
കോഴിക്കോട്: കഴിഞ്ഞ ദിവസം ഭാര്യ ഷിബിലയെ വെട്ടിക്കൊലപ്പെടുത്തിയ യാസിർ താമരശ്ശേരി പുതുപ്പാടിയിൽ ഉമ്മയെ വെട്ടിക്കൊന്ന ആഷിക്കിന്റെ ഉറ്റസുഹൃത്തെന്ന് റിപ്പോർട്ട്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും പുറത്തുവന്നു. ആഷിക്കും യാസിറും ഒരേ തട്ടുകയിലാണ് ജോലി ചെയ്തിരുന്നത്. ഈ കടയുടെ മറവിലാണ് ലഹരികച്ചവടം നടക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.
താമരശ്ശേരി ചുരത്തിലെ ഈ തട്ടുകട ലഹരി വ്യാപനത്തിന്റെ കേന്ദ്രമെന്നാണ് ജനകീയ സമിതി പറയുന്നത്. പരാതിയെ തുടർന്ന് ഈ കട പൂട്ടിയിരുന്നെങ്കിലും വീണ്ടും തുറന്ന തട്ടുകടയുടെ മറവിൽ ലഹരി വില്പന നടക്കുന്നു എന്നാണ് ഉയരുന്ന ആരോപണം.
അതേസമയം, താമരശ്ശേരി മേഖലയിലെ രാസ ലഹരിക്കെതിരെ നിലപാടെടുക്കുന്ന ലഹരി വിരുദ്ധ പ്രവർത്തകരെ ലക്ഷ്യമിട്ടിരിക്കുകയാണ് ലഹരി മാഫിയ. ഫോട്ടോ പ്രചരിപ്പിച്ച് മർദ്ധിക്കുമെന്ന് ഭീഷണി മുഴക്കുന്നു. ലഹരിക്കെതിരായി സ്ഥാപിച്ച ബോർഡുകൾ നശിപ്പിച്ചു. പൊലീസും സഹായിക്കുന്നില്ലെന്നാണ് ജനകീയ കർമ്മ സമിതി പറയുന്നത്. ലഹരി മാഫിയ താവളം ആക്കുന്നത് ചുരവും പരിസരവുമാണെന്നും പ്രതീക്ഷകൾ നഷ്ടമായെന്നും ജനകീയ സമിതി പറയുന്നു.











