
ദോഹ: 2027-ൽ സൗദി അറേബ്യയിൽ നടക്കുന്ന ഏഷ്യൻ കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ നറുക്കെടുപ്പ് പൂർത്തിയായി. കിരീടം നിലനിർത്താൻ ഇറങ്ങുന്ന നിലവിലെ ചാമ്പ്യന്മാരായ ഖത്തർ ഗ്രൂപ്പ് എഫിലാണ് ഇടംപിടിച്ചിരിക്കുന്നത്. കരുത്തരായ ജപ്പാൻ, ഇന്തോനേഷ്യ, തായ്‌ലൻഡ് എന്നിവരാണ് ഈ ഗ്രൂപ്പിലെ മറ്റ് ടീമുകൾ.
ജനുവരി 11-ന് തായ്‌ലൻഡിനെതിരെയാണ് ഖത്തറിന്റെ ആദ്യ മത്സരം. തുടർന്ന് ജനുവരി 16-ന് ഇന്തോനേഷ്യയെയും, ജനുവരി 20-ന് ഗ്രൂപ്പിലെ ഏറ്റവും കരുത്തരായ ജപ്പാനെയും ഖത്തർ നേരിടും. അക്രം അഫീഫിന്റെ കരുത്തിൽ ഹാട്രിക് കിരീടം ലക്ഷ്യമിട്ടാണ് ഖത്തർ എത്തുന്നത്.മത്സരങ്ങളുടെ ടിക്കറ്റ് വിൽപനയുടെ ഒന്നാം ഘട്ടം ആരംഭിച്ചു കഴിഞ്ഞു. മെയ് 12 മുതൽ 'അഹ്‌ലൻ' (Ahlan) പ്ലാറ്റ്‌ഫോം വഴി പൊതുജനങ്ങൾക്ക് ടിക്കറ്റുകൾ ലഭ്യമാകും. കുറഞ്ഞ ടിക്കറ്റ് നിരക്ക് 30 സൗദി റിയാലാണ്.ഗ്രൂപ്പ് എഫിൽ ജപ്പാനാണ് ഫേവറിറ്റുകളെന്ന് ഖത്തർ പരിശീലകൻ ജൂലൻ ലോപെറ്റെഗി പറഞ്ഞു. ഇന്തോനേഷ്യയും തായ്‌ലൻഡും ഏറെ മെച്ചപ്പെട്ട ടീമുകളാണെന്നും, കടുത്ത പോരാട്ടം തന്നെ പ്രതീക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള തയ്യാറെടുപ്പുകൾക്ക് മുന്നോടിയായി ടീമിൽ പരിക്കുകൾ ഇല്ലാത്തത് ആശ്വാസമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
2027 ജനുവരി 7-ന് റിയാദിൽ സൗദി അറേബ്യയും പലസ്തീനും തമ്മിലുള്ള മത്സരത്തോടെയാണ് ടൂർണമെന്റിന് തുടക്കമാകുന്നത്.










