12:27pm 17 April 2026
NEWS
ആശ: അനുരാഗത്തിന്റെ നിത്യവസന്തം
13/04/2026  09:11 AM IST
സുരേഷ് വണ്ടന്നൂർ
ആശ: അനുരാഗത്തിന്റെ നിത്യവസന്തം

തൊള്ളായിരത്തി അറുപതുകളുടെ തുടക്കത്തിൽ ജനിച്ച് എൺപതുകളിൽ യൗവനം പിന്നിട്ട ഒരു തലമുറയെ സംബന്ധിച്ചിടത്തോളം രാഹുൽ ദേവ് ബർമ്മൻ എന്ന പഞ്ചം ദാ വെറുമൊരു സംഗീത സംവിധായകനായിരുന്നില്ല; അതൊരു വികാരമായിരുന്നു. എസ്.ഡി ബർമ്മനും ശങ്കർ ജയ് കിഷനും മദൻ മോഹനും പടുത്തുയർത്തിയ ഈണങ്ങളുടെ സാമ്രാജ്യം പതുക്കെ വഴിമാറിക്കൊടുത്തപ്പോൾ, കിഷോർ കുമാർ എന്ന ഗായകൻ വിസ്മയങ്ങൾ തീർത്തുതുടങ്ങിയ കാലം. ലതാ മങ്കേഷ്കർ എന്ന ചക്രവർത്തിനി സംഗീതാലോകം വാഴുമ്പോഴും അവർക്കൊപ്പം തന്നെ മറ്റൊരു സമാന്തര സാമ്രാജ്യം പടുത്തുയർത്തിയ ഗായികയായിരുന്നു അവരുടെ ഇളയ സഹോദരി ആശാ ഭോസ്‌ലെ.
​പണ്ഡിറ്റ് ദീനാനാഥ് മങ്കേഷ്കറുടെ മക്കൾ രണ്ടുപേരും തീരെ ചെറുപ്പത്തിൽത്തന്നെ പാടിയും അഭിനയിച്ചും സിനിമയുടെ ഭാഗമായവരാണ്. ലത നിശ്ചയദാർഢ്യത്തോടെ ഉയരങ്ങൾ കീഴടക്കുമ്പോൾ, വ്യക്തിജീവിതത്തിലെ വെല്ലുവിളികളും പരാജയപ്പെട്ട ദാമ്പത്യവുമായി പൊരുതുകയായിരുന്നു ആശ. എന്നാൽ ലതയുടെ ആധിപത്യത്തെ വെല്ലുവിളിച്ച ഓ.പി. നയ്യാർ എന്ന സംഗീത മാന്ത്രികൻ ആശയിലെ പ്രതിഭയെ തിരിച്ചറിഞ്ഞതോടെ സംഗീത ചരിത്രം തിരുത്തിക്കുറിക്കപ്പെട്ടു. 1956-ൽ 'സി.ഐ.ഡി' എന്ന ചിത്രത്തിലൂടെ ആരംഭിച്ച ആ കൂട്ടുകെട്ട് ആശയെ വളർത്തിയത് സങ്കല്പങ്ങൾക്കും അപ്പുറമുള്ള ഉയരങ്ങളിലേക്കായിരുന്നു. പിന്നീട് ലതയുമായുള്ള പിണക്കത്തിനിടയിൽ എസ്.ഡി. ബർമ്മൻ ആശയ്ക്ക് നൽകിയ 'സുജാത'യിലെ 'കാലിഘട്ടാ ഛായ് മോറാ' എന്ന ഗാനം അവരുടെ കരിയറിലെ വലിയൊരു വഴിത്തിരിവായി.
​പിന്നീട് വന്നത് ആർ.ഡി. ബർമ്മൻ യുഗമായിരുന്നു. പഞ്ചം ദായുടെ പാട്ടുകാരി മാത്രമല്ല, ജീവിതപങ്കാളി കൂടിയായി ആശ മാറി. വൈവിധ്യമാർന്ന ആലാപന ശൈലികൊണ്ട് അവർ ആസ്വാദകരെ വിസ്മയിപ്പിച്ചു. 'പിയാ തൂ അബ്തോ ആജാ'യും 'ദം മാരോ ദമ്മും' പോലുള്ള തട്ടുപൊളിപ്പൻ നമ്പറുകൾ പാടി യുവത്വത്തെ ഹരംകൊള്ളിച്ച അതേ ആവേശം ഒട്ടും കുറയാതെ തന്നെ ഖയ്യാമിന്റെ സംഗീത സംവിധാനത്തിൽ 'ഉമ്രാവ് ജാനി'ലെ ഗസലുകളിലും തുമ്രികളിലും അവർ ആവാഹിച്ചു. അറുപത്തിരണ്ടാം വയസ്സിലും ഊർമ്മിളാ മതോന്ദ്കർ എന്ന ഇരുപതുകാരിക്ക് വേണ്ടി 'രംഗീലാ രേ' പാടുമ്പോൾ ആ ശബ്ദത്തിന് കൗമാരത്തിന്റെ പ്രസരിപ്പായിരുന്നു.
​ആശാ ഭോസ്‌ലെയുടെ പാട്ടുകൾ പ്രണയത്തിന്റെ പല ഭാവങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്. എങ്കിലും ഗുൽസാറിന്റെ 'ഇജാസത്ത്' എന്ന ചിത്രം നൽകിയ അനുഭൂതികൾക്ക് പകരം വെക്കാൻ മറ്റൊന്നുമില്ല. രണ്ടു വ്യത്യസ്ത ശൈലികളിൽ റെക്കോർഡ് ചെയ്ത് ചേർത്തു വെച്ച 'ഖത്രാ ഖത്രാ മിൽത്തി ഹേ' എന്ന ഗാനം സാങ്കേതികമായും ഭാവപരമായും ഇന്നും വിസ്മയമാണ്. സംവിധായകൻ കൂടിയായ ഗുൽസാർ തന്റെ വരികളിലൂടെ തീർത്ത 'മേരാ കുഛ് സാമാൻ തുമാരെ പാസ് പദാ ഹേ...' എന്ന ഗാനശില്പം ആശാജിയുടെ ആലാപനത്തിലൂടെ നിത്യതയെ തൊട്ടു. തന്റെ ഓർമ്മവസ്തുക്കൾ മറ്റൊരാളുടെ പക്കൽ ഇരിപ്പുണ്ടെന്ന് അവർ വിരഹത്തോടെ പാടുമ്പോൾ അത് ആസ്വാദകന്റെ ഉള്ളിലെ നൊമ്പരമായി മാറുന്നു. കാലം എത്ര കഴിഞ്ഞാലും, ഗീതങ്ങൾ എത്ര പിറന്നാലും ആശാജി എന്ന ഈ രാഗസാമ്രാജ്യം സംഗീതപ്രേമികളുടെ ഹൃദയങ്ങളിൽ പ്രണയത്തിന്റെയും വിരഹത്തിന്റെയും ഒരായിരം അനുഭൂതികളായി ഭദ്രമായി നിലനിൽക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img