
കോഴിക്കോട്: താമരശ്ശേരിയിൽ അമ്മയെ കൊലപ്പെടുത്തിയ ആഷിഖിനെ കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ആഷിഖിന്റെ മാനസികാരോഗ്യം പരിശോധിക്കാനാണ് കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ ശേഷം നാളെ ആഷിഖുമായി തെളിവെടുപ്പ് നടത്തിയേക്കുമെന്നാണ് റിപ്പോർട്ട്.
ഒരാഴ്ച മുൻപാണ് ആഷിഖ് ബെംഗളൂരുവിൽ നിന്ന് നാട്ടിൽ എത്തിയത്ത്. തേങ്ങ പൊളിക്കാൻ എന്ന് പറഞ്ഞ് സമീപവാസിയുടെ വീട്ടിൽ നിന്ന് ആഷിഖ് വെട്ടുകത്തി വാങ്ങിയിരുന്നു. ഇത് ഉപയോഗിച്ചാണ് ആഷിഖ് അമ്മയെ വെട്ടികൊലപ്പെടുത്തിയത്. കൊടുവാൾ വാങ്ങി പോകുന്നതിന്റെയും കൃത്യ നിർവ്വഹണത്തിന് ശേഷം കത്തി കഴുകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചെന്നും റിപ്പോർട്ടുകളുണ്ട്.
ലഹരിക്കടിമയായ ആഷിഖ് സ്വന്തം അമ്മയെ കൊലപ്പെടുത്താൻ മുൻപും പദ്ധതിയിട്ടിരുന്നു. ജന്മം നൽകിയതിനുള്ള ശിക്ഷയാണ് നടപ്പാക്കിയതെന്നായിരുന്നു നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുമ്പോൾ ആഷിഖിൻ്റെ പ്രതികരണം. ആഷിഖ് കോളേജ് കാലത്താണ് ലഹരിക്ക് അടിമയായതെന്ന് കൊല്ലപ്പെട്ട സുബൈദയുടെ സഹോദരി സക്കീന പറയുന്നത്.











