
സംസ്ഥാനത്തെ മുതിർന്ന പൗരന്മാരുടെ ക്ഷേമവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനായി പ്രത്യേക വകുപ്പ് രൂപീകരിക്കാനുള്ള കേരള സർക്കാരിന്റെ പുതിയ തീരുമാനത്തെ അസോസിയേഷൻ ഓഫ് സീനിയർ ലിവിംഗ് ഇന്ത്യ (എ എസ് എൽ ഐ ) ചെയർമാനും ലൈഫ്ബ്രിഡ്ജ് ഗ്രൂപ്പ് കോ-ഫൗണ്ടറും ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ രാജഗോപാൽ ജി സ്വാഗതം ചെയ്തു. വർദ്ധിച്ചുവരുന്ന വയോജന ജനസംഖ്യയുടെ ആവശ്യങ്ങൾ കൂടുതൽ കൃത്യതയോടെയും സംയോജിതമായും കൈകാര്യം ചെയ്യാൻ ഈ പുതിയ നീക്കം സഹായിക്കുമെന്നും മറ്റ് സംസ്ഥാനങ്ങൾക്ക് ഇതൊരു മാതൃകയാണെന്നും അദ്ദേഹം വിലയിരുത്തി.
സർക്കാരിന്റെ ഈ സുപ്രധാന ചുവടുവെപ്പിനെ അഭിനന്ദിച്ചുകൊണ്ട് രാജഗോപാൽ പറഞ്ഞു. “ഇന്ത്യ മുൻപെങ്ങുമില്ലാത്തവിധം ഒരു വലിയ ജനസംഖ്യാപരമായ മാറ്റത്തെയാണ് അഭിമുഖീകരിക്കുന്നത്. വരാനിരിക്കുന്ന ദശകം പ്രായമായവരുടെ ജനസംഖ്യയിൽ ഗണ്യമായ വർദ്ധനവിന് സാക്ഷ്യം വഹിക്കും. വാർദ്ധക്യം എന്നത് കേവലമൊരു സാമൂഹിക ക്ഷേമ വിഷയം മാത്രമല്ല, മറിച്ച് സർക്കാരുകൾ, ആരോഗ്യ പരിപാലന സംവിധാനങ്ങൾ, നഗരാസൂത്രകർ, ഭവന ദാതാക്കൾ, ഇൻഷുറൻസ് കമ്പനികൾ, സാങ്കേതികവിദ്യാ രംഗത്തെ പ്രമുഖർ, സിവിൽ സൊസൈറ്റി എന്നിവരുടെ സംയുക്ത പങ്കാളിത്തം ആവശ്യപ്പെടുന്ന വലിയൊരു സാമൂഹിക-സാമ്പത്തിക വെല്ലുവിളിയാണ്. വയോജനങ്ങളുടെ ജീവിതം, പരിചരണം, സജീവമായ വാർദ്ധക്യകാലം എന്നിവയ്ക്കായി കൂടുതൽ വ്യവസ്ഥാപിതവും സംയോജിതവുമായ ഒരു സമീപനത്തിന് കേരളത്തിന്റെ ഈ നീക്കം വഴിതുറക്കുന്നു. മറ്റ് സംസ്ഥാന സർക്കാരുകൾക്കും കേന്ദ്ര സർക്കാരിനും പരിഗണിക്കാൻ സാധിക്കുന്ന ഒരു പ്രധാന മാതൃകയായി ഇത് വർത്തിക്കുകയും ചെയ്യും.”
Photo Courtesy - Google








