
ദോഹ: രാജ്യത്തിന്റെ ഗതാഗത ഇൻഫ്രാസ്ട്രക്ചർ മെച്ചപ്പെടുത്തുന്നതിനും യാത്രാ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനുമുള്ള സുപ്രധാന ചുവടുവെപ്പായി, പടിഞ്ഞാറൻ മേഖലകളിലെ റോഡ് വികസന പദ്ധതിയുടെ ഏഴാം ഘട്ടം പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) പൂർത്തിയാക്കി. വർദ്ധിച്ചുവരുന്ന ജനസംഖ്യയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും വടക്കൻ-പടിഞ്ഞാറൻ ഖത്തറിലെ പൊതുസേവന കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനക്ഷമത എളുപ്പമാക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതി.
അൽ സൈലിയ, അൽ ഗറാഫ, അൽ കരാന, അൽ നസ്രാനിയ, മിസൈമീർ എന്നീ പ്രദേശങ്ങളിലാണ് ഈ വികസന പ്രവൃത്തികൾ നടന്നതെന്ന് റോഡ് പ്രോജക്ട് ഡിപ്പാർട്ട്മെന്റിലെ പ്രോജക്ട് എഞ്ചിനീയർ ഹസ്സൻ അൽ നാമ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി ഈ മേഖലകളിൽ ആകെ 39 കിലോമീറ്റർ റോഡാണ് ആധുനിക നിലവാരത്തിലേക്ക് ഉയർത്തിയത്.അൽ സൈലിയയിൽ അൽ സൈലിയ റോഡിലും അനുബന്ധ പ്രധാന പാതകളിലും വിപുലമായ നവീകരണമാണ് നടത്തിയത്. അൽ ഗറാഫ, അൽ കരാന, അൽ നസ്രാനിയ എന്നിവിടങ്ങളിൽ ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം പുതിയ വീടുകളിലേക്കുള്ള മലിനജല കണക്ഷനുകളും ലഭ്യമാക്കി. കൂടാതെ, അൽ ഖരൈജ് ബീച്ചിലേക്ക് പ്രവേശനം സുഗമമാക്കുന്നതിനായി 15 കിലോമീറ്ററിലധികം നീളമുള്ള പുതിയ റോഡും ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചു. മിസൈമീറിലെ നിരവധി സർക്കാർ പൊതുസേവന സ്ഥാപനങ്ങളിലേക്കുള്ള റോഡ് ശൃംഖലയും മനോഹരമാക്കി.
85 ശതമാനവും സ്വദേശി ഉൽപ്പന്നങ്ങൾ:
ഈ പ്രോജക്റ്റിന്റെ വിജയത്തിനായി ഖത്തറിലെ പ്രാദേശിക വ്യവസായ മേഖല വലിയ സംഭാവനയാണ് നൽകിയതെന്ന് അഷ്ഗാൽ എടുത്തുപറഞ്ഞു. ഗാബ്രോ അഗ്രഗേറ്റുകൾ, ലൈറ്റിംഗ് പോസ്റ്റുകൾ, പൈപ്പുകൾ, അസ്ഫാൽറ്റ് ലെയറുകൾ, പ്രീകാസ്റ്റ് മാൻഹോളുകൾ എന്നിവയെല്ലാം ഖത്തറിൽ നിർമ്മിച്ചവയാണ് ഉപയോഗിച്ചത്. പദ്ധതിക്കാവശ്യമായ മൊത്തം സാമഗ്രികളിൽ 85 ശതമാനവും ആഭ്യന്തര ഉൽപ്പാദകരിൽ നിന്നും വിതരണക്കാരിൽ നിന്നുമാണ് ലഭ്യമാക്കിയത്. വലിയ അടിസ്ഥാന സൗകര്യ വികസനങ്ങൾ നടപ്പിലാക്കുമ്പോഴും രാജ്യത്തെ ആഭ്യന്തര വ്യവസായങ്ങളെ പിന്തുണയ്ക്കാൻ ഖത്തർ നൽകുന്ന മുൻഗണനയുടെ തെളിവാണ് ഇതെന്ന് അതോറിറ്റി വ്യക്തമാക്കി.










