07:06am 07 August 2026
NEWS
മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് നടപ്പാക്കി വനാവകാശ നിയമപ്രകാരം ലഭിച്ച ഭൂമിയിൽ വീടുവയ്ക്കാൻ സഹായം നൽകണം
06/08/2026  06:23 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ് നടപ്പാക്കി  വനാവകാശ നിയമപ്രകാരം ലഭിച്ച ഭൂമിയിൽ വീടുവയ്ക്കാൻ സഹായം നൽകണം

പത്തനംതിട്ട : പട്ടികവർഗ വിഭാഗങ്ങൾക്ക് വനാവകാശ നിയമപ്രകാരം ലഭിക്കുന്ന ഭൂമിയിൽ വീട് നിർമ്മിക്കാൻ ലൈഫ് പോലുള്ള സർക്കാർ ഭവനനിർമ്മാണ പദ്ധതികളിൽ നിന്നും സഹായം നൽകാനാവില്ലെന്ന നിലപാട് അംഗീകരിക്കാനാവില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.  ലൈഫ് ഭവനപദ്ധതിയിൽ നിന്നും ഇവരെ ഒഴിവാക്കരുതെന്നും ഉത്തരവിൽ ആവശ്യപ്പെട്ടു. ഭൂമി അനുവദിച്ചത് വനം വകുപ്പായതു കൊണ്ട് സഹായം നൽകില്ലെന്ന് പറയാനാവില്ലെന്നും ഉത്തരവിൽ പറഞ്ഞു.

ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 0.4040 ഹെക്ടർ സ്ഥലം വനാവകാശ നിയമ പ്രകാരം വനംവകുപ്പിൽ നിന്നും ലഭിച്ച പട്ടികവർഗക്കാരിക്ക് ഭവനനിർമ്മാണ ധനസഹായം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക തടസം അവസാനിപ്പിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.  വനാവകാശ നിയമപ്രകാരം പട്ടയം ലഭിക്കുന്ന പട്ടികവർഗ ക്കാർക്ക് ലൈഫ് മിഷനിൽ നിന്നും ധനസഹായം നൽകാൻ കഴിയുമോ എന്നാണ് ളാഹ-പെരിനാട് പഞ്ചായത്തിന്റെ സംശയം.

പഞ്ചായത്ത് ഡയറക്ടർ, പത്തനംതിട്ട ജില്ലാ പഞ്ചായത്ത്, റാന്നി - പെരിനാട് ഗ്രാമപഞ്ചായത്ത് അധികൃതരുമായി ബന്ധപ്പെട്ട് ഭവനനിർമ്മാണ സഹായം ഉറപ്പാക്കാൻ ജില്ലാ കളക്ടർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.  

കാടിന് നടുക്ക് വലിച്ചു കെട്ടിയ ടാർപോളിൻ ഷീറ്റിന് കീഴിൽ 8 പെൺമക്കളോടൊത്ത് നിസാ ഹായമായി ജീവിക്കുന്ന മീനയുടെ ദുരിതത്തെക്കുറിച്ചുള്ള പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.

ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ നിർദ്ദേശാനുസരണം 5 പെൺകുട്ടികളെ ചിറ്റാർ ഗവ. ട്രൈബൽ ട്രൈബൽ ഹോസ്റ്റലിൽ നിർത്തി പഠിപ്പിക്കുന്നതായി പത്തനംതിട്ട ജില്ലാ കളക്ടർക്ക് വേണ്ടി തിരുവല്ല സബ്ഡിവിഷനൽ മജിസ്ട്രേറ്റ് കമ്മീഷൻ സിറ്റിംഗിൽ ഹാജരായി റിപ്പോർട്ട് സമർപ്പിച്ചു.  ബാക്കിയുള്ള 3 മക്കളെ അട്ടത്തോട് ട്രൈബൽ എൽ.പി.എസിൽ തുടർന്നും പഠിപ്പിക്കും. ഇത് അമ്മയുടെ നിർദ്ദേശപ്രകാരമാണ്. കുട്ടികൾക്ക് ഭക്ഷണം, യൂണിഫോം, പഠനസാമഗ്രികൾ എന്നിവ വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനത്തിലൂടെ ഉറപ്പാക്കിയതായി റിപ്പോർട്ടിൽ പറഞ്ഞു.  ഭവനനിർമ്മാണ സഹായം ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ച് ജില്ലാ കളക്ടർ 6 ആഴ്ചക്കകം അഡീഷണൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ നിർദ്ദേശിച്ചു. സെപ്റ്റംബർ 10  ന് തിരുവല്ല പി.ഡബ്ല്യു.ഡി റസ്റ്റ്ഹൌസിൽ നടക്കുന്ന സിറ്റിംഗിൽ തിരുവല്ല സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ഹാജരായി സ്വീകരിച്ച നടപടികൾ അറിയിക്കണം.. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Pathanamthitta
img