
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ മന്ത്രിയാക്കാമെന്ന ധാരണയിലാണ് താൻ കെപിസിസി അധ്യക്ഷ പദവി ഒഴിഞ്ഞതെന്ന് കെ സുധാകരൻ. പാർട്ടിയിലും അർഹമായ പദവി ഹൈക്കമാൻഡ് ഉറപ്പു നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പാർട്ടിയും സംസ്ഥാന സർക്കാരിലും നിർണായക പദവികൾ തനിക്ക് ഹൈക്കമാൻഡ് ഉറപ്പു നൽകിയിട്ടുണ്ടെന്ന് കെ സുധാകരൻ വെളിപ്പെടുത്തിയത്.
കെ സി വേണുഗോപാലാണ് തന്നോട് കെപിസിസി പ്രസിഡന്റ് പദവി ഒഴിയാൻ ആവശ്യപ്പെട്ടതെന്നാണ് കെ സുധാകരൻ വെളിപ്പെടുത്തിയത്. മറ്റു പല സ്ഥാനങ്ങളും നൽകാമെന്നും പ്രത്യേക ഇളവ് നൽകി നിയമസഭയിലേക്ക് മത്സരിക്കാൻ അവസരം നൽകുമെന്നും യുഡിഎഫ് അധികാരത്തിലെത്തിയാൽ സർക്കാരിന്റെ ഭാഗമാക്കാമെന്നും കെ സി വേണുഗോപാൽ പറഞ്ഞെന്നും കെ സുധാകരൻ അഭിമുഖത്തിൽ വ്യക്തമാക്കി. ബെൽഗാവി സമ്മേളനത്തിനു ശേഷം ആറു സംസ്ഥാനങ്ങളിലെ പാർട്ടി അധ്യക്ഷന്മാർ മാറിയ സാഹചര്യത്തിലാണ് കേരളത്തിലും നേതൃമാറ്റത്തിന് ഹൈക്കമാൻഡ് നിർദ്ദേശിച്ചതെന്നാണ് കെ സുധാകരന്റെ വെളിപ്പെടുത്തൽ.











