
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തിന് ഇന്ന് തുടക്കം. വയനാട് ദുരന്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് ഇന്ന് പിരിയുന്ന സഭ പിന്നീട് ഈ മാസം ഏഴിനാണ് സമ്മേളനം പുനരാരംഭിക്കുക. തൃശ്ശൂർ പൂരം കലക്കൽ, എഡിജിപി - ആർ.എസ്.എസ് കൂടിക്കാഴ്ച, മുഖ്യമന്ത്രിയുടെ പി.ആർ ഏജൻസി വിവാദം, ഇടത് സ്വതന്ത്ര എംഎൽഎ ആയിരുന്ന പി വി അൻവറിന്റെ വെളിപ്പെടുത്തലുകളും നിലപാട് മാറ്റവും തുടങ്ങി സിപിഎമ്മിനും സർക്കാരിനുമെതിരെ ശക്തമായ ആയുധങ്ങളുമായാണ് പ്രതിപക്ഷം ഇക്കുറി നിയമസഭയിൽ എത്തുന്നത്.
വയനാട് ദുരന്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് ഇന്ന് സമ്മേളനം പിരിയും. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കക്ഷി നേതാക്കളും സഭയിൽ സംസാരിക്കും. വയനാട് ദുരിത ബാധിതരെ സഹായിക്കാൻ ആവശ്യപ്പെട്ട തുക നൽകാത്തതിൽ കേന്ദ്രത്തിനെതിരായ വിമർശനം ഭരണപക്ഷം ഉയർത്തും. വിഷയത്തിൽ പ്രതിപക്ഷവും നിലപാട് അറിയിക്കും. അതേസമയം, കണക്കുകളിലെ പ്രശ്നങ്ങൾ പ്രതിപക്ഷം ഉയർത്തും.
തിങ്കളാഴ്ച്ച സഭ സമ്മേളനം തുടരുമ്പോൾ സർക്കാറിനെതിരെ നിയമസഭയിൽ ആഞ്ഞടിക്കാനാണ് പ്രതിപക്ഷ തീരുമാനം. ഇടത് സ്വതന്ത്രൻ അൻവറിൻറെ സീറ്റ് മാറ്റം കൊണ്ടും ഈ സമ്മേളനം ശ്രദ്ധേയമാകും. എൽഡിഎഫ് മുന്നണി വിട്ട അൻവർ പ്രതിപക്ഷ നിരയിൽ പ്രത്യേക ബ്ലോക്കായിട്ടായിരിക്കും ഇരിക്കുക.