
അസറ്റ് ഹോംസ് സംഘടിപ്പിച്ച 34-3മത് ബിയോണ്ട സ്‌ക്വയര്‍ ഫീറ്റ് പ്രഭാഷണത്തില്‍ രാംമോഹന്‍ പാലിയത്ത് സംസാരിക്കുന്നു.
കൊല്ലം: പുരയിടക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിലൂടെ കാലാവസ്ഥാമാറ്റത്തെ ചെറുക്കാന്‍ കേരളത്തിന് ലോകത്തിനു തന്നെ മാതൃകയാകാമെന്നും ഹോംസ്‌റ്റെഡ് ഫാമിംഗ് എന്ന് ഇംഗ്ലീഷില്‍ അറിയപ്പെടുന്ന പുരയിടക്കൃഷി കേരളത്തിലെ മലയോരമേഖലയില്‍ പണ്ടേ നടപ്പുള്ളതാണെന്നും എഴുത്തുകാരനും കോളമിസ്റ്റുമായ രാംമോഹന്‍ പാലിയത്ത്. ജല, പാര്‍പ്പിട, പരിസ്ഥിതി ദിനങ്ങളില്‍ അസറ്റ് ഹോംസ് സംഘടിപ്പിച്ചു വരുന്ന ബിയോണ്ട് സ്‌ക്വയര്‍ ഫീറ്റ് പ്രഭാഷണ പരമ്പരയുടെ 34-ാമത് പതിപ്പില്‍ കൊല്ലം രാമവര്‍മ ക്ലബില്‍ പരിസ്ഥിതിദിന പ്രഭാഷണം നടത്തുകയായിരുന്നു രാംമോഹന്‍. 'കാലാവസ്ഥാമാറ്റം പ്രമേയമായ ഈ വര്‍ഷത്തെ പരിസ്ഥിതി ദിനാചരണത്തില്‍ പുരയിടക്കൃഷിയുടെ പ്രാധാന്യം നമ്മള്‍ തിരിച്ചറിയണം. പ്രധാനമായും രണ്ടു രീതിയില്‍, വന്‍തോതില്‍ത്തന്നെ പുരയിടക്കൃഷി കാലാവസ്ഥാമാറ്റത്തെ ചെറുക്കുമെന്ന് കാലാവസ്ഥാ വിദഗ്ധരും ശാസ്ത്രജ്ഞന്മാരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒന്നാമതായി, ഭക്ഷ്യവസ്തുക്കളുടെ പ്രാദേശിക ഉല്‍പ്പാദനത്തിലൂടെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍, ഇന്ധനം, റഫ്രിജറേഷന്‍, പാക്കേജിംഗ് എന്നിവയില്‍ ഗണ്യമായ കുറവു വരുത്താം. രണ്ടാമതായി, ഏകവിള കൃഷികളെ അപേക്ഷിച്ച് ഫലവൃക്ഷങ്ങളും പച്ചക്കറികളും ഉള്‍പ്പെടുന്ന വൈവിധ്യമാര്‍ന്ന പുരയിടക്കൃഷിയിടങ്ങള്‍ക്ക് കാര്‍ബണ്‍ ആഗിരണത്തിലും വലിയ പങ്കു വഹിക്കാനാവും. കീടനാശിനികള്‍ തുടങ്ങിയവയുടെ ഉപയോഗവും പുരയിടക്കൃഷിയില്‍ കുറവായിരിക്കും. ഇങ്ങനെ കീടനാശിനികളുടെ സാന്നിധ്യം കുറവുള്ള ഭക്ഷ്യവിഭവങ്ങള്‍ പ്രാദേശികമായി ലഭ്യമാക്കുന്ന കര്‍ഷകര്‍ക്ക് അവയുടെ വിലയ്ക്കുപരി അവര്‍ നല്‍കുന്ന പരിസ്ഥിതി സേവനങ്ങള്‍ക്കും ഭൂവിന്യാസ (ടോപോഗ്രഫിക്കല്‍) സേവനങ്ങള്‍ക്കും സര്‍ക്കാരും കോര്‍പ്പറേറ്റുകളും ചേര്‍ന്ന് അധിക പ്രതിഫലം നല്‍കണമെന്നും രാംമോഹന്‍ പാലിയത്ത് ആവശ്യപ്പെട്ടു.
അസറ്റ് ഹോംസ് തൃപ്പൂണിത്തുറയില്‍ ഈയിടെ നിര്‍മാണമാരംഭിച്ച 125-ാമത് പദ്ധതിയായ അസറ്റ് എറൗണ്ട് ദി ട്രീയ്ക്കു ചുറ്റും 60ഓളം വൃക്ഷങ്ങള്‍ നട്ടുവളര്‍ത്തുന്നുണ്ടെന്ന് ചടങ്ങില്‍ സംസാരിച്ച അസറ്റ് ഹോംസ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ സുനില്‍ കുമാര്‍ വി. ചുണ്ടിക്കാണിച്ചു. അസറ്റിന്റെ പല പാര്‍പ്പിട പദ്ധതികളിലേയും പൊതുഊര്‍ജ ആവശ്യങ്ങള്‍ ലഭ്യമാക്കുന്നത് സോളാര്‍ വൈദ്യുതിയിലൂടെയാണ്. ഒട്ടേറെ പദ്ധതികളില്‍ വെള്ളം റീസൈക്ക്ള്‍ ചെയ്ത് ഗാര്‍ഡനിംഗിലും മറ്റും ഉപയോഗിക്കുന്നു. എയര്‍ കണ്ടീഷനിംഗ് ചെലവ് ഗണ്യമായി കുറയ്ക്കുന്ന ക്ലാഡിംഗ് ടൈലുകള്‍ ഉപയോഗിച്ചുള്ള ബാഹ്യാവരണങ്ങളിലൂടെയും ഊര്‍ജ ഉപയോഗം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും സുനില്‍ കുമാര്‍ പറഞ്ഞു.
Photo Courtesy - Google











