06:13am 22 April 2025
NEWS
ആശാ സമരം: സി.പി.എമ്മിനെ അസ്വസ്ഥമാക്കുന്ന രാഷ്ട്രീയലക്ഷ്യം എന്ത്?
09/04/2025  04:46 PM IST
ചെറുകര സണ്ണീലൂക്കോസ്
ആശാ സമരം: സി.പി.എമ്മിനെ അസ്വസ്ഥമാക്കുന്ന രാഷ്ട്രീയലക്ഷ്യം എന്ത്?
HIGHLIGHTS

''.18 വർഷമായി കഠിന ചൂഷണത്തിനിരയായി നടുവൊടിഞ്ഞ സംസ്ഥാനത്തെ സ്ത്രീതൊഴിലാളികൾ അതിജീവനത്തിന് വേണ്ടി നടത്തുന്ന ഈ സമരത്തിനെതിരായി സി.പി.എംന്റെ നേതാക്കൾ നടത്തുന്ന ദുരാരോപണങ്ങൾ കേരളത്തിലെ പൊതുസമൂഹം തിരിച്ചറിയും എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്''.

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർക്സിസ്റ്റ്) കേന്ദ്രകമ്മിറ്റി അംഗീകരിച്ച 24-ാം പാർട്ടി കോൺഗ്രസ് കരടുരാഷ്ട്രീയ പ്രമേയത്തിലെ ദേശീയസ്ഥിതി വിശകലനം ചെയ്യുന്ന ഭാഗത്ത് തൊഴിലാളി വർഗ്ഗത്തിനുമേലുള്ള രൂക്ഷമായ ചൂഷണം വിശദീകരിക്കുന്ന കൂടെ 2.16 ഖണ്ഡികയിൽ ഇങ്ങനെ പറയുന്നു. 'സ്ത്രീ തൊഴിലാളികൾ ഭൂരിപക്ഷമുള്ള സ്കീം തൊഴിലാളികളെ കൈകാര്യം ചെയ്യുന്ന രീതിയിൽ നിന്ന് കേന്ദ്ര ഗവൺമെന്റിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകളുടെ ആഴം എത്രയെന്ന് വ്യക്തമാകുന്നുണ്ട്. ലക്ഷക്കണക്കിന് സ്ത്രീകൾ സ്വന്തമായി വരുമാനമാർഗ്ഗം തേടി എന്ത് തൊഴിലും ചെയ്യാൻ തയ്യാറായി തുനിഞ്ഞിറങ്ങുന്നതിന്റെ ഭാഗമായാണവർ അംഗനവാടികൾ, പാചകത്തൊഴിൽ, ആശാവർക്കർ മുതലായ സേവനതുറകളിലേക്ക് വരുന്നത്. ഈ സ്ത്രീതൊഴിലാളികളെ നിർലജ്ജം ചൂഷണം ചെയ്യുകയും അവർക്ക് മിനിമം കൂലി, പെൻഷൻ മുതലായ മിനിമം അവകാശങ്ങൾ നിഷേധിക്കുകയുമാണ് കേന്ദ്ര ഗവൺമെന്റ് ചെയ്യുന്നത്. ഇതിലൂടെ മോദി ഗവൺമെന്റ് ഏറ്റവുമധികം തൊഴിലാളി വിരുദ്ധ ഗവൺമെന്റാണെന്ന് തെളിയിച്ചിരിക്കുകയാണ്.'' ബി.ജെ.പി ഭരണത്തിൻ കീഴിൽ സ്ത്രീകൾ നേരിടുന്ന ദുർഘടാവസ്ഥയെക്കുറിച്ച് പറയുന്ന ഭാഗത്ത് 'സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിൽ തുച്ഛമായ തുക നിക്ഷേപിക്കുന്ന ധനവിനിമയ പദ്ധതികൾ ലഭ്യമാക്കാൻ സഹായിക്കുന്നതിനൊപ്പം സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി നടത്തുന്ന പോരാട്ടങ്ങളെ ശക്തിപ്പെടുത്തുകയും വേണം.' (2.49) എന്നുപറയുന്നു.

ഖണ്ഡിക 2.66 ൽ പല സംസ്ഥാനങ്ങളിലും അംഗനവാടികൾ, ആശ, ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾ തുടങ്ങിയ സ്കീം തൊഴിലാളികളുടെ പണിമുടക്കുകളേയും സമരങ്ങളേയും പ്രതിപാദിക്കുന്നുണ്ട്. രാഷ്ട്രീയ പ്രമേയത്തിന്റെ ഏറ്റവും ഒടുവിലാണ് പാർട്ടിയുടെ 'കടമകൾ' എന്തെന്നുപറയുന്നത്. അതിൽ രണ്ടാമത് പറയുന്നത് 'ഉപജീവനപ്രശ്നങ്ങൾ ഭൂമി, ഭക്ഷണം, കൂലി, പാർപ്പിടങ്ങൾ, സാമൂഹ്യസുരക്ഷാ ആനുകൂല്യങ്ങൾ, തൊഴിലവസരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് ഗ്രാമീണ ദരിദ്രരുടേയും തൊഴിലാളി വർഗ്ഗത്തിന്റെയും, നഗരങ്ങളിലെ ദരിദ്രരുടേയും സമരങ്ങളെ പാർട്ടി (സി.പി.എം) വളർത്തുകയും ശക്തപ്പെടുത്തുകയും ചെയ്യണം' എന്നാണ് പറഞ്ഞിരിക്കുന്നത്.

സി.പി.എം കരടുരാഷ്ട്രീയ പ്രമേയത്തിൽ പറയുന്ന സ്കീം തൊഴിലാളികളിൽ കേരളത്തിൽ ആശാവർക്കർമാരായി തൊഴിലെടുക്കുന്ന 26125 സ്ത്രീകളാണുള്ളത്. അവരിൽ ഭൂരിഭാഗം പേരും സി.പി.എംന്റെ തൊഴിലാളി യൂണിയനായ സി.ഐ.റ്റി.യുവിലാണ് അംഗത്വം എടുത്തിട്ടുള്ളത്. കൂടാതെ കോൺഗ്രസ്സിന്റെ തൊഴിലാളി യൂണിയനായ ഐ.എൻ.റ്റി.യു.സിയിലും, ബി.ജെ.പിയുടെ യൂണിയനായ ബി.എം.എസിലും അംഗത്വം എടുത്തിട്ടുള്ള ആശാവർക്കർമാരുമുണ്ട്. മുഖ്യധാരാ രാഷ്ട്രീയപ്പാർട്ടികളുടെ യൂണിയനുകളല്ലാതെ കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ എന്ന സംഘടനയിലും ആയിരത്തിൽ താഴെ ആശാപ്രവർത്തകർ അംഗത്വം എടുത്തിട്ടുണ്ട്. കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ഒരു സ്വതന്ത്ര യൂണിയനാണ് എന്നാണതിന്റെ നേതാക്കൾ അവകാശപ്പെടുന്നതെങ്കിലും അവർ സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ(കമ്മ്യൂണിസ്റ്റ്) (എസ്.യു.സി.ഐ(സി)) എന്ന രാഷ്ട്രീയ പ്രസ്ഥാനം രൂപം നൽകിയ യൂണിയനാണ് എന്നുള്ളതാണ് വാസ്തവം.

കേന്ദ്രാവിഷ്കൃത പദ്ധതിയായി 2007 ൽ തുടങ്ങിയതാണ് അക്രെഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റ് (ആശ) എന്ന സ്കീം. ഒന്നാം യു.പി.എ സർക്കാരിന്റെ കാലത്ത്, ആശമാരെ സന്നദ്ധസേവകായി പരിഗണിക്കുമ്പോൾ അവരുടെ ജോലിഭാരം നന്നേ കുറവായിരുന്നു. ദിവസം രണ്ടോ മൂന്നോ മണിക്കൂറിൽ കൂടുതൽ അവർക്ക് ചുമതലകൾ ഉണ്ടായിരുന്നു. ബാക്കിസമയം മറ്റു തൊഴിൽ ചെയ്യുന്നതിനും തടസ്സമുണ്ടായിരുന്നില്ല. എന്നാൽ 2015-16 മുതൽ ഇവരെ ഏൽപ്പിക്കുന്ന ഉത്തരവാദിത്തങ്ങൾ വർദ്ധിച്ചുവർദ്ധിച്ച് 12 മണിക്കൂർ ചെയ്താലും തീരാത്ത ജോലിഭാരമായി.
ഉമ്മൻചാണ്ടി മന്ത്രിസഭയുടെ കാലത്ത് 2014 ൽ വി.എസ്. ശിവകുമാർ ആരോഗ്യമന്ത്രിയായിരിക്കുമ്പോൾ സി.ഐ.റ്റി.യു യൂണിയന്റെ നേതൃത്വത്തിൽ 10 ദിവസം ആശമാർ സമരം ചെയ്തു. 1000 രൂപ ആയിരുന്നു ഓണറേറിയം. ഇത് വർദ്ധിപ്പിക്കുന്നതിനുവേണ്ടിയായിരുന്നു സമരം. സി.ഐ.റ്റി.യു നേതാവും എം.എൽ.എയായിരുന്ന എളമരം കരീം അന്ന് ആശമാരുടെ ഓണറേറിയം 10000 രൂപയായി വർദ്ധിപ്പിക്കണമെന്ന് കേരള നിയമസഭയിൽ ആവശ്യപ്പെടുകയുണ്ടായി. ഓരോ വർഷം മുന്നോട്ടുചെല്ലുംതോറും ആശമാരുടെ ജോലിഭാരം വർദ്ധിച്ചുകൊണ്ടേയിരുന്നു. പ്രത്യേകിച്ച് കോവിഡ് കാലത്ത്.

2014 ലെ ആശമാരുടെ സമരം അന്ന് രാഷ്ട്രീയമായി ഗുണം ചെയ്തു എന്ന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാവാം 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് വേണ്ടി എൽ.ഡി.എഫ് തയ്യാറാക്കിയ പ്രകടനപത്രികയിൽ എൽ.ഡി.എഫ് അധികാരത്തിലെത്തിയാൽ നടപ്പാക്കും എന്നുറപ്പ് നൽകിയ വാഗ്ദാനങ്ങളിലിങ്ങനെ പറഞ്ഞിരുന്നു.

'സാമൂഹ്യ പെൻഷനുകൾ ഘട്ടം ഘട്ടമായി 2500 രൂപയായി ഉയർത്തും. അങ്കണവാടി, ആശാവർക്കർ, റിസോഴ്സ് അധ്യാപകർ, പാചകത്തൊഴിലാളികൾ, കുടുംബശ്രീ ജീവനക്കാർ, പ്രീപ്രൈമറി അധ്യാപകർ, എൻ.എച്ച്.എം ജീവനക്കാർ, സ്ക്കൂൾ സോഷ്യൽ കൗൺസിലർമാർ തുടങ്ങി എല്ലാ സ്കീം വർക്കേഴ്സിന്റെയും ആനുകൂല്യങ്ങൾ കാലോചിതമായി ഉയർത്തും. മിനിമം കൂലി 700 രൂപയാകും. അതിഥിതൊഴിലാളികളുടെ ക്ഷേമപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും. ഗാർഹിക തൊഴിലാളികൾക്ക് പ്രത്യേക സ്കീമുകൾ ആരംഭിക്കും. ഈ പ്രകടനപത്രികയുടെ അടിസ്ഥാനത്തിൽ വോട്ട് നേടി 2016 മേയിൽ ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്നു. 2021 ലെ തെരഞ്ഞെടുപ്പിലും ഇടതുജനാധിപത്യ മുന്നണി സർക്കാർ ഭൂരിപക്ഷം നേടി അധികാരത്തിൽ തുടർന്നു. ഒമ്പതുവർഷമായിട്ടും 2016 ൽ പ്രകടനപത്രികയിൽ സമൂഹത്തിലെ ഏറ്റവും ദുർബലവിഭാഗത്തിൽപ്പെടുന്ന സ്ക്രീം വർക്കേഴ്സിന്റെ കാര്യത്തിൽ  ഗവൺമെന്റ് ചെയ്യുമെന്ന് പ്രകടനപത്രികയിൽ പറഞ്ഞിരുന്ന കാര്യം നടന്നില്ല. സി.പി.എം കരടുരാഷ്ട്രീയ പ്രമേയത്തിൽ പറയുന്നതുപോലെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ സ്കീം വർക്കേഴ്സിന്റെ സേവന വേതനവ്യവസ്ഥകൾ മെച്ചപ്പെടുത്തുന്നതിനുവേണ്ടി സി.ഐ.റ്റി.യു കഴിഞ്ഞ ഒമ്പതുവർഷത്തിനുള്ളിൽ പലതവണ സമരം ചെയ്തു.
എന്നാൽ സി.പി.എം നേതൃത്വം നൽകുന്ന ഗവൺമെന്റ് ഉള്ള കേരളത്തിൽ ആശാവർക്കർമാർ നേരിടുന്ന ഗുരുതരമായ ജീവൽപ്രശ്നങ്ങളിൽ ഇടപെട്ട് സമരം ചെയ്യാനോ പരിഹാരം ഉണ്ടാക്കാനോ സി.ഐ.റ്റി.യു താൽപ്പര്യം പ്രകടിപ്പിച്ചില്ല. സർക്കാരിന്റെ ഭാഗമല്ലാതിരുന്നിട്ടും ഐ.എൻ.റ്റി.യു.സിയോ, ബി.എം.എസോ രംഗത്തുവന്നില്ല.

ഈ പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ മുഴുവൻ ആശാവർക്കർമാരുടെയും അടിസ്ഥാനാവശ്യങ്ങൾ ഉന്നയിച്ച് കേരള ആശാഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ (ഗഅഒണഅ) 2025 ഫെബ്രുവരി 10ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ ഒരു രാപ്പകൽ സമരത്തിന് തുടക്കം കുറിച്ചത്. ഓണറേറിയം ഒരു മാസം 21,000 രൂപയാക്കി വർദ്ധിപ്പിക്കുക, എല്ലാമാസവും അഞ്ചാം തീയതിക്കുള്ളിൽ നൽകുക, അഞ്ചുലക്ഷം രൂപ വിരമിക്കൽ ആനുകൂല്യമായി നൽകുക, വിരമിക്കുന്നവർക്ക് പെൻഷൻ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തിയായിരുന്നു സമരം ആരംഭിച്ചത്. സമരം ആരംഭിക്കുമ്പോൾ കേരളത്തിൽ ആശമാർക്ക് ലഭിച്ചുകൊണ്ടിരുന്ന പ്രതിഫലം സംസ്ഥാന സർക്കാരിന്റെ 7000, കേന്ദ്രവിഹിതം 3000, ടെലിഫോൺ അലവൻസ് 200 അങ്ങനെ മൊത്തം ലഭിക്കുന്ന തുക 10200, ആശമാരുടെ പ്രകടനമനുസരിച്ച് അധികമായി നൽകുന്ന പരമാവധി തുക 3000 കൂടി ലഭിച്ചാൽ 13200. പക്ഷേ ഇത്രയും തക വളരെ കുറച്ചുപേർക്ക് മാത്രമേ ലഭിക്കാറുള്ളൂ.

ചെറിയ ഒരു തൊഴിലാളി സമരമായി തുടക്കം കുറിച്ച് ആശമാരുടെ സമരം ദിവസങ്ങൾക്കകം കേരളം മുഴുവൻ ശ്രദ്ധിക്കുന്ന പ്രക്ഷോഭമായി രൂപാന്തരപ്പെട്ടു. ഇതിന് ഒരു കാരണം 26125 ആശമാരിൽ അമിതകക്ഷിരാഷ്ട്രീയ വിധേയത്വം ഉള്ള ഏതാനും പേരെ ഒഴിച്ചുനിർത്തിയാൽ 26000 പേരുടേയും മനസ്സും പിന്തുണയും രാപ്പകൽ സമരത്തിനിരുന്നവർക്കൊപ്പമായിരുന്നു എന്നതാണ്. അത്രമേൽ ദുസ്സഹമായ ജീവിതസാഹചര്യത്തെ അഭിമുഖീകരിച്ചിരുന്ന, രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെട്ടിരുന്ന വെറും  സാധാരണക്കാരും പട്ടിണി പാവങ്ങളുമായിരുന്നു അവരിലേറെയും.
മറ്റൊരു കാരണം കേരളത്തിലെ പൊതുസമൂഹത്തിന് ആശമാരുടെ സേവനത്തെക്കുറിച്ചും ജീവീതാവസ്ഥയെക്കുറിച്ചും അത്യാവശ്യം അറിയാമായിരുന്നു എന്നതുതന്നെ മറ്റൊരു പ്രധാന കാരണം. സർക്കാർ സാമൂഹിക നീതിക്ക് നിരക്കാത്ത വിധം ഉപരിവർഗ്ഗത്തിൽപ്പെട്ട പലർക്കും വാരിക്കോരി കൊടുക്കുമ്പോൾ മറുവശത്തിന് സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലുള്ള ജനവിഭാഗങ്ങളുടെ കാര്യത്തിൽ കാണിക്കുന്ന അവഗണനക്കെതിരായ പൊതുവികാരമാണ്.

കേന്ദ്ര സർക്കാരിന്റെയും പല സംസ്ഥാന സർക്കാരുകളെയും തൊഴിലാളി വിരുദ്ധ സർക്കാരുകൾ എന്നഭിസംബോധന ചെയ്യുന്ന, അവരുടെ തൊഴിലാളി വിരുദ്ധ സമീപനങ്ങളെ അതിനിശിതമായി വിമർശിക്കുന്ന സി.പി.എം എന്ന പാർട്ടിക്ക് ഭരണമുള്ള ഇന്ത്യയിലെ ഏക സംസ്ഥാനമായ കേരളത്തിൽ തൊഴിലാളികളും സാധാരണക്കാരും അഭിമുഖീകരിക്കുന്ന കെടുതികൾ തന്നെയാണ് സർക്കാരിന്റെ അവഗണന തുറന്നുകാണിക്കുന്നത്.

പല സർക്കാരുകളുടെ കാലങ്ങളിലായി തൊഴിലാളികൾക്കാശ്വാസം പകരാനായിട്ടാണ് ക്ഷേമനിധി ബോർഡുകൾ ഉണ്ടാക്കിയിട്ടുള്ളത്. 40 ലക്ഷം തൊഴിലാളികളെയെങ്കിലും ബാധിക്കുന്ന ഈ ക്ഷേമ നിധികളുടെ ഗുണഭോക്താക്കളുടെ ആനുകൂല്യങ്ങൾ മിക്കവാറും മുടങ്ങിക്കിടക്കുകയാണ്. ഉദാഹരണത്തിന് 60 വയസ്സുകഴിഞ്ഞ കർഷകത്തൊഴിലാളികൾക്കുള്ള ക്ഷേമനിധി പെൻഷൻ കഴിഞ്ഞ ആറ് വർഷമായി കുടിശ്ശികയാണ്. കർഷകത്തൊഴിലാളികൾ കൂടി അംശാദായം അടച്ചിട്ടാണ് ഈ അനുഭവം.

ഇനി, കെട്ടിട നിർമ്മാണ തൊഴിലാളികളുടെ ക്ഷേമനിധി പെൻഷൻ (1304 കോടി രൂപാ) 14 മാസമായി കുടിശ്ശികയാണ്. ഈ തൊഴിലാളികളും അംശാദായം അടയ്ക്കുന്നുണ്ട്. ഇവർക്ക് ആനുകൂല്യങ്ങൾ നൽകാനെന്ന പേരിൽ കെട്ടിടങ്ങൾ നിർമ്മിക്കുന്നവരോട് ഈടാക്കുന്ന ഒറ്റത്തവണ നികുതിപ്പണം സർക്കാർ വക മാറ്റുകയാണ്. ഈറ്റ- കാട്ടുവള്ളി തൊഴിലാളികൾ, തയ്യൽ തൊഴിലാളികൾ, കശുവണ്ടി തൊഴിലാളികൾ, കൈത്തറി തൊഴിലാളികൾ, ഖാദി തൊഴിലാളികൾ, അംഗനവാടി വർക്കേഴ്സ് തുടങ്ങിയവർക്കെല്ലാം വിവിധങ്ങളായ ആനുകൂല്യങ്ങൾ പലതും കുടിശ്ശികയാണ്. ലക്ഷക്കണക്കിന് പാവപ്പെട്ടവർക്ക് ആശ്വാസമായിരുന്ന കാരുണ്യചികിത്സാ സഹായ പദ്ധതി നിലച്ചിട്ട് ഏറെ നാളായി. തൊഴിലാളി വർഗ്ഗത്തിന് അർഹമായ ഇത്രയധികം ആനുകൂല്യങ്ങൾ സമീപകാലത്ത് മുടക്കം വന്ന മറ്റൊരു സംസ്ഥാനം രാജ്യത്തുണ്ടോ എന്നു സംശയമാണ്.
അതേസമയം പി.എസ്.സി മെമ്പർമാരുടെ അതിശയകരമായ ശമ്പള വർദ്ധനവ്, ഡെൽഹിയിലെ പ്രതിനിധി കെ.വി. തോമസിനുള്ള ഓണറേറിയം വർദ്ധനവ്. ഓടാതെ കിടക്കുന്ന ഹെലികോപ്റ്ററിന് വൻതുക കൊടുക്കേണ്ടി വരുന്നത് അതിസമ്പന്നരായ വ്യവസായികളുടേയം ബിസിനസുകാരുടേയും കാര്യത്തിൽ കാണിക്കുന്ന താൽപ്പര്യം. സംസ്ഥാന സർക്കാർ പ്രകടമാക്കുന്ന ഈ വൈരുദ്ധ്യം. ഇരട്ടത്താപ്പ് കണ്ടുകൊണ്ടിരിക്കുന്ന സാധാരണ ജനങ്ങളുടെ വൈകാരികമായ പിന്തുണ കൂടി ആശാവർക്കർമാരുടെ രാപ്പകൽ സമരത്തിന് നേടാനായതുകൊണ്ടാണ് അത് ഒരു സാമൂഹ്യ മുന്നേറ്റം എന്ന നിലയിലേക്ക് വളർന്നത്.

സമീപകാലത്ത് ഒന്നും ഒരു സമരത്തിനും ഇതുപോലെ എല്ലാ വിഭാഗം തൊഴിലാളികളുടേയും മനുഷ്യസ്നേഹികളുടെയും ജനാധിപത്യ വിശ്വാസികളുടേയും സ്ത്രീകളുടെ ശാക്തീകരണം ആഗ്രഹിക്കുന്നവരുടെയും ഹൃദയഐക്യം നേടിയെടുക്കാനായിട്ടില്ല എന്നത് ഒരു യാഥാർത്ഥ്യമാണ്. സാധാരണ സി.പി.എം ഭരണത്തിലുള്ളപ്പോൾ സർക്കാർ എതിർക്കുന്ന സമരങ്ങളേയും മറ്റും പിന്തുണയ്ക്കാൻ തയ്യാറാകാത്ത എഴുത്തുകാരും സാംസ്ക്കാരിക പ്രവർത്തകരും ആശമാരുടെ സമരത്തെ പിന്തുണയ്ക്കാൻ രംഗത്ത് വന്നതും അസാധാരണമായിരുന്നു.
കേരളത്തിൽ എസ്.യു.സി.ഐയെ സംസ്ഥാന രാഷ്ട്രീയത്തിൽ ചലനങ്ങൾ ഉണ്ടാക്കാൻ കഴിയുന്ന പാർട്ടിയായി സി.പി.എം കണക്കാക്കിയിട്ടുണ്ടായിരുന്നില്ല. എന്നാലവർ ആരംഭിച്ച സമരം ബഹുജനപിന്തുണയാർജ്ജിക്കുന്നത് കണ്ടപ്പോഴാണ് സമരം പൊളിക്കാനും സമരത്തെ ആക്ഷേപിക്കാനും സി.പി.എംന്റെ ഉന്നതനേതാക്കൾ തന്നെ രംഗത്ത് വരുന്നത്. സമരക്കാർക്കെതിരേയുള്ള വ്യക്തിപരമായ കടന്നാക്രമണങ്ങളെല്ലാം അതുനയിച്ചവർക്ക് സെൽഫ് ഗോൾ പോലെ തിരിച്ചടിയായി മാറിയെന്നുവേണം പറയാൻ.

സമരത്തിനുള്ള ജനകീയ പിന്തുണ തിരിച്ചറിഞ്ഞ് കേരളത്തിൽ ഭരണത്തിന്റെ ഭാഗമല്ലാത്ത മുഴുവൻ രാഷ്ട്രീയ കക്ഷികളും രംഗത്തുവന്നു. യു.ഡി.എഫും ബി.ജെ.പിയും ഉൾപ്പെടെയുള്ള കക്ഷികൾ സമരത്തെ പിന്തുണച്ചു രംഗത്തു വന്നതോടെ സർക്കാരും സർക്കാർ വിരുദ്ധരും എന്ന നിലയിലേക്ക് ആശാസമരത്തിന്റെ രൂപവം ഭാവവും മാറി. അതുകൊണ്ടാണ് ഇത് ആശമാർക്ക് വേണ്ടിയുള്ള സമരമല്ല. പിണറായി സർക്കാരിനെ ദുർബലപ്പെടുത്താനുള്ള രാഷ്ട്രീയ ഗൂഢലക്ഷ്യത്തോടെയുള്ള സമരമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയടക്കമുള്ളവർ ആരോപിച്ചത്.
നിയമസഭയിൽ യു.ഡി.എഫ് അടിയന്തിര പ്രമേയം അവതരിപ്പിക്കുന്നു, വാക്കൗട്ട് നടത്തുന്നു. അതും പലതവണ. എൽ.എൽ.എമാർ മാർച്ച് ചെയ്ത് സമരപ്പന്തലിൽ എത്തുന്നു. പാർലമെന്റിൽ കേരളത്തിൽ നിന്നുള്ള നിരവധി എം.പിമാർ തുടർച്ചയായി വിഷയം ഉന്നയിക്കുന്നു. വിഷയത്തിന് ഇത്രയധികം രാഷ്ട്രീയ പ്രാധാന്യം കൈവരിച്ചപ്പോൾ പിന്നെ സമരം പൊളിക്കേണ്ടതു സമരക്കാരെ ഇകഴ്ത്തേണ്ടതും സി.പി.എംനും സർക്കാരിനും അഭിമാനപ്രശ്നമായി മാറി. ചർച്ചകൾ ഒക്കെ ഒരു പ്രഹസനം മാത്രമായിരുന്നു. സമരം തീർക്കാൻവേണ്ടിയുള്ളതായിരുന്നില്ല. മാത്രമല്ല സി.പി.എം നിർദ്ദേശിക്കുന്നതിനപ്പുറം ആരോഗ്യമന്ത്രിക്ക് സ്വന്തമായി ഈ വിഷയത്തിൽ ഒന്നും ചെയ്യാൻ കഴിയുമായിരുന്നുമില്ല.

സൈബറിടങ്ങളിൽ സി.പി.എംനെ പിന്തുണയ്ക്കുന്ന പല ക്ലാസിലുള്ളയാളുകൾ സമരത്തിനെതിരെ വ്യത്യസ്തങ്ങളായ പല ഭാഷ്യങ്ങളും ചമച്ചു. സുരേഷ്ഗോപി സമരക്കാരെ കാണാൻ പലതവണയെത്തിയതോടെ സമരം ബി.ജെ.പി- ആർ.എസ്.എസ് സ്പോൺസേർഡ് സമരമാണെന്നും എസ്.യു.സി.ഐ (സി) ബി.ജെ.പിയുടെ ബി ടീമാണെന്നും വരെ ചിലർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

മറ്റൊരു ആരോപണം സമരത്തിൽ ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയെയും പിന്നിൽ നിന്ന് നിയന്ത്രിക്കുന്നു എന്നായിരുന്നു. ഇതിന് തെളിവായി പറയാനുണ്ടായിരുന്നത് ഇവരുടെതായ വാർത്താമാധ്യമങ്ങൾ സമരത്തെ പിന്തുണച്ച് വാർത്തകൾ നൽകുന്നു എന്നതായിരുന്നു. എന്നാൽ ലോക്സഭാ ഇലക്ഷനുശേഷം ജമാഅത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ എന്നീ സംഘടനകളുടെ പേരുകൾ സ്ഥാനത്തും അസ്ഥാനത്തും ഉൾപ്പെടുത്തി പറയുന്നത് ഒരു പതിവ് പല്ലവി എന്നതിനപ്പുറം ഇത്തരം സംഘടനകളുടെയാളുകൾക്ക് ഈ സമരവുമായി പുലബന്ധം പോലും ഇല്ലെന്ന് ആരോപണം ഉന്നയിക്കുന്നവർക്കും അറിയാമായിരിക്കണം. അധികാരത്തിലിരിക്കുന്ന സർക്കാരിനോട് വിധേയത്തമില്ലാത്ത രാഷ്ട്രീയ കക്ഷികളും പ്രസ്ഥാനങ്ങളും ഏതെങ്കിലും ജനകീയ പ്രശ്നങ്ങളിൽ സമാന നിലപാട് സ്വീകരിച്ചാൽ അത് 'മഴവിൽ സഖ്യ'മാണ് എന്ന ഒരു പുതിയ ഭാഷ്യം കൂടി എം.വി. ഗോവിന്ദൻ സംസ്ഥാന രാഷ്ട്രീയത്തിന് സംഭാവന ചെയ്തിരിക്കുകയാണ്.

സർക്കാർ പ്രതിനിധികളും സി.പി.എം നേതാക്കളും പറയുന്നതുപോലെ ആശമാരുടെ സേവനവേതന വ്യവസ്ഥകൾ മെച്ചപ്പെടുത്താനുള്ള ഒരു സമരം എന്നതിനപ്പുറം വലിയ രാഷ്ട്രീയ പ്രാധാന്യം ഈ വിഷയത്തിനുണ്ട് എന്നതിൽ തർക്കമില്ല. സി.പി.ഐ(എം) തുടർന്നുവന്നിരുന്ന സാമ്പത്തിക നയങ്ങളിൽ നിന്ന് വ്യതിചലിച്ച് നവ ഉദാരവൽക്കരണ സാമ്പത്തികനയങ്ങളെ പ്രത്യക്ഷമായി തന്നെ സ്വീകരിച്ചു എന്ന് 2022 ലെ എറണാകുളം സംസ്ഥാന സമ്മേളനം മുതൽ വ്യക്തമാക്കപ്പെട്ടതാണ്. പാർട്ടി നയത്തിലുള്ള കാലോചിതമായ മാറ്റം അനിവാര്യമാണ് എന്നാണ് ഈ നയം മാറ്റത്തെ സ്വാഗതം ചെയ്യുന്നവർ പറയുന്നത്. എന്തായാലും പൊതുവിൽ സി.പി.എം സമൂഹത്തിലെ ഉയർന്ന ഇടത്തരക്കാരുടെ താൽപ്പര്യങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു എന്ന്, മുതലാളിമാരുടെ മൂലധനം കൊണ്ടുവരുന്നതിലും വ്യാവസായിക വിദ്യാഭ്യാസ മേഖലകളിലെല്ലാം സ്വകാര്യവൽക്കരണം കൊണ്ടുവരുന്നതിലും, പാരിസ്ഥിതിക ആവാസ വ്യവസ്ഥകളെ അവഗണിച്ചും വമ്പൻ അടിസ്ഥാന സൗകര്യ വികസനപദ്ധതികൾ നടപ്പാക്കുന്നതിലും പ്രകടിപ്പിക്കുന്ന ആവേശത്തിനിന്ന് കേരളത്തിലെ സാധാരണജനത്തിനു മനസ്സിലായിട്ടുണ്ട്.

അങ്ങനെ സംഭവിക്കുമ്പോൾ സ്വാഭാവികമായും തുച്ഛവരുമാനക്കാരായ തൊഴിലാളികളടക്കമുള്ള സമൂഹത്തിലെ പാർശ്വവൽക്കൃതരടക്കമുള്ളവർ അവഗണിക്കപ്പെടും. അവർക്ക് ലഭ്യമാകേണ്ട സാമൂഹിക നീതി ബലികഴിക്കപ്പെടും. സർക്കാരിന്റെ മുൻഗണന മാറിയപ്പോൾ ദുർബല ജനവിഭാഗങ്ങളുടെ ജീവൽ പ്രശ്നം അവഗണിക്കപ്പെടും. അവരുടെ പ്രശ്നം ഏറ്റെടുക്കാൻ മുന്നോട്ടുവരുന്നതാരായാലും അവർക്ക് ഇന്ന് കേരളീയ സമൂഹത്തിൽ ഒരു സ്പേസ് ഉണ്ട്. കോൺഗ്രസിനോ ബി.ജെ.പിക്കോ അതിന് കഴിയും എന്ന് സി.പി.എമ്മും കരുതുന്നുണ്ടാവില്ല. സി.പി.ഐയ്ക്കാകട്ടെ മുന്നണിയിൽ നിന്നുകൊണ്ട് ഒരു പരിധിക്കപ്പുറം പോകാനും കഴിയില്ല.

അതേസമയം എസ്.യു.സി.ഐ(സി)യെ പാർട്ടിപ്പിരിവുകാർ ഈർക്കിലി പാർട്ടി എന്നെല്ലാം ആക്ഷേപിക്കുന്നതിൽ നിന്നുതന്നെ അവരെക്കുറിച്ച് സി.പി.എമ്മിന് ആശങ്കയുണ്ടെന്നാണ് വ്യക്തമാക്കുന്നത്. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളെ മാത്രം മാധ്യമങ്ങൾ ഫോക്കസ് ചെയ്യുന്നതുകൊണ്ട് പലർക്കും എസ്.യു.സി.ഐ എന്നുപറഞ്ഞാൽ അധികം പരിചിതമായിരുന്നില്ല. എന്നാൽ കേരളത്തിലെ നിലവിലുള്ള രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളിൽ എസ്.യു.സി.ഐ.(സി)ക്ക് സ്വീകാര്യത വർദ്ധിക്കുന്നുണ്ട്. ആശാസമരം ഇനി കൂടുതൽ ആനുകൂല്യങ്ങൾ നേടാതെ അവസാനിപ്പിക്കേണ്ടി വന്നാലും, എസ്.യു.സി.ഐ തൊഴിലാളിവർഗ്ഗ രാഷ്ട്രീയം കൈവിടാത്ത കമ്മ്യൂണിസ്റ്റ് പാർട്ടിയായി തങ്ങളിവിടെ ഉണ്ട് എന്ന സാന്നിദ്ധ്യം അവർ ഉറപ്പിച്ചുകഴിഞ്ഞു.

കമ്മ്യൂണിസത്തിൽ, അഥവാ മാർക്സിസം-ലെനിനിസത്തിൽ, ഉറച്ചുനിന്ന് പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് സോഷ്യലിസ്റ്റ് യൂണിറ്റ് സെന്റർ ഓഫ് ഇന്ത്യ(കമ്മ്യൂണിസ്റ്റ്)- എസ്.യു.സി.ഐ(സി). 1948 ഏപ്രിൽ 24 ന് പശ്ചിമബംഗാളിലെ ജോയ്നഗർ എന്ന പട്ടണത്തിൽ വെച്ചാണ് പാർട്ടി രൂപീകൃതമായത്. തൊഴിലാളി വർഗ്ഗ ആചാര്യനും പ്രമുഖ മാർക്സിസ്റ്റ് തത്വചിന്തകനുമായ സഖാവ് ശിബ്ദാസ് ഘോഷ് ആണ് പാർട്ടിയുടെ സ്ഥാപകൻ. സി.പി.ഐ(എം), സി.പി.ഐ, സി.പി.ഐ(എം.എൽ) തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ രേഖകളിലും എഴുതിവച്ചിരിക്കുന്നത് മാർക്സിസ്റ്റ്- ലെനിനിസ്റ്റ് പാർട്ടികൾ എന്നാണ്.

ഭരണവർഗ്ഗത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ജനാധിപത്യ ബഹുജന സമരങ്ങൾ വളർത്തിയെടുക്കുന്നതിനുവേണ്ടി ഇടതുപക്ഷ ജനാധിപത്യ പാർട്ടികളുമായി യോജിച്ച് പ്രവർത്തിക്കുക എന്ന നയമാണ് പാർട്ടിയുടെ ആദ്യനാളുകൾ മുതൽ എസ്.യു.സി.ഐ(സി) സ്വീകരിച്ചിട്ടുള്ളത് എന്നാണ് കാണുന്നത്. പശ്ചിമബംഗാളിൽ 1960 കളിൽ സി.പി.എമ്മുമായി യോജിച്ച് ജനകീയ സമരങ്ങളിൽ പാർട്ടി സജീവമായി പങ്കെടുത്തിരുന്നു. 1967 ലും 1969 ലും സി.പി.ഐ (എം) മുഖ്യപങ്കാളിയായുള്ള ഐക്യമുന്നണി മന്ത്രിസഭകളിൽ എസ്.യു.സി.ഐ (സി)യും പങ്കാളിയായിരുന്നു. പക്ഷേ ആ സഹകരണം 1970 ൽ അവസാനിച്ചു.

പിന്നീട് സി.പി.ഐ(എം) എസ്.യു.സി.ഐയുമായി സഹകരിക്കുന്നത് 2015 ലാണ്. കേന്ദ്ര ബി.ജെ.പി സർക്കാരിന്റെ കുത്തകാനുകൂല നയനടപടികൾക്കെതിരേ സി.പി.എം ദേശീയ നേതൃത്വം താൽപ്പര്യമെടുത്ത് ദേശീയതലത്തിൽ ആറ് ഇടതുപക്ഷ പാർട്ടികളുടെ ഐക്യവേദി രൂപീകരിച്ചപ്പോൾ അതിൽ എസ്.യു.സി.ഐയും ഉണ്ടായിരുന്നു. എന്നാൽ കോൺഗ്രസിനെ മുഖ്യശത്രുവായി സി.പി.എം കാണുന്ന കേരളത്തിൽ മാത്രം അത്തരമൊരു ഐക്യവേദി രൂപീകരിക്കാൻ സി.പി.എം സംസ്ഥാന നേതൃത്വം താൽപ്പര്യമെടുത്തില്ല.

കേരളത്തിൽ എസ്.യു.സി.ഐ(സി) ഒട്ടനവധി ശ്രദ്ധേയമായ അവകാശസമരങ്ങളുടെ മുന്നിലും പിന്നിലും ഉണ്ടായിരുന്നതായി കാണാം. കരിമണൽ ഖനന വിരുദ്ധസമരം, വിഴിഞ്ഞം കുടിയൊഴിപ്പിക്കൽ വിരുദ്ധസമരം, മൂലമ്പിള്ളി സമരം, വിളപ്പിൽ ശാലയിലെ മാലിന്യവിരുദ്ധ സമരം തുടങ്ങിയ സമരങ്ങളിലെല്ലാം എസ്.യു.സി.ഐ(സി) നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. ജനവിരുദ്ധ മദ്യനയത്തിനെതിരെ, ദേശീയ പാതകളെ ബി.ഒ.ടി ചുങ്കപ്പാതകളാക്കുന്നതിനെതിരെ, കെ. റെയിലിനെതിരേ നടന്ന സമരങ്ങളിലും സജീവമായി അവർ ഉണ്ടായിരുന്നു. കൂടാതെ വിവിധ വിഭാഗം ജനങ്ങളെ അവരവരുടെ സമരവേദികളിൽ അണിനിരത്തുന്നതിലും പാർട്ടി വാളണ്ടിയർമാർ സജീവമായി ഇടപെടാറുണ്ട്. മറ്റ് പാർട്ടികളിൽ നിന്നും വ്യത്യസ്ത പ്രത്യയശാസ്ത്രത്തോടുള്ള പ്രതിബദ്ധത രാഷ്ട്രീയ വിദ്യാഭ്യാസമുള്ള, നിസ്വാർത്ഥമായി പാർട്ടി ആശയത്തിന് ഒത്തവിധം സമർപ്പിതപ്രവർത്തനം നടത്തുന്ന കേഡർമാർ. എസ്.യു.സി.ഐയുടെ ജനാധിപത്യപരമായ അവകാശസമരങ്ങളെക്കുറിച്ച് അതിന്റെ സ്ഥാപകൻ സഖാവ് ശിബ്ദാസ് ഘോഷിന്റെ ഒരു പ്രഖ്യാപിത നിലപാട് ഇങ്ങനെയാണ്:
'ഒരു സമരത്തിന്റെ ഡിമാന്റുകൾ നേടിയോ ഇല്ലയോ എന്നതിനെ മാത്രം ആശ്രയിച്ചല്ല അതിന്റെ വിജയപരാജയങ്ങൾ നിർണ്ണയിക്കപ്പെടേണ്ടത്. ഡിമാന്റുകൾ ഒന്നും നേടിയില്ലെങ്കിൽ പോലും സമരത്തിലൂടെ ജനങ്ങളുടെ രാഷ്ട്രീയ പ്രബുദ്ധതയും സാംസ്ക്കാരിക നിലവാരവും ഒട്ടെങ്കിലും ഉയർത്താനും അവരുടെ സ്വന്തം സമരസംഘടനകൾക്ക് രൂപം നൽകാനും സാധിക്കുകയാണെങ്കിൽ ആ സമരം പരാജയപ്പെട്ടു എന്നു പറയാനാവില്ല.' 
എങ്കിൽ ആശാസമരം എന്നേ വിജയിച്ചുകഴിഞ്ഞു.

ദുരിതജീവിതത്തിന് സംസ്ഥാന-കേന്ദ്ര സർക്കാരുകൾ ഒരുപോലെ ഉത്തരവാദികൾ

കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ നടത്തുന്ന സമരത്തിന് കേന്ദ്ര സർക്കാരിനെതിരായ നിലപാടില്ല എന്ന് ചിലർ നടത്തുന്ന കുപ്രചാരണം സംസ്ഥാന സർക്കാരിനെ വെള്ള പൂശാനുള്ള തൽപ്പരകക്ഷികളുടെ കുപ്രചാരണം ആണെന്ന് അസോസിയേഷൻ വൈസ് പ്രസിഡന്റ് എസ്. മിനി 'കേരളശബ്ദ'ത്തോട് പറഞ്ഞു. ''ഒരു ദശാബ്ദത്തിലധികമായി തുച്ഛമായ ഇൻസന്റീവുകൾ പോലും വർദ്ധിപ്പിക്കാൻ തയ്യാറല്ലാത്ത കേന്ദ്ര സർക്കാരിനെതിരെ ഞങ്ങൾ രണ്ടുതവണ പാർലമെന്റ് മാർച്ച് സംഘടിപ്പിച്ചിരുന്നു.
സംസ്ഥാന സർക്കാർ നടപ്പാക്കേണ്ട ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള സമരമാണ് സെക്രട്ടറിയേറ്റ് നടയിൽ നടത്തിയത്. സംസ്ഥാനത്തെ ആരോഗ്യവകുപ്പിനുവേണ്ടിയാണ് ആശമാർ പണിയെടുക്കുന്നത്. അവരുടെ ഓണറേറിയം വർദ്ധിപ്പിക്കേണ്ടതും വിരമിക്കൽ ആനുകൂല്യം നടപ്പാക്കേണ്ടതും സംസ്ഥാന സർക്കാരാണ്. ആരോഗ്യം സംസ്ഥാന ലിസ്റ്റിൽപ്പെട്ട കടമയാണെന്നും നാം വിസ്മരിക്കരുത്.
സമരത്തെ പിന്തുണച്ചെത്തുന്നവരുടെ പ്രീതി നേടാനായി അസോസിയേഷന്റെ കൃത്യമായ നിലപാടിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. കേന്ദ്രമന്ത്രി സുരേഷ്ഗോപി സമരപ്പന്തലിലെത്തിയപ്പോഴും കേന്ദ്ര സർക്കാരിന്റെ നയസമീപനത്തെ വിമർശിക്കുന്നതിൽ സമരനേതൃത്വം ഒരു മടിയും കാണിച്ചിട്ടില്ല. എന്നാൽ പിന്തുണച്ചെത്തുന്ന ആരെയും ഒഴിവാക്കുക എന്നത് വിശാലമായ ഒരു സമരത്തിന്റെ ജനാധിപത്യസമീപനമായി ഞങ്ങൾ കരുതുന്നില്ല.

18 വർഷമായി കഠിന ചൂഷണത്തിനിരയായി നടുവൊടിഞ്ഞ സംസ്ഥാനത്തെ സ്ത്രീതൊഴിലാളികൾ അതിജീവനത്തിന് വേണ്ടി നടത്തുന്ന ഈ സമരത്തിനെതിരായി സി.പി.എംന്റെ നേതാക്കൾ നടത്തുന്ന ദുരാരോപണങ്ങൾ കേരളത്തിലെ പൊതുസമൂഹം തിരിച്ചറിയും എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്''.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img img