
ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗിൽ ചരിത്രനേട്ടവുമായി മലയാളി താരം വിദർശ കെ. വിനോദ്. 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി മെഡൽ നേടിയതോടെ ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗിൽ മെഡൽ നേടുന്ന ആദ്യ മലയാളിയെന്ന നേട്ടമാണ് കോഴിക്കോട് തിരുവമ്പാടി സ്വദേശിയായ വിദർശ സ്വന്തമാക്കിയത്.
വിദർശ ഉൾപ്പെടുന്ന മൂന്ന് അംഗ ടീമാണ് 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി മെഡൽ നേടിയത്. ആദ്യമായാണ് വിദർശ ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്നത്. അരങ്ങേറ്റ മത്സരത്തിൽ തന്നെ മെഡൽ സ്വന്തമാക്കാനായത് വലിയ സന്തോഷവും ആത്മവിശ്വാസവും നൽകുന്നുണ്ടെന്ന് താരം പ്രതികരിച്ചു.
കുടുംബത്തിന്റെയും പരിശീലകന്റെയും പിന്തുണയാണ് ഇത്രയും ദൂരം എത്താൻ സഹായിച്ചതെന്ന് വിദർശ പറഞ്ഞു. ഏഷ്യൻ ഗെയിംസിലെ ഇന്നത്തെ മെഡൽ വരാനിരിക്കുന്ന മത്സരങ്ങൾക്ക് വലിയ ആത്മവിശ്വാസം നൽകുന്നുണ്ട്. 50 മീറ്റർ റൈഫിൾ ഇനത്തിലും വിദർശ മത്സരിക്കുന്നുണ്ട്.
2018ൽ എൻസിസിയിലൂടെയാണ് വിദർശ ഷൂട്ടിംഗിലേക്ക് എത്തിയത്. 2019ൽ ഷൂട്ടിംഗ് പ്രൊഫഷണൽ കരിയറായി തിരഞ്ഞെടുക്കുകയായിരുന്നു. നിലവിൽ ഡൽഹിയിലാണ് പ്രധാന പരിശീലനം നടക്കുന്നത്. കേരളത്തിൽ വട്ടിയൂർക്കാവ് ഷൂട്ടിംഗ് റേഞ്ചിലും പരിശീലനത്തിനുള്ള സൗകര്യമുണ്ട്.
കേരളത്തിൽ തന്നെ തുടരാനാണ് ആഗ്രഹമെന്നും സംസ്ഥാനത്ത് ജോലി ലഭിച്ചാൽ അത് സ്വീകരിക്കുമെന്നും വിദർശ വ്യക്തമാക്കി. എല്ലാ ജില്ലകളിലും ഷൂട്ടിംഗ് അസോസിയേഷനുകളുണ്ടെന്നും മെമ്പർഷിപ്പ് എടുത്ത് പരിശീലനം നടത്താൻ സാധിക്കുമെന്നും താരം പറഞ്ഞു.
അരങ്ങേറ്റ ഏഷ്യൻ ഗെയിംസിൽ തന്നെ വെള്ളി മെഡൽ സ്വന്തമാക്കിയതോടെ രാജ്യാന്തര ഷൂട്ടിംഗ് വേദിയിൽ പുതിയ അധ്യായത്തിനാണ് വിദർശ തുടക്കമിട്ടിരിക്കുന്നത്.










