06:52pm 17 August 2026
NEWS
അശോക്ധാം ക്ഷേത്രത്തിൽ വൻ ദുരന്തം; തിക്കിലും തിരക്കിലും ഏഴ് പേർ കൊല്ലപ്പെട്ടു
17/08/2026  11:48 AM IST
nila
അശോക്ധാം ക്ഷേത്രത്തിൽ വൻ ദുരന്തം; തിക്കിലും തിരക്കിലും ഏഴ് പേർ കൊല്ലപ്പെട്ടു

ഭുവനേശ്വർ: ബിഹാറിലെ ലഖിസാരായി ജില്ലയിലെ പ്രശസ്ത അശോക്ധാം ക്ഷേത്രത്തിൽ തിങ്കളാഴ്ച പുലർച്ചെയുണ്ടായ തിക്കിലും തിരക്കിലും ഏഴ് പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റതായാണ് വിവരം. ശ്രാവൺ മാസത്തിലെ തിങ്കളാഴ്ചയായതിനാൽ ക്ഷേത്രത്തിൽ വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടിരുന്നത്.

ക്ഷേത്രത്തിൽ വൈദ്യുതി പോസ്റ്റ് മറിഞ്ഞുവീണ് ആളുകൾക്ക് ഷോക്കേറ്റെന്ന അഭ്യൂഹമാണ് ആദ്യം പ്രചരിച്ചത്. ഇതിനു പിന്നാലെയാണ് സ്ഥലത്ത് തിക്കും തിരക്കും ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. എന്നാൽ അപകടത്തിന്റെ കൃത്യമായ കാരണം വിശദമായ അന്വേഷണത്തിന് ശേഷമേ സ്ഥിരീകരിക്കാനാകൂവെന്ന് എസ്ഡിപിഒ ശിവം കുമാർ പറഞ്ഞു.

തിങ്കളാഴ്ച പുലർച്ചെ 6.30നും 6.45നും ഇടയിൽ ക്ഷേത്രത്തിന് സമീപത്തെ റെയിൽവേ സ്റ്റേഷനിൽ രണ്ട് ട്രെയിനുകൾ എത്തിയതും തിരക്ക് വർധിക്കാൻ കാരണമായതായി ജില്ലാ മജിസ്‌ട്രേറ്റ് ശൈലേന്ദ്ര കുമാർ പറഞ്ഞു. തിരക്ക് മുൻകൂട്ടി കണക്കിലെടുത്ത് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ആൾക്കൂട്ടത്തിന്റെ സമ്മർദത്തെ തുടർന്ന് ബാരിക്കേഡിന്റെ ഒരു ഭാഗം തകർന്നതാണ് സ്ഥിതി നിയന്ത്രണാതീതമാക്കിയത്. തുടർന്ന് ആളുകൾ പരസ്പരം മുകളിലേക്ക് വീഴുകയായിരുന്നു. രക്ഷാപ്രവർത്തനത്തിനായി 15 പേരടങ്ങുന്ന സംഘം ഉടൻ സ്ഥലത്തെത്തിയതായി ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു.

പരുക്കേറ്റവരെ ആദ്യം സമീപത്തെ മെഡിക്കൽ സെന്ററിലേക്ക് മാറ്റി. നിലവിൽ ക്ഷേത്രപരിസരത്ത് കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img