
ദോഹ: രാജ്യത്തെ സൈബർ സുരക്ഷാ ശേഷി ശക്തിപ്പെടുത്തുന്നതിനും ജീവനക്കാരുടെ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനും നൽകിയ സംഭാവനകൾ മുൻനിർത്തി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റിക്ക് (അശ്ഗാൽ) ദേശീയ സൈബർ സുരക്ഷാ ഏജൻസിയുടെ (NCSA) എക്സലൻസ് അവാർഡ്. ഏജൻസി സംഘടിപ്പിച്ച 'ഫ്രം അഡോപ്ഷൻ ടു ഇംപാക്ട്' (From Adoption to Impact) എന്ന പ്രത്യേക ചടങ്ങിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. അശ്ഗാലിന് വേണ്ടി ഹ്യൂമൻ റിസോഴ്സ് ഡിപ്പാർട്ട്മെന്റ് മാനേജർ റാഷിദ് സയീദ് അൽ ഹാജ്രി അവാർഡ് ഏറ്റുവാങ്ങി.
വിവിധ സ്പെഷ്യലൈസ്ഡ് സൈബർ സുരക്ഷാ ട്രെയിനിങ് പ്രോഗ്രാമുകളിലും തദ്ദേശീയമായ സംരംഭങ്ങളിലുമായി അശ്ഗാലിലെ ജീവനക്കാർ ആയിരത്തിലധികം തവണ പങ്കാളിത്തം ഉറപ്പാക്കിയതാണ് ഈ നേട്ടത്തിന് അർഹമാക്കിയത്. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഡിജിറ്റൽ വെല്ലുവിളികളെ നേരിടാൻ ജീവനക്കാരെ പ്രാപ്തരാക്കുന്നതിനും സൈബർ സുരക്ഷയെക്കുറിച്ചുള്ള ബോധവൽക്കരണം നിരന്തരമായി മെച്ചപ്പെടുത്തുന്നതിനും ഇത് വഴിയൊരുക്കി.
കോർപ്പറേറ്റ് മികവ് പുലർത്തുകയും സൈബർ സുരക്ഷാ രംഗത്ത് കൃത്യമായ സ്വാധീനം ചെലുത്തുകയും ചെയ്ത രാജ്യത്തെ മികച്ച ആറ് സർക്കാർ സ്ഥാപനങ്ങളിൽ ഒന്നായാണ് അശ്ഗാലിനെ ഈ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്.
ഉയർന്ന ദേശീയ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മനുഷ്യവിഭവശേഷി വികസിപ്പിക്കുന്നതിനും ഡിജിറ്റൽ സന്നദ്ധത ഉറപ്പുവരുത്തുന്നതിനും അശ്ഗാൽ നൽകുന്ന മുൻഗണനയെ അടിവരയിടുന്നതാണ് ഈ അംഗീകാരം.










