05:52pm 18 April 2026
NEWS
ഏഷ്യാ കപ്പിൽ പാകിസ്ഥാനെ തകർത്ത് ഇന്ത്യ; കപ്പ് ഏറ്റുവാങ്ങിയില്ല
29/09/2025  06:22 AM IST
nila
ഏഷ്യാ കപ്പിൽ പാകിസ്ഥാനെ തകർത്ത് ഇന്ത്യ; കപ്പ് ഏറ്റുവാങ്ങിയില്ല

ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് തകർത്ത് ഇന്ത്യ ജേതാക്കളായി. എന്നാൽ, ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ തലവനായ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ കൂടിയായ മുഹസിൻ നഖ്‌വിയിൽ നിന്നും കപ്പ് ഏറ്റുവാങ്ങാൻ ടീം ഇന്ത്യ തയ്യാറായില്ല. മറ്റാരെയെങ്കിലും സമ്മാനദാനത്തിനായി നിശ്ചയിക്കാൻ സംഘാടകരും സന്നദ്ധരായില്ല. അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഏറെ വൈകി സമ്മാനദാന ചടങ്ങ് ആരംങിച്ചെങ്കിലും മുഹസിൻ നഖ്‌വിയിൽ നിന്നും കപ്പ് ഏറ്റുവാങ്ങാൻ ഇന്ത്യൻ ടീം തയ്യാറായില്ല. 

തിലക് വർമ്മയുടെ (69) തകർപ്പൻ അർദ്ധ സെഞ്ചുറിയും കുൽദീപ് യാദവിൻ്റെ നാല് വിക്കറ്റ് പ്രകടനവുമാണ് ഇന്ത്യക്ക് ആവേശകരമായ വിജയം സമ്മാനിച്ചത്. ദുബൈ ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാൻ 19.1 ഓവറിൽ 146ന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ കുൽദീപ് യാദവാണ് പാകിസ്ഥാനെ തകർത്തത്. 38 പന്തിൽ 57 റൺസെടുത്ത സാഹിബ്‌സാദ ഫർഹാനാണ് പാകിസ്ഥാന്റെ ടോപ്സ് സ്‌കോറർ. ഫഖർ സമാൻ 35 പന്തിൽ 46 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ ഇന്ത്യ 19.4 ഓവറിൽ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. തിലക് വർമയുടെ (53 പന്തിൽ 69) പോരാട്ടമാണ് ഇന്ത്യക്ക് ഏഷ്യാ കപ്പ് സമ്മാനിച്ചത്. ശിവം ദുബെയുടെ (22 പന്തിൽ 33) പ്രകടനം നിർണായകമായി. സഞ്ജു സാംസൺ 21 പന്തിൽ 24 റൺസെടുത്ത് മടങ്ങി.

അവസാന രണ്ട് ഓവറിൽ 17 റൺസാണ് ഇന്ത്യക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. പാക് പേസർ ഫഹീം അഷ്‌റഫിന്റെ ആദ്യ പന്തിൽ തിലക് സിംഗിളെടുത്തു. രണ്ടാം പന്തിൽ ദുബെയും ഒരു റൺ ഓടിയെടുത്തു. മൂന്നാം പന്തിലും ഒരു റൺ. നാലാം പന്ത് ദുബെ ബൗണ്ടറിയിലേക്ക് പായിച്ചു, ഫോർ. അഞ്ചാം പന്തിൽ റണ്ണില്ല. അവസാന പന്തിൽ ദുബെ പുറത്ത്. ലോംഗ് ഓഫിൽ ഷഹീൻ അഫ്രീദിക്ക് ക്യാച്ച്. രണ്ട് വീതം സിക്‌സും ഫോറും ഉൾപ്പെടുന്നതായിരുന്നു ദുബെയുടെ ഇന്നിംഗ്‌സ്. പിന്നാലെ ക്രീസിലെത്തിയത് റിങ്കു സിംഗ്. അവസാന ഓവറിൽ ഇന്ത്യക്ക് ജയിക്കാൻ വേണ്ടത് 10 റൺസ്. ഹാരിസ് റൗഫിന്റെ ആദ്യ പന്തിൽ തിലക് രണ്ട് റൺ ഓടിയെടുത്തു. രണ്ടാം പന്തിൽ സിക്‌സ്. പിന്നീട് ജയിക്കാൻ വേണ്ടത് നാല് പന്തിൽ രണ്ട് റൺസ് മാത്രം. മൂന്നാം പന്തിൽ ഒരു റൺ. നാലാം പന്ത് നേരിട്ട റിങ്കു സിംഗ് ബൗണ്ടറി നേടി വിജയമാഘോഷിച്ചു. റിങ്കു സിംഗ് (4), തിലകിനൊപ്പം പുറത്താവാതെ നിന്നു.

നേരത്തെ, മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. 20 റൺസിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി. രണ്ടാം ഓവറിൽ തന്നെ ഇന്ത്യക്ക് അപകടകാരിയായ അഭിഷേക് ശർമയുടെ (5) വിക്കറ്റ് നഷ്ടമായി. ഫഹീമിന്റെ പന്തിൽ മിഡ് ഓണിൽ ഹാരിസ് റൗഫിന് ക്യാച്ച് നൽകിയാണ് അഭിഷേക് മടങ്ങിയത്. മൂന്നാം ഓവറിൽ സൂര്യകുമാറും മടങ്ങി. അഫ്രീദിയുടെ പന്തിൽ മിഡ് ഓഫിൽ ക്യാപ്റ്റൻ സൽമാൻ അഗ ക്യാച്ചെടുത്തു. നാലാം ഓവറിന്റെ അവസാന പന്തിൽ ഗില്ലും മടങ്ങി. ഇത്തവണ മിഡ് ഓണിൽ ഹാരിസ് റൗഫിന് ക്യാച്ച്. ഇതോടെ മൂന്നിന് 20 എന്ന നിലയിലായി ഇന്ത്യ. പിന്നീട് സഞ്ജു - തിലക് സഖ്യം 57 റൺസ് കൂട്ടിചേർത്തു. ഈ കൂട്ടുകെട്ടാണ് തകർച്ചയിൽ നിന്ന് രക്ഷിച്ചത്. എന്നാൽ റൺനിരക്ക് കൂട്ടാനുള്ള ശ്രമത്തിൽ സഞ്ജു കൂറ്റനടികൾക്ക് ശ്രമിച്ചു. അബ്രാർ അഹമ്മദിനെതിരെ അത്തരമൊരു ഷോട്ടിന് ശ്രമിക്കുമ്പോഴാണ് സഞ്ജു പുറത്താവുന്നത്. ഫർഹാന് ക്യാച്ച് നൽകിയാണ് സഞ്ജു മടങ്ങുന്നത്. ഒരു സിക്‌സും രണ്ട് ഫോറും ഉൾപ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. ഇതോടെ 12.2 ഓവറിൽ നാലിന് 77 എന്ന നിലയിലായി ഇന്ത്യ. ശേഷം ദുബെ ക്രീസിലെത്തിയതോടെ കളി മാറി. വേഗത്തിൽ റൺസ് കണ്ടെത്തിയ താരം തിലകിനൊപ്പം ചേർന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.

ടൂർണമെന്റിന്റെ 41 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഫൈനലിൽ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുന്നത്. ഇന്ത്യയുടെ ഒൻപതാം ഏഷ്യാകപ്പ് കിരീടമാണിത്. ടൂർണമെന്റിൽ ഒരു തോൽവി പോലുമില്ലാതെയാണ് ഇന്ത്യ കീരീടം സ്വന്തമാക്കിയത്. പാകിസ്താനാകട്ടെ, ഈ ടൂർണമെന്റിൽ മൂന്നു പരാജയങ്ങളറിഞ്ഞാണ് ഫൈനലിലെത്തിയത്. മൂന്നു തവണയും പാകിസ്ഥാനെ പരാജയപ്പെടുത്തിയത് ഇന്ത്യയും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img