02:19am 10 November 2026
NEWS
മകന്റെ ചേലാകർമ്മം ചെയ്യരുതെന്ന് മസ്ക് ആവശ്യപ്പെട്ടു
18/04/2025  02:20 PM IST
nila
മകന്റെ ചേലാകർമ്മം ചെയ്യരുതെന്ന് മസ്ക് ആവശ്യപ്പെട്ടു

ടെസ്‌ല സിഇഒ ഇലോൺ മസ്കിന്റെ പതിമൂന്നാമത്തെ കുഞ്ഞിന് താൻ ജന്മം നൽകിയെന്ന് വെളിപ്പെടുത്തിയ യുവതി മസ്കുമായുള്ള തന്റെ ബന്ധത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി. എഴുത്തുകാരിയും ഇൻഫ്ളുവൻസറുമായ ആഷ്‌ലി സെയിന്റ് ക്ലെയർ ആണ് മസ്കുമായുള്ള ബന്ധവും കുഞ്ഞ് ജനിക്കാനിടയായ സാഹചര്യവും കുഞ്ഞ് ജനിച്ചതിന് ശേഷമുള്ള സംഭവവികാസങ്ങളുമെല്ലാം വെളിപ്പെടുത്തിയത്. 

റോമുലസ് എന്നാണ് തന്റെയും മസ്കിന്റെയും കുഞ്ഞിന്റെ പേരെന്ന് ആഷ്ലി വെളിപ്പെടുത്തി. കുഞ്ഞ് ജനിക്കുന്നതിന് മുമ്പും അതിന് ശേഷവും മസ്ക് ചില നിബന്ധനകൾ മുന്നോട്ടുവെച്ചെന്നും യുവതി പറയുന്നു. കുഞ്ഞിന്റെ പിതൃത്വം വെളിപ്പെടുത്താതിരിക്കാൻ തനിക്ക് കോടിക്കണക്കിന് രൂപ വാ​ഗ്ദാനം ചെയ്തെന്നും യുവതി പറഞ്ഞു. എന്നാൽ, അത് താൻ നിരസിക്കുകയാണുണ്ടായതെന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ. 

കുഞ്ഞിനെ കുറിച്ചുള്ള കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കാൻ മസ്‌ക് തുടക്കത്തിൽ തനിക്ക് 128 കോടി രൂപ വാഗ്ദാനം ചെയ്‌തെന്നാണ് ആഷ്ലി പറയുന്നത്. എന്നാൽ താനത് നിരസിച്ചെന്നും ആഷ്‌ലി വ്യക്തമാക്കിയതായി വാൾ സ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ടിൽ പറയുന്നു. മസ്‌ക് ബീജം ദാനം ചെയ്തതല്ലെന്നും സെന്റ് ബാർട്‌സിലെ പുതുവത്സര ആഘോഷവുമായ ബന്ധപ്പെട്ട അവധിക്കാലത്താണ് കുഞ്ഞിനെ ഗർഭം ധരിച്ചതെന്നും 26-കാരി പറയുന്നു.

2023 മെയ് മാസത്തിലാണ് മസ്‌ക് ആദ്യമായി 'എക്‌സി'ലൂടെ ബന്ധപ്പെട്ടത്. അവരുടെ ബന്ധം വളരെ വേഗത്തിൽതന്നെ കുട്ടികളുണ്ടാക്കുന്ന ചർച്ചകളിലേക്ക് വളർന്നെന്നും ആഷ്‌ലി പറയുന്നു. പുതുവത്സരാഘോഷത്തിനായുള്ള യാത്രയ്ക്കിടെ താൻ ഇപ്പോൾ ഗർഭം ധരിക്കാനാവുന്ന സാഹചര്യത്തിലാണെന്ന് ആഷ്‌ലി മസ്‌കിനോട് പറഞ്ഞതായും 'അങ്ങനെയാണെങ്കിൽ നമ്മൾ എന്തിനാണ് കാത്തിരിക്കുന്നത്?' എന്ന് മസക് മറുപടി നൽകിയതായും റിപ്പോർട്ടിലുണ്ട്.

സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുക്കണമെന്നായിരുന്നു മസ്‌കിന്റെ ആവശ്യം. സാധാരണ പ്രസവം കുഞ്ഞിന്റെ തലച്ചോറിന്റെ വളർച്ചയെ പരിമിതപ്പെടുത്തുമെന്ന് മസ്‌ക് വിശ്വസിച്ചിരുന്നു. മകന്റെ ചേലാകർമ്മം ചെയ്യരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ, ജൂതമത വിശ്വാസിയായ താൻ അതിനായി വാശി പിടിച്ചുവെന്നും ആഷ്‌ലി പറയുന്നു.

മസ്‌ക് തുടക്കത്തിൽ തന്റെ മാനേജർ വഴി ഒരു സാമ്പത്തിക ഉടമ്പടി നിർദേശിച്ചിരുന്നുവെന്ന് വാൾ സ്ട്രീറ്റ് ജേണലിലെ റിപ്പോർട്ടിൽ പറയുന്നു. ജനന സർട്ടിഫിക്കറ്റിൽനിന്ന് തന്റെ പേര് ഒഴിവാക്കുന്നത് ഉൾപ്പെടെ മകന്റെ ജനനം രഹസ്യമാക്കി വെയ്ക്കുന്നതിന് 128 കോടി രൂപയ്‌ക്കൊപ്പം പ്രതിമാസം 85 ലക്ഷം രൂപയും വാഗ്ദാനം ചെയ്തിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. ആഷ്‌ലി അത് അംഗീകരിച്ചില്ല. മകനെ രഹസ്യമാക്കിവെയ്ക്കാൻ താത്പര്യമില്ലെന്നും മകനെ അച്ഛൻ ആരാണെന്ന് അറിയാത്ത തരത്തിൽ വളർത്താൻ ആഗ്രഹിക്കുന്നില്ലെന്നും ആഷ്‌ലി മാനേജറെ അറിയിച്ചു. തന്റെ സുരക്ഷയെ കുറിച്ച് ആശങ്കയും മസ്‌ക് പ്രകടിപ്പിച്ചിരുന്നു. കൊലപാതക ഭീഷണി നേരിടുന്നവരിൽ ട്രംപിനുശേഷം രണ്ടാം സ്ഥാനത്തുള്ളത് താനാണെന്ന് ആഷ്‌ലിയോട് മസ്‌ക് പറഞ്ഞിരുന്നു.

കുഞ്ഞ് തന്റേതാണോ അല്ലയോ എന്നത് തനിക്ക് അറിയില്ലെന്നും അത് കണ്ടെത്താനുള്ള പരിശോധനയ്ക്ക് തയ്യാറാണെന്നും മസ്‌ക് പരസ്യമായി വ്യക്തമാക്കിയിരുന്നു. പിന്നീട് കോടതി പുറത്തുവിട്ട ഉത്തരവിട്ട പിതൃത്വ പരിശോധനയിൽ 99.9999% ഉറപ്പോടെ മസ്‌ക് പിതാവാണെന്ന് സ്ഥിരീകരിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. പീപ്പിൾ മാഗസിന് നൽകിയ അഭിമുഖത്തിൽ ആഷ്‌ലിയുടെ വക്താവും ഇതേ കാര്യം ആവർത്തിച്ചിരുന്നു. തന്റെ കുഞ്ഞിന്റെ അച്ഛനാണ് മസ്‌ക് എന്ന് 'എക്‌സി'ലെ കുറിപ്പിലൂടെ താൻ പരസ്യമാക്കിയതിന് ശേഷം മസ്‌ക് തന്റെ 128 കോടി രൂപയുടെ വാഗ്ദാനം പിൻവലിച്ചുവെന്നും കോടതിയെ സമീപിച്ചതോടെ പ്രതിമാസം തരുമെന്ന് പറഞ്ഞിരുന്ന പണം 34 ലക്ഷമായി കുറഞ്ഞുവെന്നും ആഷ്‌ലി ആരോപിക്കുന്നു.

മസ്‌കിന്റെ 13-ാമത്തെ കുഞ്ഞിന്റെ മാതാവ് താനാണെന്നും അഞ്ചുമാസം മുൻപാണ് കുഞ്ഞിന് ജന്മം നൽകിയതെന്നുമായിരുന്നു ആഷ്‌ലി ഫെബ്രുവരിയിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞിരുന്നത്. കുഞ്ഞിനെ സാധാരണവും സുരക്ഷിതവുമായ അന്തരീക്ഷത്തിൽ വളർത്താനാണ് ഉദ്ദേശിക്കുന്നത്. മാധ്യമങ്ങൾ കുഞ്ഞിന്റെ സ്വകാര്യതയെ മാനിക്കണമെന്നും ആഷ്‌ലി 'എക്‌സി'ൽ കുറിച്ചിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img