
ദോഹ: അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ കാര്യക്ഷമതയും ഗുണനിലവാരവും വർദ്ധിപ്പിക്കുന്നതിനായി അത്യാധുനിക സാങ്കേതികവിദ്യകളും ആധുനിക യന്ത്രസാമഗ്രികളും നടപ്പിലാക്കി ഖത്തർ പൊതുമരാമത്ത് അതോറിറ്റി (അശ്ഗാൽ). സ്മാർട്ട് സൊല്യൂഷനുകൾ നടപ്പിലാക്കുന്നതിനും പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുമുള്ള അതോറിറ്റിയുടെ വിപുലമായ തന്ത്രത്തിന്റെ ഭാഗമായാണ് ഈ പുതിയ നീക്കം.
റോഡുകളുടെ വശങ്ങൾ നിർമ്മിക്കുന്നതിനും (Curb) പേവിംഗ് ജോലികൾക്കുമായി 'വിർട്ട്ഗൻ എസ്.പി 25' (Wirtgen SP 25) എന്ന അത്യാധുനിക യന്ത്രമാണ് അശ്ഗാൽ ഇപ്പോൾ സജ്ജമാക്കിയിരിക്കുന്നത്. നിർമ്മാണ സ്ഥലങ്ങളിലെ വ്യത്യസ്ത ആവശ്യങ്ങൾക്കനുസരിച്ച് മാറ്റങ്ങൾ വരുത്താൻ സാധിക്കുന്ന മോഡുലാർ ഡിസൈനാണ് ഇതിന്റെ പ്രത്യേകത. കൂടാതെ, സ്മാർട്ട് ട്രാൻസ്പോർട്ട് സംവിധാനം ഉള്ളതിനാൽ വിവിധ നിർമ്മാണ മേഖലകളിലേക്ക് ഇത് വേഗത്തിൽ എത്തിക്കാനും സാധിക്കും.
പരമ്പരാഗതമായി ആളുകളെ ഉപയോഗിച്ച് ചെയ്യുന്ന കഠിനമായ ജോലികൾ കുറയ്ക്കാനും ലഭ്യമായ വിഭവങ്ങൾ കൃത്യമായി വിനിയോഗിക്കാനും പുതിയ സാങ്കേതികവിദ്യയിലൂടെ സാധിച്ചതായി അശ്ഗാൽ വ്യക്തമാക്കി. ഒറ്റത്തവണത്തെ പ്രവർത്തനം കൊണ്ട് തന്നെ വലിയ രീതിയിലുള്ള കോൺക്രീറ്റ് മിശ്രിതം ഉയർന്ന വേഗതയിൽ നിരത്താൻ ഇതിനാകും. ഇത് പരമ്പരാഗത നിർമ്മാണ രീതിയിലെ പല ഘട്ടങ്ങൾ ഒഴിവാക്കാനും, ഗുണനിലവാരം ഉയർത്തിക്കൊണ്ട് തന്നെ പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കാനും സഹായിക്കുന്നു.
ത്രിമാന (3D) സാങ്കേതികവിദ്യയിലുള്ള അത്യാധുനിക നിയന്ത്രണ സംവിധാനങ്ങളാണ് ഇതിൽ ക്രമീകരിച്ചിരിക്കുന്നത്. ഡിജിറ്റൽ മോഡലുകളെ അടിസ്ഥാനമാക്കി കൃത്യമായ പാതകൾ നിർമ്മിക്കുന്ന വിർട്ട്ഗന്റെ 'ഓട്ടോപൈലറ്റ്' (AutoPilot) സ്മാർട്ട് ഓപ്പറേറ്റിംഗ് സിസ്റ്റം ഇതിലുള്ളതിനാൽ, പരമ്പരാഗതമായ കയറുകളോ അടയാളങ്ങളോ ഉപയോഗിക്കാതെ തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനാകും.
വളവുകളും റൗണ്ട് എബൗട്ടുകളും ഉള്ള സങ്കീർണ്ണമായ റോഡുകളിൽ പോലും അതീവ കൃത്യതയോടെ നിർമ്മാണം പൂർത്തിയാക്കാൻ ഈ സാങ്കേതികവിദ്യ സഹായിക്കുമെന്ന് അതോറിറ്റി കൂട്ടിച്ചേർത്തു. ഉൽപ്പാദനക്ഷമതയും സുസ്ഥിരതയും വർദ്ധിപ്പിച്ചുകൊണ്ട് രാജ്യത്തെ നിർമ്മാണ മേഖലയെ ആധുനികവൽക്കരിക്കാനുള്ള ഖത്തറിന്റെ ശ്രമങ്ങൾക്ക് ഈ ചുവടുവെപ്പ് വലിയ കരുത്താകും.










