12:10pm 28 July 2026
NEWS
പിന്നണി ഗായിക ആശാ ഭോസ്‌ലേയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
11/04/2026  09:58 PM IST
nila
പിന്നണി ഗായിക ആശാ ഭോസ്‌ലേയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മുംബൈ: മുതിർന്ന പിന്നണി ഗായിക ആശാ ഭോസ്‌ലേയെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലാണ് ആശാ ഭോസ്‌ലെ ചികിത്സയിൽ കഴിയുന്നത്. നിലവിൽ എമർജൻസി മെഡിക്കൽ സർവീസസ് യൂണിറ്റിൽ ചികിത്സയിലാണ്. അതേസമയം, താരത്തിന്റെ ആരോ​ഗ്യനില സംബന്ധിച്ച് കുടുംബം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 

ദശാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ആശാ ഭോസ്‌ലെയുടെ സംഗീത ജീവിതം വൈവിധ്യങ്ങൾ നിറഞ്ഞതാണ്. ഒ.പി. നയ്യാറുമായുള്ള കൂട്ടുകെട്ടിൽ പിറന്ന 'ആവോ ഹുസൂർ തുംകോ', ആർ.ഡി. ബർമ്മനോടൊപ്പമുള്ള 'ചുര ലിയാ ഹേ തുംനേ ജോ ദിൽ കോ' തുടങ്ങിയ ഗാനങ്ങൾ ഇന്നും സംഗീതപ്രേമികൾക്കിടയിൽ സുപരിചിതമാണ്. 'പിയാ തൂ അബ് തോ ആജാ', 'യേ മേരാ ദിൽ' തുടങ്ങിയ ഗാനങ്ങളിലൂടെ അവർ ഹിന്ദി സിനിമാ സംഗീതത്തിൽ പുതിയൊരു തരംഗം തന്നെ സൃഷ്ടിച്ചു.

1990-കളിലും 2000-ന്റെ തുടക്കത്തിലും എ.ആർ. റഹ്മാനുമായുള്ള സഹകരണത്തിലൂടെ 'തൻഹ തൻഹ', 'രംഗീല റേ' തുടങ്ങിയ ഐക്കണിക് ഗാനങ്ങൾ അവർ സമ്മാനിച്ചു. 'കഭി തോ നസർ മിലാവോ' പോലുള്ള ഇൻഡിപോപ്പ് ഗാനങ്ങളിലൂടെ പുതിയ തലമുറയുടെയും പ്രിയങ്കരിയായി മാറാൻ ആശാ ഭോസ്‌ലെയ്ക്ക് കഴിഞ്ഞു.

ഇന്ത്യൻ സംഗീതത്തിന് നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ച് നിരവധി പുരസ്കാരങ്ങൾ അവരെ തേടിയെത്തിയിട്ടുണ്ട്. 2000-ൽ ദാദാസാഹിബ് ഫാൽക്കെ അവാർഡും 2008-ൽ പത്മവിഭൂഷണും നൽകി രാജ്യം അവരെ ആദരിച്ചു. കൂടാതെ 'ഉംറാവോ ജാൻ', 'ഇജാസത്ത്' എന്നീ ചിത്രങ്ങളിലെ മികച്ച ആലാപനത്തിന് രണ്ട് തവണ ദേശീയ ചലച്ചിത്ര അവാർഡുകളും അവർ സ്വന്തമാക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img