
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥയും സഹായിയും അറസ്റ്റിൽ. അസമിലെ കാംറപിലെ ഗോരോയ്മാരിയിലാണ് സംഭവം. നൂപുർ ബോറ എന്ന ഉദ്യോഗസ്ഥയുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ ഒരു കോടിയിലേറെ രൂപയും ഒരു കോടി രൂപ വിലവരുന്ന സ്വർണാഭരണങ്ങളുമാണ് കണ്ടെടുത്തത്. ഇതിനു പിന്നാലെയാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
മുഖ്യമന്ത്രിയുടെ കീഴിലുള്ള സ്‌പെഷ്യൽ വിജിലൻസ് സെല്ലാണ് നൂപുർ ബോറയുടെ വീടുകളിൽ പരിശോധന നടത്തിയത്. ബോറയുടെ ഔദ്യോഗിക വസതിയിൽ നിന്ന് 92 ലക്ഷം രൂപയും ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും കണ്ടെടുത്തു. ബാർപെട്ടയിലുള്ള വാടകവീട്ടിൽനിന്ന് 10 ലക്ഷം രൂപ കൂടി കണ്ടെടുത്തു. നൂപുർ ബോറയുടെ അടുത്ത സഹായിയായ ലത് മണ്ഡൽ സുരാജിത് ദേകയുടെ വസതിയിലും സ്‌പെഷ്യൽ വിജിലൻസ് സെൽ പരിശോധന നടത്തി. നൂപുർ ബോറയുമായി ചേർന്ന് വിവിധയിടങ്ങളിൽ ഇയാൾ ഭൂമി സ്വന്തമാക്കിയതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു പരിശോധന.
2019ലാണ് നൂപുർ ബോറ അസം സിവിൽ സർവീസിൽ ചേർന്നത്. ഒട്ടേറെ പരാതികൾ ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ ആറ് മാസമായി ഇവർ നിരീക്ഷണത്തിലായിരുന്നുവെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പ്രതികരിച്ചു. പരാതികളിലേറെയും വിവാദഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ടവയാണ്. സംശയകരമായ സാഹചര്യത്തിൽ ഭൂമി കൈമാറ്റം ചെയ്യുകയും അതിലൂടെ പണം കൈപ്പറ്റുകയും ചെയ്തതായി മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഉദ്യോഗസ്ഥയ്‌ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ഹിമന്ത ബിശ്വ ശർമ പറഞ്ഞു.











