06:14pm 03 May 2026
NEWS
അസം കോൺഗ്രസിൽ രാജി നാടകത്തിന് അപ്രതീക്ഷിത വഴിത്തിരിവ്
16/02/2026  05:54 PM IST
nila
അസം കോൺഗ്രസിൽ രാജി നാടകത്തിന് അപ്രതീക്ഷിത വഴിത്തിരിവ്

ഗുവാഹാട്ടി: അസം കോൺഗ്രസിൽ രാജി നാടകത്തിന് അപ്രതീക്ഷിത വഴിത്തിരിവ്. തിങ്കളാഴ്ച പാർട്ടിയിൽ നിന്ന് രാജിവെച്ച മുൻ സംസ്ഥാന അധ്യക്ഷനും മുതിർന്ന നേതാവുമായ ഭൂപൻ ബോറ മണിക്കൂറുകൾക്കുള്ളിൽ തന്നെ രാജി പിൻവലിച്ചു. മുതിർന്ന കോൺഗ്രസ് നേതാക്കൾ വീട്ടിലെത്തി നടത്തിയ ചർച്ചകൾക്കൊടുവിലാണ് തീരുമാനം.

ഭൂപൻ ബോറയുടെ രാജി കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ സ്വീകരിച്ചില്ലെന്ന്, അസം കോൺഗ്രസിന്റെ ചുമതല വഹിക്കുന്ന ഭാൻവർ ജിതേന്ദ്ര സിങ് മാധ്യമങ്ങളോട് പറഞ്ഞു. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ ഭൂപൻ ബോറയുമായി വിശദമായ ചർച്ച നടത്തിയതായും അദ്ദേഹം വ്യക്തമാക്കി.

“ചർച്ചകളിലൂടെ എല്ലാ വിഷയങ്ങളും പരിഹരിച്ചു. കഴിഞ്ഞ 30 വർഷമായി കോൺഗ്രസിനൊപ്പം നിൽക്കുന്ന നേതാവാണ് ഭൂപൻ ബോറ. രാജി പിൻവലിച്ചതിന് അദ്ദേഹത്തോട് നന്ദിയുണ്ട്. ചില ഘട്ടങ്ങളിൽ പാർട്ടിക്കുള്ളിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്,” ഭാൻവർ ജിതേന്ദ്ര സിങ് പറഞ്ഞു.

ഭൂപൻ ബോറ രാജി പ്രഖ്യാപിച്ചതിന് പിന്നാലെ അസം കോൺഗ്രസ് അധ്യക്ഷനും എംപിയുമായ ഗൗരവ് ഗൊഗോയ് അദ്ദേഹത്തിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മറ്റ് മുതിർന്ന നേതാക്കളും ഭൂപൻ ബോറയെ സന്ദർശിച്ച് അനുനയ ശ്രമങ്ങൾ നടത്തിയത്. 2021 മുതൽ നാല് വർഷക്കാലം അസം കോൺഗ്രസ് അധ്യക്ഷനായി പ്രവർത്തിച്ച ഭൂപൻ ബോറ, രണ്ട് തവണ നിയമസഭാംഗമായിട്ടുണ്ട്. കഴിഞ്ഞ വർഷമാണ് അദ്ദേഹത്തിന് പകരം ഗൗരവ് ഗൊഗോയിയെ പാർട്ടി സംസ്ഥാന അധ്യക്ഷനായി നിയമിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img