06:45am 15 September 2026
NEWS
പിണറായിക്ക് മുൻപേ പി.എം.ശ്രീ കാവിപുതച്ചത് അശോക് ഗലോട്ട്; പി.എം.ശ്രീക്കെതിരെ തമിഴ്‌നാട്ടിൽ നിയമവഴി
27/11/2025  06:19 AM IST
അഡ്വ. എം. മനോഹരൻപിള്ള
പിണറായിക്ക് മുൻപേ പി.എം.ശ്രീ കാവിപുതച്ചത് അശോക് ഗലോട്ട്; പി.എം.ശ്രീക്കെതിരെ തമിഴ്‌നാട്ടിൽ നിയമവഴി

കോൺഗ്രസ് നേതാക്കൾക്ക് ദൽഹിയിലെ എ.ഐ.സി.സി ആസ്ഥാനത്ത് സംഘടനാസെക്രട്ടറി സ്ഥാനത്തിരുന്ന് ഹരിശ്രീ എഴുതിപ്പിച്ച ഒരു നേതാവുണ്ടായിരുന്നു: സാക്ഷാൽ അശോക് ഗലോട്ട്. രാജസ്ഥാനിൽ മുഖ്യമന്ത്രിയായിരിക്കുമ്പോൾ അശോക് ഗലോട്ടാണ് ആദ്യം രാജസ്ഥാനെ കാവികൊണ്ടുള്ള പി.എം.ശ്രീ കോണകം ഉടുപ്പിച്ചത്. 2024 ൽ ആലപ്പുഴ ലോക്‌സഭാസീറ്റിൽ കെ.സി വേണുഗോപാൽ മത്സരിക്കാൻ വരുമ്പോൾ രാജസ്ഥാനിലെ രാജ്യസഭ എം.പി സ്ഥാനം ആർ.എസ്.എസിനെ ഏൽപ്പിച്ച് പി.എം.ശ്രീ അഭിഷേകം തളിച്ചേൽപ്പിച്ചാണ് കേരളത്തിലേക്ക് പോന്നത്. 2024 ൽ ഗലോട്ടിനോടൊപ്പം മുന്നണിയായി മത്സരിച്ചപ്പോൾ സി.പി.എം ന് ഒരു എം.പിയെ കിട്ടി.

2022 ൽ കോൺഗ്രസ്സ് ഭരിച്ചിരുന്ന 12 സംസ്ഥാനങ്ങൾ പി.എം.ശ്രീ കരാറിൽ ഒപ്പുവച്ചു. സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് തന്നെ കൈപിടിച്ച് എഴുത്തിനിരുത്തിയ പി.എം.ശ്രീ ഗുരുനാഥനായ ഗലോട്ടിനെ മറന്നാണ് കെ.സി. വേണുഗോപാൽ കേരളത്തിൽ വന്ന് പിണറായിക്ക് നേരെ തട്ടിക്കയറിയത്.
കോൺഗ്രസ്സ് സംസ്ഥാനങ്ങൾ പി.എം.ശ്രീ കരാറിൽ ഒപ്പുവച്ച കഥകൾ കാണിച്ച് ആരോ മാധ്യമക്കാർ കെ.സിയുടെ കൊങ്ങായ്ക്ക് പിടിച്ചപ്പോൾ ദൽഹിയിലെ കോർ കമ്മിറ്റി രൂപീകരണം പറഞ്ഞ് കെ.സി ദൽഹിക്ക് പറന്നു.

ഒപ്പിടാൻ എന്താ ഒരു ധൃതി

2022 ഒക്‌ടോബർ 28 ന് കോൺഗ്രസ്സ് ഭരിച്ചിരുന്ന 12 സംസ്ഥാനങ്ങൾ പി.എം.ശ്രീ കരാറിൽ ഒപ്പുവച്ചപ്പോൾ അറച്ചുനിന്ന ഛത്തീഗഢ് സംസ്ഥാനം പിന്നീട് 2023 ജനുവരിയിൽ ഭൂപേഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള സർക്കാർ  പി.എം.ശ്രീ ഫണ്ട് ഒപ്പിട്ടുവാങ്ങി.
ഹിമാചൽ പ്രദേശിലെ ഭരണം ആധികാരികമായി കോൺഗ്രസ്സ് ഉറപ്പിച്ചെടുത്തത് 2023 ലാണ്. ആ മാർച്ചിൽ തന്നെ കേന്ദ്ര സർക്കാരുമായി പി.എം.ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ ഒപ്പുവച്ചുറപ്പാക്കി.

2023 ഡിസംബറിലാണ് തെലങ്കാനയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നതും, കോൺഗ്രസ്സ് ഭരണത്തിൽ പഴയ എ.ബി.വി.പി നേതാവായ രേവന്ത റെഡ്ഡി മുഖ്യമന്ത്രിയായതും. കൈയിൽ ചരടുകെട്ടിയ രേവന്തയ്ക്ക് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ രാഹുൽഗാന്ധി വോട്ട് ചോർ ആരോപണം ഉയർത്തി രേവന്തി റെഡ്ഡിയും പി.എം.ശ്രീ കരാറിൽ ഒപ്പുവച്ചു.
മഹാരാഷ്ട്രയിൽ മടിച്ചുനിന്ന ശിവസേന നേതാവ് ഉദ്ധവ് താക്കറെ പി.എം.ശ്രീയെ എതിർത്തെങ്കിലും, പിന്നാലെ വന്ന ഏകനാഥ് ഷിൻഡെ സർക്കാർ കരാറിൽ ഒപ്പുവച്ചു.
പഞ്ചാബിൽ കോൺഗ്രസ് സർക്കാർ ഇട്ടിട്ടുപോയ പി.എം.ശ്രീ പിന്നാലെ വന്ന എ.എ.പി സർക്കാർ ഏറ്റെടുത്തു.
ഇൻഡ്യാ മഹാരാജ്യത്തു തമിഴ്‌നാട്, പശ്ചിമബംഗാൾ ഉൾപ്പെടെ രണ്ടിലധികം സംസ്ഥാനങ്ങളിൽ മാത്രമാണ് 28 എണ്ണത്തിൽ പി.എം.ശ്രീ കരാർ ഇല്ലാത്തത്.

തമിഴ്‌നാട്ടിൽ എല്ലാം പ്രത്യേകതകൾ

തമിഴ്‌നാട്ടിൽ 1967 ൽ അണ്ണാദുരൈ തുടങ്ങിവച്ച ഡി.എം.കെ ഭരണം, പിന്നെ കാമരാജ് നാടാർക്കുശേഷം ഒരിക്കൽപ്പോലും കോൺഗ്രസ്സിന് ഇടം നൽകിയിട്ടില്ല. പി. രാമമൂർത്തിയെപ്പോലെയുള്ള ഉന്നത കമ്മ്യൂണിസ്റ്റ് ട്രേഡ് യൂണിയൻ നേതാവിനുശേഷം മധുര, കോയമ്പത്തൂർ, കന്യാകുമാരി ജില്ലകളിൽ ചില ട്രേഡ് യൂണിയൻ പിന്തുണ മാത്രമാണ് ഡി.എം.കെ മുന്നണിയുടെ ഭാഗമായി അവശേഷിക്കുന്ന സി.പി.എം. സിപി.ഐയുടെ അവസ്ഥയും ഡി.രാജയിലൊതുങ്ങി നിൽക്കുന്നു. തമിഴ്‌നാടിനുവേണ്ടി കേരളത്തിലെ അവിഭക്ത കമ്മ്യൂണിസ്റ്റുപാർട്ടിയുടെ ബലിതർപ്പണമാണ് മുല്ലപ്പെരിയാർ ഉടമ്പടി. ആ ഉടമ്പടി കാലഹരണപ്പെട്ടതുകൊണ്ട് പുനഃപരിശോധന വേണമെന്ന് ആവശ്യപ്പെട്ടതിന് പോളിറ്റ് ബ്യൂറോ താക്കീത് ചെയ്ത നേതാവാണ് വി.എസ്. അച്യുതാനന്ദൻ. ഇതിൽ നിന്ന് ഒരു കാര്യം അനുമാനിക്കാം; അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ പിന്തുണയുണ്ടെങ്കിലും തമിഴ്‌നാട്ടിലെ മാറിമാറിവന്ന ഒരു ദ്രാവിഡ സർക്കാരുകളും കേരളത്തിനോട് നന്ദി കാണിച്ചിട്ടില്ല. പ്രത്യേകിച്ചും നദീജല നടപടികളിൽ.

ദേശീയ വിദ്യാഭ്യാസ നയത്തിൽ  ഹിന്ദിഭ്രാന്തില്ല

മൂന്ന് വയസ്സ് മുതൽ പതിനെട്ടുവയസ്സുവരെയുള്ള പതിനഞ്ച് വർഷമാണ് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കാലാവധി. അഞ്ചുവയസ്സുവരെ അതാത് സംസ്ഥാനത്തിന്റെ മാതൃഭാഷയാണ് നിർബന്ധമായി പഠിപ്പിക്കേണ്ടത്. 6 വയസ്സ് മുതൽ 8 വയസ്സ് വരെയുള്ള മൂന്ന് വർഷക്കാലയളവിൽ മൂന്ന് ഭാഷകൾ പഠിക്കണം. ആദ്യത്തേത് മാതൃഭാഷ. രണ്ടാമത്തേത് ഇംഗ്ലീഷ്. മൂന്നാമത്തേത് നിർബന്ധമല്ല ഐച്ഛികമാണ്, ഏത് ഭാഷ വേണമെങ്കിലും തിരഞ്ഞെടുക്കാം. ഈ ഭാഗത്താണ് തമിഴ്‌നാട്ടിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ഹിന്ദിഭ്രാന്ത് രാഷ്ട്രീയം പൊളിഞ്ഞത്. ഇതുകേട്ടാണ് ദേശീയ വിദ്യാഭ്യാസനയത്തെ കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകാരും കാവിവൽക്കരണം എന്നാരോപിച്ചത്.
8,9,10 എന്നീ മൂന്ന് വയസ്സുകളിൽ കംപ്യൂട്ടർ വിദ്യാഭ്യാസം അടക്കമുള്ള തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനാണ് പ്രാമുഖ്യം നൽകിയിട്ടുള്ളത്. അഭിരുചിയുള്ള ഭാവി തൊഴിലിനെ തെരഞ്ഞെടുക്കുവാനുള്ള യുവാവിന്റെയോ യുവതിയുടെയോ തീരുമാനമാണ് ഇതിലൂടെ പുറത്തുവരുന്നത്.

സ്റ്റാലിന്റെ ഇരട്ടത്താപ്പുകൾ

ഒരിക്കൽ ഒരു ജഡ്ജിക്ക് നാവുപിഴച്ചതുകൊണ്ട് എന്തിനും കോടതിയേ ശരണം എന്നായിരിക്കുന്നു സ്റ്റാലിന്റെ പോംവഴികൾ. എന്തായാലും തമിഴ്‌നാട്ടിൽ നിന്നുള്ള സുപ്രീം കോടതിയിലെ വക്കീലന്മാർക്കും കബിൽ സിബിലിനെപ്പോലുള്ള കോൺഗ്രസ് റിട്ടയേർഡ് വക്കീൽ വിദഗ്ദ്ധന്മാർക്കും നല്ല കോളായിരിക്കുകയാണ്. തമിഴ്‌നാട് ഗവർണർ എന്തായാലും ദൽഹിയിലെ വക്കീലന്മാർക്ക് ഒരനുഗ്രഹമാണ്.
കേരളത്തിലെ ഗവർണറായിരുന്ന ആരിഫ് മുഹമ്മദ്ഖാന്റെ കാലത്താണ് ദൽഹിയിലെ വക്കീലന്മാർക്ക് ലക്ഷക്കണക്കിന് ഫീസുകൊടുത്ത് കേരള സർക്കാരിന്റെ നടുവൊടിഞ്ഞത്.

എം.കെ. സ്റ്റാലിന്റെ മകൻ ഉദയനിധിയെ ഡെപ്യൂട്ടി മുഖ്യമന്ത്രിയാക്കി അദ്ദേഹത്തെക്കൊണ്ട് സനാതനധർമ്മത്തെ വിമർശിച്ചു. കോൺഗ്രസ്സുകാരും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാബാനർജിയും വിമർശിച്ചിട്ടും ഉദയനിധി സ്റ്റാലിൻ കുലുങ്ങിയില്ല. എം.കെ. സ്റ്റാലിന്റെ ഭാര്യ ശാന്ത എന്ന ദുർഗയെ 85 കിലോ സ്വർണ്ണവുമായി ഗുരുവായൂരപ്പന്റെ നടയ്ക്ക് വച്ചു. ഉദയനിധിക്ക് ഒരു ഒന്നൊന്നര പണികൊടുത്തു.

മധുരയിലും മുരുകസംഗമം

തമിഴ്‌നാട്ടിൽ അയ്യപ്പനേക്കാൾ പ്രാമുഖ്യം ശ്രീമുരുകനാണ്. കേരളത്തിൽ അയ്യപ്പന്റെ പമ്പാസംഗമം ഉദ്ഘാടനം ചെയ്യാൻ സർക്കാർ ക്ഷണിച്ചുവെങ്കിലും പങ്കെടുക്കാതിരുന്ന തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മധുരയിൽ ശ്രീമുരുകസംഗമം സംഘടിപ്പിച്ചു.
വിജയ് നടൻ തുടങ്ങിവച്ച ടി.വി.കെ പാർട്ടിയുടെ റാലികൾ തമിഴ് രാഷ്ട്രീയത്തെ പ്രകമ്പനം കൊള്ളിക്കുകയാണ്. ആർത്തിരമ്പുന്ന ആൾക്കൂട്ടത്തിൽ ജനങ്ങൾ ചത്തൊടുങ്ങുന്നത് അവിടെ ഒരു പ്രശ്‌നവുമല്ല. സി.എസ്.ഐ വിഭാഗത്തിൽപ്പെടുന്ന തമിഴ്‌നാട്ടിലെ ഭൂരിപക്ഷം ക്രിസ്ത്യൻ വിഭാഗങ്ങളുടെ പിന്തുണയും ടി.വി.കെക്കൊപ്പമാണ്. അതുകൊണ്ട് പരമാവധി മുസ്ലീങ്ങളുടെ പിന്തുണ സമാഹരിക്കാനാണ് സ്റ്റാലിന്റെ ശ്രമം. അതിനുവേണ്ടി മുസ്ലീം മന്ത്രിമാരെയും എം.എൽ.എമാരെയും ഇളക്കിവിടുകയാണ് സ്റ്റാലിൻ ചെയ്തുകൊണ്ടിരിക്കുന്നത്.
പ്രസിദ്ധമായ മുരുകക്ഷേത്രങ്ങളിലൊന്നാണ് തിരുപ്പുറംകുൺട്രം. ആ മലയിൽ ഒരു മുസ്ലീം പള്ളിയിൽ ആടിനെ ബലികൊടുക്കുന്ന ആചാരമുണ്ടായിരുന്നു. വളരെക്കാലമായി നിർത്തിവച്ചിരുന്ന ആ ബലികർമ്മം തമിഴ്‌നാട്ടിലെ ഒരു മുസ്ലീം മന്ത്രിയുടെ നേതൃത്വത്തിൽ പുനരാരംഭിച്ചു. അതിൽ പ്രതിഷേധിച്ച് ഹിന്ദുമുന്നണി തിരുപ്പുറംകുൺട്രത്ത് ആരംഭിച്ച മുരുകഭക്തരുടെ റാലികൾ മുഖ്യമന്ത്രി സ്റ്റാലിൻ നിരോധിച്ചു. തമിഴ്‌നാട് ഹൈക്കോടതി അനുമതി നൽകി. തിരുപ്പുറംകുണ്ടം, മധുര, തഞ്ചാവൂർ മുതൽ മുസ്ലീം വിരുദ്ധ റാലികൾ തമിഴ്‌നാട്ടിലാകെ പടർന്നുപിടിച്ചു.
ആരോ ഉപദേശിച്ചപ്രകാരമാണ് മധുരയിൽ സർക്കാർ ആസൂത്രണം ചെയ്ത മുരുകസംഗമം നടന്നത്.

എല്ലാം കോടതി ശരണം

തമിഴ്‌നാട്ടിൽ കേന്ദ്രത്തിൽ നിന്നും എന്തും കിട്ടേണ്ടത് അവകാശമാണെന്ന് ദൽഹിയിലുള്ള വക്കീലന്മാർ ഉപദേശം കൊടുത്തതുകൊണ്ടാകണം, എല്ലാത്തിനും കേസിന് പോകാൻ സുപ്രീംകോടതിക്ക് സ്റ്റാലിൻ വെച്ചുപിടിക്കുന്നത്. തമിഴ്‌നാടിന്റെ വരുമാനം വച്ചുനോക്കുമ്പോൾ കേരളം ഒരു ദരിദ്ര്യവാസി സംസ്ഥാനമാണ്. ആരിഫ് മുഹമ്മദ്ഖാൻ ഗവർണ്ണറോട് കളിക്കാൻ പോയി ഖജനാവിലെ കാശുവാരിവാരിക്കൊടുത്ത് വടക്കേ ഇൻഡ്യക്കാരായ സുപ്രീംകോടതിയിലെ വക്കീൽ ഗോസായി മാരുടെ കീശ വീർത്തതല്ലാതെ, ട്രഷറി പൂട്ടിയതുമാത്രം മിച്ചം.
അതുകൊണ്ടാണ് പിണറായി വിജയൻ ദൽഹിയിൽ പോയി പ്രധാനമന്ത്രിയെക്കണ്ട് സമവായം പാലിച്ചത്. ദൽഹിയിൽ തണുപ്പുകാലത്ത് പുതയ്ക്കാൻ കിട്ടുന്നത് കമ്പിളിപ്പുതപ്പാണ് കാവിപ്പുതപ്പല്ല; രാജ്ഭവനിൽ ചെന്ന് ഭാരതാംബയുടെ സാരി മാറ്റാൻ മുദ്രാവാക്യം വിളിച്ച സി.പി.ഐ മന്ത്രിമാരെ പ്രോത്സാഹിപ്പിച്ച വി.ശിവൻകുട്ടിയെ എ.ഐ.വൈ.എഫുകാരും എ.ഐ.എസ്.എഫുകാർ പിള്ളേരും മുദ്രാവാക്യം വിളിച്ചു കോണകമുടുപ്പിച്ചു ചീത്തവിളിച്ചു.

ഇടയ്ക്കിടയ്ക്ക് ചെന്നൈയ്ക്ക് പോകുന്ന ഡി. രാജ മുഖ്യമന്ത്രി സ്റ്റാലിനെക്കണ്ട് കോടതികയറ്റത്തിലൊരു ഉപദേശം വാങ്ങി ബിനോയ് വിശ്വത്തെ ഏൽപ്പിച്ചിരുന്നെങ്കിൽ, അസൂയക്കാരനായ ശിവൻകുട്ടിയെ ചീത്തകേൾപ്പിക്കാതെങ്കിലും ഇരിക്കാമായിരുന്നു.
സാമ്പത്തികസംവരണ ഭരണഘടന ഭേദഗതിക്കെതിരെ പാർലമെന്റിൽ നരേന്ദ്രമോദി കൊണ്ടുവന്ന ബില്ലിനെ എതിർത്ത് രണ്ട് സി.പി.ഐ അംഗങ്ങൾ വോട്ടു ചെയ്തിട്ടും, ഭൂരിപക്ഷത്തോടെ പാസ്സാക്കി. സുപ്രീംകോടതിയുടെ ഫുൾ ബെഞ്ച് പാസാക്കിയ നിയമത്തിന്റെ ആനുകൂല്യങ്ങൾ ഒരു ഉളുപ്പുമില്ലാതെ സ്വീകരിക്കുന്നവരിൽ സി.പി.ഐ അടക്കമുള്ള എതിർപ്പന്മാരുമുണ്ട്.

പി.എം.ശ്രീക്കെതിരെ തമിഴ്‌നാട്ടിൽ നിയമവഴി

തമിഴ്‌നാട് സർക്കാർ സംസ്ഥാനത്തിന്റെ അവകാശനിഷേധം എന്ന നിലയിലാണ് ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെയും പി.എം.ശ്രീക്കെതിരെയും മദ്രാസ് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ഹർജികൾ ഫയൽ ചെയ്തത്. സുപ്രീം കോടതിയുടെ രണ്ടാം ബഞ്ച് കേന്ദ്ര സർക്കാരിന്റെ മറുപടി ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുകയാണ്.
എന്തുകൊണ്ടാണ് കേരളത്തിലെ സി.പി.ഐ നേതൃത്വം ഇടതുമുന്നണിക്ക് ഈ ഉപദേശം നൽകാതെ ഒരു രാഷ്ട്രീയ പ്രതിസന്ധിയുണ്ടാക്കിയത്?
തെരഞ്ഞെടുപ്പുകമ്മീഷൻ പ്രഖ്യാപിച്ച എസ്.ഐ.ആർ ഉത്തരവിനെതിരെയും സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്യാനാണ് തമിഴ്‌നാട് മുഖ്യമന്ത്രി വിളിച്ചുചേർത്ത സർവ്വകക്ഷി യോഗത്തിന്റേയും തീരുമാനം.

ബീഹാറിലെ തെരഞ്ഞെടുപ്പുഫലം വിലയിരുത്തിയ ശേഷമായിരിക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ എസ്.ഐ.ആറിന്റെ കാര്യത്തിൽ ഒരു തീരുമാനം എടുക്കുക. കേരളത്തിനും ഈ മാർഗ്ഗം സ്വീകരിക്കാം. 2026 ൽ തെരഞ്ഞെടുപ്പു നടക്കേണ്ട പശ്ചിമബംഗാളും ആസാമും കോടതിവഴിതന്നെ സ്വീകരിക്കാനുള്ള സാധ്യതയാണ് കാണുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img