
ദോഹ/ബാങ്കോക്ക്: തായ്‌ലൻഡിലെ സാമേലയിൽ നടക്കുന്ന 25-ാമത് ഏഷ്യൻ ഓപ്പൺ ടൂർ ബീച്ച് വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഖത്തറിന്റെ ഷെരീഫ് യൂനസ് - അഹമ്മദ് തിജാൻ സഖ്യം സെമി ഫൈനലിൽ പ്രവേശിച്ചു. ബുധനാഴ്ച നടക്കുന്ന സെമി ഫൈനലിൽ ഓസ്‌ട്രേലിയയാണ് ഖത്തറിന്റെ എതിരാളികൾ.
ക്വാർട്ടർ ഫൈനലിൽ കരുത്തരായ കസാക്കിസ്ഥാൻ സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്ക് (21-16, 21-18) പരാജയപ്പെടുത്തിയാണ് ഖത്തർ അവസാന നാലിൽ ഇടംപിടിച്ചത്. നേരത്തെ പ്രീ-ക്വാർട്ടറിൽ ചൈനയെയും ഖത്തർ തകർത്തിരുന്നു (21-9, 21-7). 15 രാജ്യങ്ങളിൽ നിന്നായി 27 ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്.
ഗ്രൂപ്പ് ഘട്ടത്തിൽ കളിച്ച എല്ലാ മത്സരങ്ങളും വിജയിച്ച് 6 പോയിന്റോടെ ഒന്നാം സ്ഥാനക്കാരായാണ് ഖത്തർ നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറിയത്. ആദ്യ മത്സരത്തിൽ ഒമാനെ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് പരാജയപ്പെടുത്തിയ ഖത്തർ, രണ്ടാം മത്സരത്തിൽ ഹോങ്കോങ്ങിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു. ബുധനാഴ്ച തന്നെ സെമി ഫൈനൽ പോരാട്ടങ്ങളും ഫൈനലും നടക്കും. കഴിഞ്ഞ ഒളിമ്പിക്സിലടക്കം മെഡൽ നേടിയിട്ടുള്ള ഖത്തറിന്റെ ഈ സൂപ്പർ സഖ്യം മികച്ച ഫോമിലാണ് ടൂർണമെന്റിൽ തുടരുന്നത്.











