
ദിസ്പുർ: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അസമിൽ കോൺഗ്രസിന് വൻ തിരിച്ചടിയായി പാർട്ടിയുടെ മുൻ സംസ്ഥാന അധ്യക്ഷൻ ഭൂപൻ ബോറ രാജിവെച്ചു. തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെയാണ് രാജിക്കത്ത് കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തിന് കൈമാറിയതെന്ന് ബോറ സ്ഥിരീകരിച്ചു. കഴിഞ്ഞ വർഷം ജൂണിൽ ഗൗരവ് ഗൊഗോയി സംസ്ഥാന അധ്യക്ഷ ചുമതല ഏറ്റെടുക്കുന്നതുവരെ അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റിയെ നയിച്ചിരുന്നത് ഭൂപൻ ബോറയായിരുന്നു. ഭൂപൻ ബോറ ബിജെപിയിൽ ചേരുമോ എന്നത് സംബന്ധിച്ച ചർച്ചകളും രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവമാണ്.
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുന്നണി ചർച്ചകളുടെ ചുമതല കോൺഗ്രസ് അടുത്തിടെ ബോറയ്ക്ക് നൽകിയിരുന്നു. പാർട്ടിക്കുള്ളിൽ ‘ആത്മാഭിമാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ’ നിലനിൽക്കുന്നുണ്ടെന്നും, പ്രവർത്തന ശൈലിയെക്കുറിച്ചുള്ള തന്റെ ആശങ്കകൾ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ബോറ പറഞ്ഞു. 1994 മുതൽ കോൺഗ്രസ് പാർട്ടിയിൽ സജീവമായ അദ്ദേഹം 2006 മുതൽ 2016 വരെ ബിഹ്പുരിയ മണ്ഡലത്തിൽ നിന്ന് രണ്ട് തവണ എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടി നേരിട്ടതിനു പിന്നാലെയാണ് ബോറയെ സംസ്ഥാന അധ്യക്ഷനായി നിയോഗിച്ചത്.
ഗൗരവ് ഗൊഗോയി നയിച്ച മജുലിയിലെ കോൺഗ്രസ് റാലിയുമായി ബന്ധപ്പെട്ട അസ്വസ്ഥതകളാണ് രാജിക്ക് പിന്നിലെന്നാണ് രാഷ്ട്രീയ വൃത്തങ്ങളിലെ സൂചന. അതേസമയം, രാഷ്ട്രീയം വിടില്ലെന്ന് വ്യക്തമാക്കിയ ബോറ, അടുത്ത നീക്കം എന്താകുമെന്ന കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല. സിപിഎം ഉൾപ്പെടെയുള്ള പാർട്ടികൾ തന്നെ ബന്ധപ്പെട്ടിട്ടുണ്ടെന്നും രാജിക്ക് പിന്നാലെ അദ്ദേഹം പ്രതികരിച്ചു.
ഇതിനിടെ ബോറയെ പാർട്ടിയിലേക്കെത്തിക്കാൻ ബിജെപി ശ്രമം ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ, ബോറയെ ‘അസം കോൺഗ്രസിലെ അവസാനത്തെ ഹിന്ദു നേതാവ്’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് ചൊവ്വാഴ്ച വൈകുന്നേരം അദ്ദേഹത്തിന്റെ വീട് സന്ദർശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം, മുതിർന്ന നേതാവിനെ കൈവിടാതിരിക്കാനുള്ള അനുനയ നീക്കങ്ങൾ കോൺഗ്രസ് ആരംഭിച്ചതായും സൂചനയുണ്ട്.











