
ദോഹ: 2027 ലെ പതിനൊൻപതാമത് ഏഷ്യൻ കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ ഔദ്യോഗിക മത്സരക്രമവും മത്സരങ്ങൾ നടക്കുന്ന സ്റ്റേഡിയങ്ങളും ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (AFC) പ്രഖ്യാപിച്ചു. 2027 ജനുവരി 7 മുതൽ ഫെബ്രുവരി 5 വരെ സൗദി അറേബ്യയിലാണ് പോരാട്ടങ്ങൾ അരങ്ങേറുന്നത്. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ സൗദി അറേബ്യ ഫലസ്തീനെ നേരിടും.
ടൂർണമെന്റിലെ നിലവിലെ ചാമ്പ്യന്മാരായ ഖത്തർ (അൽ അൽനാബി) ജനുവരി 11-ന് നടക്കുന്ന മത്സരത്തിൽ തായ്ലൻഡിനെതിരെയാണ് കിരീട പോരാട്ടങ്ങൾക്ക് തുടക്കമിടുന്നത്. റിയാദിലെ കിംഗ് ഫഹദ് സ്പോർട്സ് സിറ്റി സ്റ്റേഡിയമാണ് ഉദ്ഘാടന മത്സരത്തിനും ഫൈനലിനും വേദിയാകുന്നത്.
24 ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റിൽ ആകെ 51 മത്സരങ്ങളാണുള്ളത്. സൗദിയിലെ 3 പ്രധാന നഗരങ്ങളിലായി (റിയാദ്, ജിദ്ദ, അൽ ഖോബാർ) സജ്ജമാക്കിയ 8 സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങൾ നടക്കുക. റിയാദിൽ 5 സ്റ്റേഡിയങ്ങളും ജിദ്ദയിൽ 2 സ്റ്റേഡിയങ്ങളും അൽ ഖോബാറിൽ ഒരു സ്റ്റേഡിയവുമാണ് ഏഷ്യൻ കപ്പിനായി ഒരുങ്ങുന്നത്.
ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ജനുവരി 20-ന് പൂർത്തിയാകും. ജനുവരി 22 മുതൽ നോക്കൗട്ട് മത്സരങ്ങളും ജനുവരി 28, 29 തീയതികളിൽ ക്വാർട്ടർ ഫൈനലുകളും ഫെബ്രുവരി 1, 2 തീയതികളിൽ സെമി ഫൈനലുകളും നടക്കും. കലാശപ്പോരാട്ടം ഫെബ്രുവരി 5-ന് അരങ്ങേറും. ജപ്പാൻ-ഇന്തോനേഷ്യ, ദക്ഷിണ കൊറിയ-യെമൻ, ഓസ്ട്രേലിയ-സിംഗപ്പൂർ, ഇറാൻ-ചൈന എന്നീ മത്സരങ്ങളും ആദ്യ ഘട്ടത്തിൽ ആരാധകർക്ക് മുന്നിലെത്തും.











