
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ദീർഘനാളത്തെ ആവശ്യത്തിന് പരിഹാരമായി, നിലവിലെ ദേശീയ പെൻഷൻ സംവിധാനത്തിന് (NPS) പകരമായി ‘അഷ്യൂർഡ് പെൻഷൻ സ്കീം’ നടപ്പാക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടു. 2026 ഫെബ്രുവരി 28-ന് ധനകാര്യ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം (GO(P)No33-2026-Fin), പുതിയ പദ്ധതി 2026 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും.
പദ്ധതിയുടെ പ്രധാന സവിശേഷതകൾ:
തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം: 2026 ഏപ്രിൽ 1 മുതൽ സർവീസിൽ പ്രവേശിക്കുന്നവർക്ക് നിലവിലെ NPS അല്ലെങ്കിൽ പുതിയ അഷ്യൂർഡ് പെൻഷൻ സ്കീം എന്നിവയിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാം.
നിലവിലുള്ളവർക്കും അവസരം: നിലവിൽ NPS പരിധിയിൽ വരുന്ന ജീവനക്കാർക്കും പുതിയ അഷ്യൂർഡ് പെൻഷൻ പദ്ധതിയിലേക്ക് മാറാനുള്ള (Option) അവസരം ഉണ്ടായിരിക്കും.
ഉറപ്പുള്ള പെൻഷൻ തുക: വിരമിക്കുന്ന സമയത്തെ അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം വരെ പെൻഷനായി ഉറപ്പാക്കുന്നു.
പരിധി: പെൻഷൻ തുക സംസ്ഥാന സർക്കാരിലെ ഉയർന്ന ശമ്പള സ്കെയിലിന്റെ പരമാവധി തുകയുടെ 50 ശതമാനത്തിൽ അധികമാകാൻ പാടില്ല.
സേവന കാലാവധി: പൂർണ്ണമായ പെൻഷൻ ആനുകൂല്യങ്ങൾക്ക് 30 വർഷം യോഗ്യമായ സേവനം പൂർത്തിയാക്കിയിരിക്കണം.
ക്ഷാമാശ്വാസം (DR): ഉറപ്പുള്ള പെൻഷനോടൊപ്പം വിലക്കയറ്റത്തിന് ആനുപാതികമായ ക്ഷാമാശ്വാസവും (Dearness Relief) അനുവദിക്കുന്നതാണ്.
പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും അടങ്ങിയ ഉത്തരവുകൾ വരും ദിവസങ്ങളിൽ ധനകാര്യ വകുപ്പ് പ്രത്യേകം പുറപ്പെടുവിക്കുന്നതാണ്.











