
ദോഹ: ഖത്തറിലെ റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും കാൽനടയാത്രക്കാരുടെ സഞ്ചാരം സുഗമമാക്കുന്നതിനുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 47 കാൽനട പാലങ്ങളുടെയും തുരങ്കങ്ങളുടെയും നിർമ്മാണം പൂർത്തിയാക്കിയതായി പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) അറിയിച്ചു.
ഗതാഗത മന്ത്രാലയവുമായി സഹകരിച്ചാണ് ഈ പദ്ധതികൾ നടപ്പിലാക്കിയത്. രാജ്യത്തെ പ്രധാന പാതകളിലും ജനസാന്ദ്രതയേറിയ മേഖലകളിലുമാണ് പുതിയ പാലങ്ങളും തുരങ്കങ്ങളും നിർമ്മിച്ചിരിക്കുന്നത്. റോഡ് മുറിച്ചുകടക്കുമ്പോഴുണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കുന്നതിനും വാഹനഗതാഗതത്തിന് തടസ്സമില്ലാതെ കാൽനടയാത്രക്കാർക്ക് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനും ഈ സംവിധാനങ്ങൾ വലിയ സഹായമാകും.
ആധുനിക രീതിയിലുള്ള സൗകര്യങ്ങളോടും സുരക്ഷാ സംവിധാനങ്ങളോടും കൂടിയാണ് ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നത്. രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയൊരു ചുവടുവെപ്പാണ് ഈ പദ്ധതിയെന്ന് അഷ്ഗാൽ എക്സ് (X) പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി.










