
15 വയസ്സുകാരിയെ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കി കൊലപ്പെടുത്തി. അസം ഹൈലാകണ്ടി ജില്ലയിൽ ശനിയാഴ്ച്ചയാണ് സംഭവം. ബന്ധുവീട്ടിലെ ചടങ്ങിൽ നിന്ന് മടങ്ങിയെത്തിയ കുടുംബാംഗങ്ങളാണ് സ്വന്തം വീട്ടിനുള്ളിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുഖത്ത് ഗുരുതരമായി പരിക്കേറ്റതിനാൽ തിരിച്ചറിയാൻ പ്രയാസമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കൊലപാതകത്തിന് മുമ്പ് പെൺകുട്ടി ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയായതായി വ്യക്തമായതായി പൊലീസ് അറിയിച്ചു. സ്വകാര്യഭാഗത്ത് വടി കുത്തിക്കയറ്റിയതായും അന്വേഷണസംഘം സ്ഥിരീകരിച്ചു.
ബന്ധുവീട്ടിൽ നടന്ന ചടങ്ങിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് പെൺകുട്ടി കുടുംബാംഗങ്ങൾക്ക് മുമ്പേ വീട്ടിലേക്ക് മടങ്ങിയിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. തുടർന്ന് വീട്ടിൽവച്ചാണ് ആക്രമണവും കൊലപാതകവും നടന്നതെന്നാണ് അന്വേഷണത്തിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ സംസ്ഥാനത്താകെ പ്രതിഷേധം ശക്തമായി. പ്രതികൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് പ്രതിഷേധക്കാർ അസമിനെയും മിസോറാമിനെയും ബന്ധിപ്പിക്കുന്ന ദേശീയപാത 6 ഉപരോധിച്ചു. മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.
അതേസമയം, കേസിൽ അന്വേഷണം ഊർജിതമാക്കിയ അസം പൊലീസ് പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ അഞ്ച് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.










