
ദോഹ: ലോകപ്രശസ്ത കായിക ചികിത്സാ കേന്ദ്രമായ ദോഹയിലെ അസ്പെറ്റാർ (ASPETAR) ആശുപത്രിയെ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ (AFC) ഔദ്യോഗിക മെഡിക്കൽ പങ്കാളിയായി പ്രഖ്യാപിച്ചു. 2029 ജൂൺ വരെയുള്ള പ്രമുഖ എ.എഫ്.സി ക്ലബ് മത്സരങ്ങളിലും ദേശീയ ടീമുകളുടെ മത്സരങ്ങളിലും അസ്പെറ്റാർ ആയിരിക്കും ഔദ്യോഗിക മെഡിക്കൽ സേവനങ്ങൾ നൽകുക.
ലോകത്തെ തന്നെ മുൻനിരയിലുള്ള ഓർത്തോപീഡിക്, സ്പോർട്സ് മെഡിസിൻ ആശുപത്രികളിൽ ഒന്നായ അസ്പെറ്റാർ, അത്ലറ്റുകൾക്ക് നൽകുന്ന മികച്ച സേവനങ്ങൾക്ക് ലോകശ്രദ്ധ നേടിയ സ്ഥാപനമാണ്.എ.എഫ്.സി ജനറൽ സെക്രട്ടറി ദാതുക് സെരി വിൻഡ്‌സർ ജോൺ ഈ പങ്കാളിത്തത്തെ സ്വാഗതം ചെയ്തു. ഏഷ്യയിലെ ഫുട്ബോൾ താരങ്ങളുടെ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കുന്നതിൽ ഈ സഹകരണം ഒരു വലിയ തൂണായി മാറുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകോത്തര നിലവാരത്തിലുള്ള മെഡിക്കൽ പരിചരണം ഏഷ്യൻ ഫുട്ബോളിലേക്ക് എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അസ്പെറ്റാറും എ.എഫ്.സിയും തമ്മിലുള്ള ദീർഘകാല ബന്ധത്തിന്റെ തുടർച്ചയാണിതെന്ന് അസ്പെറ്റാർ ആക്ടിംഗ് ഡയറക്ടർ ജനറൽ ഖാലിദ് അലി അൽ മൗലവി പറഞ്ഞു. കായികതാരങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സ്പോർട്സ് മെഡിസിൻ രംഗത്തെ വിദ്യാഭ്യാസവും ഗവേഷണവും പ്രോത്സാഹിപ്പിക്കുന്നതിനും ഈ പങ്കാളിത്തം സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
എ.എഫ്.സിയുടെ അംഗീകൃത 'മെഡിക്കൽ സെന്റർ ഓഫ് എക്സലൻസ്' കൂടിയാണ് നിലവിൽ അസ്പെറ്റാർ.










