
സാനു മാഷുടെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ അനുശോചിച്ചു സാനുമാഷിന് ആദരാഞ്ജലികൾ
പുരോഗമനസാഹിത്യ സംഘം പ്രസിഡൻ്റായും നിയമസഭാംഗമായും എല്ലാം എന്നും ഇടതുപക്ഷത്തോടൊപ്പം നിന്ന വ്യക്തിയാണ് എം.കെ. സാനു.
അദ്ദേഹം എഴുതിയ ജീവചരിത്രങ്ങളിലൂടെയാണ് ചങ്ങമ്പുഴയേയും വൈക്കം മുഹമ്മദ് ബഷീറിനെയും കുറിച്ചെല്ലാം സമഗ്രമായ ചിത്രം മലയാളികൾക്ക് ലഭിക്കുന്നത്.
ജീവചരിത്രകാരൻ എന്ന നിലയിലും സാഹിത്യവിമർശകൻ, പ്രാസംഗികൻ തുടങ്ങിയ നിലയിലും വേറിട്ട വഴിയൊരുക്കാൻ അദ്ദേഹത്തിന് സാധിച്ചു.
ഒരദ്ധ്യാപകൻ്റെ സൗമ്യതയും വ്യക്തതയും ശക്തിയും അദ്ദേഹത്തിൻ്റെ ഭാഷയ്ക്ക് ഉണ്ടായിരുന്നു.
അവസാനനാളുകൾ വരേയ്ക്കും കർമ്മനിരതമായ ജീവിതത്തിലൂടെ അദ്ദേഹം എല്ലാവർക്കും മാതൃകയായി.
അദ്ദേഹത്തിൻ്റെ വിയോഗം മലയാള ഭാഷയ്ക്കും സാഹിത്യത്തിനും മാത്രമല്ല, ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനത്തിനും കേരള സമൂഹത്തിനാകെ തന്നെയും നികത്താനാവാത്ത നഷ്ടമാണ്.
കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു.
Photo Courtesy - Google











