
ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിൽ ഇന്ത്യ "വെടിനിർത്തലിനായി യാചിക്കാൻ നിർബന്ധിതരായി" എന്ന് പാക് സൈനിക മേധാവി. വെടിനിർത്തലിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മധ്യസ്ഥത വഹിക്കേണ്ടി വന്നു എന്നും പാക് സൈനിക മേധാവി അസിം മുനീർ അവകാശപ്പെടുന്നു. ബെൽജിയത്തിൽ നടന്ന ഒരു പ്രവാസി പരിപാടിയിൽ സംസാരിക്കവെയാണ് പാകിസ്ഥാൻ പൗരന്മാരോട് അസീം മുനീർ ഇക്കാര്യങ്ങൾ പറഞ്ഞത്.
ഓപ്പറേഷൻ സിന്ദൂരിനുശേഷം ഇന്ത്യൻ സർക്കാർ അവതരിപ്പിച്ച വസ്തുതകൾക്ക് വിരുദ്ധമാണ് പാക് സൈനിക മേധാവിയുടെ ഈ അവകാശവാദങ്ങൾ. ഡിജിഎംഒ തലത്തിലുള്ള ചർച്ചകൾക്ക് ശേഷമാണ് വെടിനിർത്തൽ സാധ്യമായത് എന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്. അമേരിക്ക മധ്യസ്ഥത വഹിച്ചിട്ടില്ലെന്നും ഇന്ത്യ വ്യക്തമാക്കുന്നു. എന്നാൽ, ഇന്ത്യാ - പാക് സംഘർഷം അവസാനിപ്പിച്ചത് തന്റെ ഇടപെടലിനെ തുടർന്നാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവർത്തിച്ച് അവകാശപ്പെടുന്നുണ്ട്.
മെയ് 10 ന് രാവിലെ 9.38 ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിനെ വിളിച്ച് പാകിസ്ഥാൻ വെടിനിർത്തൽ ആവശ്യപ്പെടുകയാണെന്ന് പറഞ്ഞു എന്നതാണ് വസ്തുത. ബ്രഹ്മോസ്, എസ്‌സിഎഎൽപി മിസൈലുകൾ ഉപയോഗിച്ച് ഇന്ത്യ റാവൽപിണ്ടിയിലെ നൂർ ഖാൻ വ്യോമതാവളം തകർത്തതിന് ശേഷമായിരുന്നു ഇത്. റാവൽപിണ്ടി ഗൗരവമായി എടുക്കുകയാണെങ്കിൽ പാകിസ്ഥാൻ ഡിജിഎംഒയിൽ നിന്ന് സ്ഥാപിതമായ ചാനൽ വഴി വെടിനിർത്തൽ നിർദ്ദേശം വരണമെന്ന് ജയ്ശങ്കർ വ്യക്തമാക്കുകയായിരുന്നു.
നേരത്തെയും നിരവധി വ്യാജ അവകാശവാദങ്ങളും ഇന്ത്യക്ക് നേരെ പ്രകോപനങ്ങളും അസിം മുനീർ ഉയർത്തിയിരുന്നു. ഭാവിയിൽ ഇന്ത്യയുമായി സൈനിക ഏറ്റുമുട്ടൽ ഉണ്ടായാൽ, ഗുജറാത്തിലെ ജാംനഗറിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ റിഫൈനറി ആക്രമിക്കുമെന്നായിരുന്നു ഒരു ഭീഷണി. യുഎസിലെ പാക്ക് പ്രവാസികളെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിലായിരുന്നു ഇത്. തങ്ങളുടെ നിലനിൽപ്പിന് ഭീഷണി നേരിടുകയാണെങ്കിൽ ഇന്ത്യയെ ആണവയുദ്ധത്തിലേക്ക് തള്ളിവിടാൻ മടിക്കില്ലെന്നും അദ്ദേഹം വീരവാദം മുഴക്കിയിരുന്നു.











