
ദോഹ: ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ (ACC) മേൽനോട്ടത്തിൽ ഖത്തർ ക്രിക്കറ്റ് അസോസിയേഷൻ ആതിഥേയത്വം വഹിക്കുന്ന 'ഏഷ്യൻ റൈസിംഗ് സ്റ്റാർസ് മെൻസ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് 2026' നവംബർ 19 മുതൽ 29 വരെ ദോഹയിൽ നടക്കും. വെസ്റ്റ് എൻഡ് പാർക്ക് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലും ദോഹ യൂണിവേഴ്സിറ്റി ഫോർ സയൻസ് ആൻഡ് ടെക്നോളജി (DUST) ഗ്രൗണ്ടിലുമായാണ് മത്സരങ്ങൾ അരങ്ങേറുക.
കോണ്ടിനെന്റൽ കിരീടത്തിനായി എട്ട് പ്രമുഖ ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്. സിംഗിൾ റൗണ്ട് റോബിൻ സിസ്റ്റത്തിന്റെ അടിസ്ഥാനത്തിൽ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങൾ. ഓരോ ഗ്രൂപ്പിലെയും ഒന്നുര രണ്ട് സ്ഥാനക്കാർ സെമിഫൈനലിലേക്ക് യോഗ്യത നേടും.ഗ്രൂപ്പ് 1യിൽ പാകിസ്ഥാൻ എ (ഷഹീൻ), ഇന്ത്യ (എ), നേപ്പാൾ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ).എന്നീ രാജ്യങ്ങളും
ഗ്രൂപ്പ് 2വിൽ ശ്രീലങ്ക (എ), ബംഗ്ലാദേശ് (എ), അഫ്ഗാനിസ്ഥാൻ (എ), ഹോങ്കോങ് (ചൈന).എന്നിവയുമാണ് പോരാടുക.
കഴിഞ്ഞ ആഗസ്റ്റ്-സെപ്റ്റംബറിൽ മലേഷ്യയിൽ നടന്ന ഏഷ്യൻ മെൻസ് എലൈറ്റ് കപ്പിലൂടെയാണ് നേപ്പാളും യു.എ.ഇയും ഈ ടൂർണമെന്റിലേക്ക് യോഗ്യത നേടിയത്.നവംബർ 19-ന് രണ്ട് മത്സരങ്ങളോടെ ടൂർണമെന്റിന് കിക്കോഫ് കുറിക്കും. ദോഹ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ബംഗ്ലാദേശ് (എ) ഹോങ്കോംഗിനെ നേരിടും. വെസ്റ്റ് എൻഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന മറ്റൊരു മത്സരത്തിൽ ശ്രീലങ്കയും (എ) അഫ്ഗാനിസ്ഥാനും (എ) തമ്മിൽ ഏറ്റുമുട്ടും.
ക്രിക്കറ്റ് ലോകത്തെ പരമ്പരാഗത വൈരികളായ ഇന്ത്യ എയും പാകിസ്ഥാൻ എ ഷഹീനും തമ്മിലുള്ള ആവേശകരമായ മത്സരം നവംബർ 22-ന് വെസ്റ്റ് എൻഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കും. കായികപ്രേമികൾക്കിടയിൽ വലിയ ആവേശം സൃഷ്ടിക്കുന്നതാണ് ഈ ക്ലാസിക് പോരാട്ടം. അന്നേ ദിവസം തന്നെ യു.എ.ഇയും നേപ്പാളും തമ്മിലുള്ള മത്സരവും ദോഹ യൂണിവേഴ്സിറ്റി ഗ്രൗണ്ടിൽ നടക്കും.നവംബർ 26, 27 തീയതികളിൽ വെസ്റ്റ് എൻഡ് ഇന്റർനാഷണൽ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് സെമിഫൈനൽ പോരാട്ടങ്ങൾ. ഗ്രൂപ്പ് എ വിജയികൾ ഗ്രൂപ്പ് ബി റണ്ണേഴ്സ് അപ്പുകളെയും, ഗ്രൂപ്പ് ബി വിജയികൾ ഗ്രൂപ്പ് എ റണ്ണേഴ്സ് അപ്പുകളെയും ആദ്യ രണ്ട് സെമിഫൈനലുകളിൽ നേരിടും. തുടർന്ന് നവംബർ 29-ന് നടക്കുന്ന ഗ്രാന്റ് ഫിനാലെയോടെ ടൂർണമെന്റിന് കൊടിയിറങ്ങും.










