനോണം', കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എസ്. കാളിരാജ് മഹേഷ് കുമാർ ഐപിഎസ്, എറണാകുളം റേഞ്ച് ഡിഐജി യതീഷ് ചന്ദ്ര ജി എച്ച് ഐപിഎസ് എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ്‌ ചെയ്യുന്നു. ആസ്റ്റർ മെഡ്‌സിറ്റി സിഇഒ ഡോ. നളന്ദ ജയദേവ്, സിഒഒ ഡോ. ഷുഹൈബ് ഖാദർ, സിഎംഎസ് ഡോ. ദിലീപ് പണിക്കർ, മെഡിക്കൽ വാല്യൂ ട്രാവൽ വിഭാഗം മേധാവി അമിത് സിംഗാൾ എന്നിവർ സമീപം.

കൊച്ചി : കൊച്ചി ആസ്റ്റർ മെഡ്സിറ്റി, കേരള പോലീസുമായി ചേർന്ന് മയക്കുമരുന്നിനും ലഹരിവസ്തുക്കളുടെ ഉപയോഗത്തിനുമെതിരെ സംയുക്ത ബോധവൽക്കരണ കാമ്പയിൻ ആരംഭിച്ചു. 'തൂഫാനോണം' എന്ന പേരിലുള്ള ക്യാമ്പയിൻ, മയക്കുമരുന്നിൽ നിന്ന് മുക്തമായിട്ടുള്ള സമൂഹത്തെ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയാണ് വിഭാവനം ചെയ്തിരിക്കുന്നത്. ആരോഗ്യം, ക്രമസമാധാനം തുടങ്ങിയ മേഖലകളെ ഏകോപിപ്പിച്ചാണ് ഈ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്.

ചടങ്ങിൽ സംസാരിച്ച കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എസ് . കാളിരാജ് മഹേഷ് കുമാർ ഐ.പി.എസ്, മയക്കുമരുന്ന് മുക്തമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായുള്ള ആസ്റ്റർ മെഡ്സിറ്റിയുടെ ശ്രമങ്ങളെ പ്രശംസിച്ചു. ലഹരിവസ്തുക്കളുടെ വിതരണം തടയുന്നതിനൊപ്പം, അവയുടെ ആവശ്യകത കുറയ്ക്കേണ്ടതും അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലഹരി ഉപയോഗത്തിന്റെ ദീർഘകാല പ്രത്യാഘാതങ്ങളെക്കുറിച്ച് ജനങ്ങൾ മനസ്സിലാക്കുന്നതോടെ, അതിൽ നിന്ന് അകന്നുനിൽക്കാനുള്ള തീരുമാനത്തിലേക്ക് അവർ സ്വമേധയാ എത്തിച്ചേരും. ഇതിന് നിരന്തരമായ ബോധവൽക്കരണ കാമ്പയിനുകൾ അത്യാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടൊപ്പം, ആശുപത്രികളിൽ ലഹരിവിമുക്തി ചികിത്സയ്ക്കും പുനരധിവാസത്തിനുമായി, പ്രത്യേക സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ടെന്നും, ലഹരിവിരുദ്ധ പോരാട്ടത്തിൽ ഇത് വലിയ പിന്തുണയാകുമെന്നും എസ്. കാളിരാജ് മഹേഷ് കുമാർ ഐ.പി.എസ് പറഞ്ഞു.

ക്യാമ്പയിന്റെ ഭാഗമായി  'തൂഫാൻ വാരിയർ' ബാഡ്ജുകൾ വിതരണം ചെയ്യുകയും, പങ്കെടുത്ത എല്ലാവരും ലഹരിമുക്ത സമൂഹത്തിനായി ഒന്നിച്ചുനിൽക്കുമെന്ന് ഉറപ്പുനൽകിക്കൊണ്ട് 'തൂഫാൻ' ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു.

എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ സഞ്ചരിക്കുന്ന മഹാബലിയും  പ്രചാരണ രഥവുമാണ് ഈ ക്യാമ്പയിന്റെ പ്രധാന ആകർഷണം. സ്‌കൂളുകൾ, കോളേജുകൾ, പൊതുസ്ഥലങ്ങൾ, എന്നിവ കേന്ദ്രീകരിച്ച് കടന്നുപോകുന്ന ഈ രഥയാത്രയിൽ ബോധവൽക്കരണ ലഘുലേഖകളും വിതരണം ചെയ്യും. ജില്ലയിലെ പോലീസ് സ്റ്റേഷനുകളിൽ രഥത്തിന് സ്വീകരണം നൽകുന്നതോടൊപ്പം, യാത്രയിൽ  ആസ്റ്റർ മെഡ്സിറ്റിയിലെ ഡോക്ടർമാരുടെ സേവനവും ലഭ്യമായിരിക്കും. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എസ്. കാളിരാജ് മഹേഷ് കുമാർ ഐ.പി.എസ്, എറണാകുളം റേഞ്ച് ഡി.ഐ.ജി യതീഷ് ചന്ദ്ര ജി.എച്ച് ഐ.പി.എസ്, ചേർന്നാണ് രഥം ആസ്റ്റർ മെഡ്സിറ്റിയിൽ നിന്നും  ഫ്‌ളാഗ് ഓഫ്  ചെയ്തത്.

സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ പോരാട്ടമായ തൂഫാൻ ക്യാമ്പയിനുമായി സഹകരിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് ആസ്റ്റർ മെഡ്സിറ്റി സി.ഇ.ഒ ഡോ. നളന്ദ ജയദേവ് പറഞ്ഞു. ആരോഗ്യമുള്ള ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള ഇത്തരം പ്രവർത്തനങ്ങൾക്ക് തുടർന്നും മുഴുവൻ പിന്തുണയും ആസ്റ്റർ മെഡ്സിറ്റി ലഭ്യമാക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.

ആസ്റ്റർ മെഡ്സിറ്റിയിൽ നടന്ന ചടങ്ങിൽ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എസ്. കാളിരാജ് മഹേഷ് കുമാർ ഐ.പി.എസ്, എറണാകുളം റേഞ്ച് ഡി.ഐ.ജി യതീഷ് ചന്ദ്ര ജി.എച്ച് ഐ.പി.എസ്, ആസ്റ്റർ മെഡ്സിറ്റി സി.ഇ.ഒ ഡോ. നളന്ദ ജയദേവ്, സി.ഒ.ഒ ഡോ. ഷുഹൈബ് ഖാദർ, സി.എം.എസ് ഡോ. ദിലീപ് പണിക്കർ, മെഡിക്കൽ വാല്യൂ ട്രാവൽ പ്രതിനിധി അമിത് സിംഗാൾ എന്നിവർ ലഹരി വിരുദ്ധ സന്ദേശം കൈമാറി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.