01:49am 07 November 2026
NEWS
രക്തസാക്ഷി ഫണ്ട് വിവാദം കത്തിപ്പടരുമ്പോൾ...
15/02/2026  07:29 PM IST
പ്രദീപ് ഉഷസ്സ്
രക്തസാക്ഷി ഫണ്ട് വിവാദം കത്തിപ്പടരുമ്പോൾ...

ടി.പി. ചന്ദ്രശേഖരൻ ഒഞ്ചിയത്ത് കെട്ടഴിച്ചുവിട്ട കൊടുങ്കാറ്റിന്റെ തനിയാവർത്തനമെന്ന വിധത്തിലാണ് പയ്യന്നൂരിലെ സംഭവവികാസങ്ങൾ ഇപ്പോൾ കത്തിപ്പടർന്നുകൊണ്ടിരിക്കുന്നത്. പാർട്ടിയിൽ നിന്ന് പുറത്താക്കിയ വി. കുഞ്ഞികൃഷ്ണൻ ഉയർത്തുന്ന ആരോപണങ്ങൾ അവഗണിക്കണമെന്ന് പാർട്ടി അണികളോട് സി.പി.എം നേതൃത്വം നിർദ്ദേശം നൽകിയിരുന്നുവെങ്കിലും, സംസ്ഥാനത്തുടനീളമുള്ള പാർട്ടി പ്രവർത്തകർക്കിടയിൽ ഈവിധം ആരോപണങ്ങൾ അങ്കലാപ്പുകൾ സൃഷ്ടിച്ചിട്ടുണ്ടെന്നതാണ് യാഥാരത്ഥ്യം. രക്തസാക്ഷി ഫണ്ട് വിനിയോഗത്തിൽ അടക്കം വ്യാപകമായ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന വിധത്തിൽ ഉയരുന്ന ആരോപണങ്ങളെ അത്യന്തം വൈകാരികമായിട്ടാണ്  ഒരു വിഭാഗം പാർട്ടി പ്രവർത്തകർ ഏറ്റെടുത്തിരിക്കുന്നത്.

സി.പി.എമ്മിൽ നിന്നും പുറത്താക്കപ്പെട്ട മുൻ കണ്ണൂർ ജില്ലാക്കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണൻ നേതൃത്വത്തിനെതിരെ ഉയർത്തിയ ആരോപണങ്ങൾ അതിശക്തമായ രാഷ്ട്രീയായുധമായി മാറിക്കൊണ്ടിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പു തൊട്ടടുത്ത് എത്തിനിൽക്കെ, സി.പി.എം നേതൃത്വത്തിനെതിരെ ഉയർത്താവുന്ന വജ്രായുധമെന്ന നിലയിൽ പയ്യന്നൂരിലെ ഫണ്ട് വിവാദത്തെ ഉയർത്തിക്കാട്ടാനുള്ള നീക്കമാണ് യു.ഡി.എഫും, ബി.ജെ.പിയും ഇപ്പോൾ ഒരുപോലെ നടത്തിക്കൊണ്ടിരിക്കുന്നത്. വ്യാപക പിരിവുകൾ നടത്തിയശേഷം, കെ.പി.സി.സി വാഗ്ദാനം ചെയ്ത വീടുകൾ നൽകാൻ കഴിയാതെ പോയതും, മുണ്ടക്കൈയിലും, ചൂരൽമലയിലും ഭവനനിർമ്മാണത്തിനായി പിരിച്ച കോടികളെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ നൽകാനാവാതെ, കൈകാലിട്ടടിക്കുന്ന കോൺഗ്രസ് നേതൃത്വത്തിന്, പയ്യന്നൂരിലെ ഫണ്ട് വിവാദത്തിൽ സേഫ്‌സോണിൽ നിന്നുകൊണ്ടാണ് കോൺഗ്രസ് നേതൃത്വം അണിയറനീക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്. അതേസമയം, യു.ഡി.എഫിലെ ഘടകകക്ഷിയെപ്പോലെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ആർ.എം.പിയാകട്ടെ പയ്യന്നൂരിലെ ഫണ്ട് വിവാദങ്ങൾ ശക്തമായി ഉപയോഗിച്ച് ആയുധമെന്ന നിലയിൽ ശക്തമായി ഉപയോഗിച്ച് കൊണ്ടിരിക്കുകയുമാണ്. 'നേതൃത്വത്തെ അണികൾ തിരുത്തണം' എന്ന വി. കുഞ്ഞികൃഷ്ണന്റെ പുസ്തകപ്രകാശനത്തിൽ ഉടനീളം ആവിധം കാഴ്ചകൾ ദൃശ്യമായിരുന്നുതാനും.

സി.പി.എം ഏരിയാ സെക്രട്ടറി കെ.പി. മധു, എം.എൽ.എ ടി.ഐ. മധുസൂദനൻ എന്നിവർക്കെതിരെയാണ് കുഞ്ഞികൃഷ്ണൻ ഗുരുതര ആരോപണങ്ങൾ ഉയർത്തിരംഗത്ത് വന്നത്. ഇതുസംബന്ധിച്ച് കുഞ്ഞികൃഷ്ണൻ നേരത്തെ തന്നെ ആരോപണങ്ങളുമായി രംഗത്തുവന്നത് ഏറെ വിവാദമായിരുന്നു. എന്നാൽ ആരോപണങ്ങൾ സംബന്ധിച്ച് വ്യക്തമായ തെളിവുകൾ ഒന്നും തന്നെ സമർപ്പിക്കാൻ കുഞ്ഞികൃഷ്ണന് കഴിഞ്ഞില്ല എന്ന് ആരോപിച്ച്, കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങളെ പൂർണ്ണമായും സി.പി.എം നേതൃത്വം തള്ളിക്കളയുകയായിരുന്നു. ഇപ്പോൾ അത് താൻ ഉയർത്തിയ ആരോപണങ്ങൾ അക്കമിട്ട് നിരത്തിയും, നേതൃത്വത്തിനെതിരെയുള്ള തന്റെ പ്രതിഷേധം രേഖപ്പെടുത്തി തുറന്നെഴുതിയതാണ് ഇപ്പോൾ വീണ്ടും വിവാദങ്ങൾക്ക് വഴിയൊരുക്കിയിരിക്കുന്നത്. പുസ്തകപ്രകാശനത്തിന് മുന്നോടിയായി കുഞ്ഞികൃഷ്ണൻ, ടി.ഐ. മധുസൂദനൻ എം.എൽ.എക്കെതിരായ ആരോപണങ്ങൾ വീണ്ടും ഉയർത്തുകയായിരുന്നു. ഇതോടെയാണ് സി.പി.എമ്മിലെ ഫണ്ട് വിവാദം വീണ്ടും തുടർചർച്ചകളിൽ ഇടംപിടിച്ചത്.

ധൻരാജ് രക്തസാക്ഷി ഫണ്ടിൽ നിന്ന്, കെട്ടിടനിർമ്മാണ ഫണ്ടിലേക്ക് വകമാറ്റി. അത് ഏരിയാ കമ്മിറ്റിയിൽ ചർച്ച ചെയ്തില്ല, ഓഡിറ്റ് നടത്തിയ താൻ ഞെട്ടിപ്പോയി, ഇത്തരം കണക്കുകൾ അംഗീകരിക്കാൻ വേണ്ടിയാണ് കെ.പി. മധുവിനെ ഏരിയാ സെക്രട്ടറിയാക്കിയത്, ഇതിനെല്ലാം കൂട്ടുനിന്ന എം.എൽ.എ ടി.ഐ. മധുസൂദനൻ ഒരു പരസ്യസംവാദത്തിന് തയ്യാറാകണം, കാര്യങ്ങൾ പറയാൻ തനിക്ക് ഒരു രേഖയും വേണ്ട, പാർട്ടി നിശ്ചയിക്കുന്ന വേദിയിൽ താൻ വന്ന് വസ്തുതകൾ വിശദീകരിക്കാം...തന്റെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടികൾ നൽകാൻ പാർട്ടി നേതൃത്വവും, എം.എൽ.എയും തയ്യാറാണോ?' ഈ വിധത്തിലാണ് കുഞ്ഞികൃഷ്ണൻ ഉയർത്തുന്ന ചോദ്യങ്ങൾ.

വി.എസ്. അച്യുതാനന്ദന് സമർപ്പിച്ച പുസ്തകം

വി. കുഞ്ഞികൃഷ്ണന്റെ നേതൃത്വത്തെ അണികൾ തിരുത്തണം എന്ന പുസ്തകം പ്രകാശനംചെയ്തത് വി.എസ്. അച്യുതാനന്ദന്റെ ഐ.ടി ഉപദേഷ്ടാവായിരുന്ന ജോസഫ് സി. മാത്യു ആയിരുന്നു. സി.പി.എം സൈദ്ധാന്തികനായിരുന്ന പ്രൊഫ. എം.എൻ. വിജയന്റെ മകനും, സാഹിത്യകാരനുമായ വി.എസ് അനിൽകുമാർ ആണ് ആദ്യകോപ്പി സ്വീകരിച്ചത്. ജീവിതത്തിൽ വി.എസിനെ ഏറ്റവുമധികം ദുഃഖിപ്പിച്ചത് പോളിറ്റ്ബ്യൂറോയിൽ നിന്ന് ഒഴിവാക്കിയതാണെന്ന് ജോസഫ് സി. മാത്യു പറഞ്ഞു. പാർട്ടിയുടെ തീരുമാനത്തോടൊപ്പം നിൽക്കണമെന്ന് പറഞ്ഞപ്പോൾ, താൻ സത്യത്തിന്റെ കൂടെ നിൽക്കുമെന്നാണ് വി.എസ്. പറഞ്ഞത്. അത്തരമൊരു ധീരമായ നിലപാട് സ്വീകരിച്ചതിനാലാണ് വി.എസിനെതിരെ പി.ബി അന്ന് നടപടിയെടുത്തത്. താൻ സത്യത്തിനൊപ്പം നിൽക്കുമെന്നും, അതാണ് കമ്മ്യൂണിസ്റ്റുകാരന്റെ ധർമ്മമെന്നും ഭീഷണികളെ കൂസാതെ വിളിച്ചുപറയുകയാണ് കുഞ്ഞികൃഷ്ണൻ ചെയ്യുന്നതെന്നും ജോസഫ് സി. മാത്യു കൂട്ടിച്ചേർത്തു.
സുഖസൗകര്യങ്ങളും, സ്ഥാനമാനങ്ങളും, സമ്പത്തും ഉപേക്ഷിക്കാനുള്ള ടി.പി ചന്ദ്രശേഖരന്റേയും, എം.എൻ. വിജയന്റേയും തന്റേടം വി. കുഞ്ഞികൃഷ്ണനുണ്ടെന്ന് പുസ്തകം സ്വീകരിച്ചുകൊണ്ട് വി.എസ്. അനിൽകുമാർ തുറന്നടിക്കുകയും ചെയ്തു.
ടി.ഐ. മധുസൂദനൻ എം.എൽ.എ, സി.പി.എം ഏരിയാ സെക്രട്ടറി ആയിരിക്കെ ഒരു കോടിയോളം രൂപയുടെ ക്രമക്കേടുകൾ നടന്നുവെന്ന് ആരോപിച്ചുകൊണ്ടായിരുന്നു കുഞ്ഞികൃഷ്ണന്റെ ആമുഖപ്രസംഗം. ഇത് സംബന്ധിച്ച് തുറന്ന സംവാദത്തിന് അദ്ദേഹം മധുസൂദനനെ വെല്ലുവിളിക്കുകയും ചെയ്തു.

പുസ്തകപ്രകാശന ചടങ്ങ് തടയാൻ തനിക്കെതിരെ ആസൂത്രിത നീക്കങ്ങൾ നടന്നതായും, കുഞ്ഞികൃഷ്ണൻ ആരോപിച്ചിരുന്നു. തന്റെ വീട്ടിലേക്ക് നടന്ന പടക്കമേറ്, തന്നെ പിന്തുണയ്ക്കുന്നവരുടെ ബൈക്കുകൾ കത്തിക്കൽ, നവമാധ്യമങ്ങൾ വഴിയുള്ള തെറിവിളികൾ, മറ്റുവിധത്തിലുള്ള ഭീഷണികൾ എന്നിവയെല്ലാം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കുഞ്ഞികൃഷ്ണൻ ഹൈക്കോടതിയെ സമീപിച്ചതും പോലീസ് സംരക്ഷണം നേടിയതും. ഈവിധത്തിൽ കർശന സുരക്ഷയിലായിരുന്നു പുസ്തകപ്രകാശനം നടന്നത്.

കമ്മ്യൂണിസ്റ്റായി ജീവിക്കും; കമ്മ്യൂണിസ്റ്റായി മരിക്കും...

സി.പി.എം പാർട്ടി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തുവന്ന വി. കുഞ്ഞികൃഷ്ണനെ ബി.ജെ.പിയിൽ എത്തിക്കാനുള്ള നീക്കങ്ങളുമായി ചില നേതാക്കൾ ഇതിനോടകം രംഗത്തുവന്നിരുന്നു. ബി.ജെ.പിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഗോപാലകൃഷ്ണനാണ് ഇതിനായുള്ള അണിയറനീക്കങ്ങൾ നടത്തിയത്. ബി.ജെ.പിയുടെ പൊതുയോഗത്തിൽ അദ്ദേഹം പരസ്യമായി കുഞ്ഞികൃഷ്ണനെ ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാൽ ബി.ജെ.പി നേതാക്കളുടെ ക്ഷണത്തെ അപ്പോൾതന്നെ തള്ളിക്കളയുകയാണ് കുഞ്ഞികൃഷ്ണൻ ചെയ്തത്.
'പാർട്ടി പച്ചയ്ക്ക് കത്തിച്ചാലും പ്രശ്‌നമില്ല, രക്തസാക്ഷികളുടെ ഘാതകർക്ക് ഒപ്പം പോകില്ല, ജനങ്ങളെ ഭിന്നിപ്പിക്കുകയും,തമ്മിലടിപ്പിക്കുകയും ചെയ്യുന്ന വർഗ്ഗീയ രാഷ്ട്രീയ പാർട്ടിയുമായി സന്ധി ചെയ്യേണ്ട ഒരാവശ്യവും തനിക്കില്ല. തീവെട്ടിക്കൊള്ളക്കാരായ ചിലയാളുകളും അവരെ സംരക്ഷിക്കുന്ന നേതൃത്വവും പാർട്ടിക്കുണ്ടായി എന്നത് വാസ്തവമാണ്. പാർട്ടി നേതൃത്വത്തിനാണ് അപചയമുണ്ടായത്. അല്ലാതെ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിനല്ല. ഞാൻ കമ്മ്യൂണിസ്റ്റാണ്, ഇനിയും കമ്മ്യൂണിസ്റ്റായി ജീവിക്കുകയും, കമ്മ്യൂണിസ്റ്റായി മരിക്കുകയും ചെയ്യും..' കുഞ്ഞികൃഷ്ണൻ നയം വ്യക്തമാക്കുന്നത് ഈ വിധത്തിലാണ്.

എല്ലാം സുതാര്യമെന്ന് മധുസൂദനൻ എം.എൽ.എ

കുഞ്ഞികൃഷ്ണൻ തനിക്കെതിരെ ഉയർത്തിയ ആരോപണങ്ങളെ പൂർണ്ണമായും തള്ളുകയാണ് മധുസൂദനൻ എം.എൽ.എ. പണമിടപാടുകൾ എല്ലാം ബാങ്ക് അക്കൗണ്ടിലേക്കാണ് വന്നതെന്നും, എല്ലാ കണക്കുകളും പാർട്ടിയുടെ മുന്നിൽ അവതരിപ്പിച്ച് ബോധ്യപ്പെടുത്തിയതാണെന്നുമാണ് എം.എൽ.എയുടെ നിലപാട്. രക്തസാക്ഷി ധനരാജിന്റെ കുടുംബത്തിന് ഇതുസംബന്ധിച്ച് സംശയമില്ലെന്നും, രക്തസാക്ഷി ഫണ്ട് പൂർണ്ണമായും ആ കുടുംബത്തിന് ഉള്ളതാണെന്നും, ആ കുടുംബത്തെ ഇനിയും സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നുമുണ്ട്.

ഏരിയാകമ്മിറ്റി ഓഫീസിനായി പിരിച്ച 71 ലക്ഷത്തിന് കണക്കില്ലെന്ന കുഞ്ഞികൃഷ്ണന്റെ വാദത്തെയും മധുസൂദനനും പാർട്ടി നേതൃത്വവും തള്ളിക്കളയുന്നുണ്ട്. കോൺഗ്രസ് പ്രവർത്തകന്റെ മരണത്തിന് പിന്നാലെ സി.പി.എം ഓഫീസ് തകർക്കപ്പെട്ടു. ഈ ആക്രമണങ്ങളെ ഗൗരവമായി കണ്ടാണ് സുരക്ഷിതമായ ഇടത്തേക്ക് ഓഫീസ് മാറ്റാൻ പാർട്ടി നേതൃത്വം തീരുമാനിച്ചത്. ബാങ്ക് ജീവനക്കാർ നൽകിയ പണം കാണാനില്ലെന്ന പരാതിയും വസ്തുതാപരമല്ലെന്ന നിലപാടാണ് എം.എൽ.എ മുന്നോട്ടുവയ്ക്കുന്നത്. പയ്യന്നൂരിലെ റിട്ട. ബാങ്ക് ഉദ്യോഗസ്ഥരാണ് ഓഫീസ് നിർമ്മാണ ഫണ്ട് കൈകാര്യം ചെയ്തത്. ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പണം സമാഹരിച്ചത്. ആദ്യഘട്ടത്തിൽ രണ്ട് ലോക്കൽ കമ്മിറ്റികൾക്ക് ഇളവ് നൽകിയിരുന്നു. അവർ പിന്നീട് പണം നൽകുകയും ചെയ്തു. സമയത്തിന് ഓഡിറ്റ് നടത്താത്തതാണ് പാർട്ടിക്ക് പ്രയാസം ഉണ്ടാക്കിയതെന്നും, അതിനാലാണ് തനിക്കെതിരെ നടപടികൾ ഉണ്ടായതെന്നും മറ്റ് പ്രചരണങ്ങൾ അടിസ്ഥാനരഹിതമാണെന്നുമാണ് മധുസൂദനൻ ഉയർത്തുന്ന വാദമുഖങ്ങൾ. ഓഡിറ്റ് കമ്മിറ്റിയിലുണ്ടായിരുന്ന കുഞ്ഞികൃഷ്ണന് ഈ വസ്തുതകൾ എല്ലാം അറിയാമായിരുന്നിട്ടും ബോധപൂർവ്വം പുകമറകൾ സൃഷ്ടിക്കുകയാണെന്നും കുഞ്ഞികൃഷ്ണൻ സ്വയം ന്യായീകരിക്കാൻ എന്തും പറയുമെന്നും മധുസൂദനൻ കൂട്ടിച്ചേർക്കുന്നുമുണ്ട്.
ഈ വിധത്തിൽ ആരോപണ പ്രത്യാരോപണങ്ങളുമായി ഇരുകൂട്ടരും രംഗത്തുണ്ടെങ്കിലും, കുഞ്ഞികൃഷ്ണൻ തന്റെ പുസ്തകത്തിലൂടെ ഉയർത്തുന്ന ചോദ്യങ്ങൾ, വരുംനാളുകളിലും മലബാർ രാഷ്ട്രീയത്തിൽ ശക്തമായ ചലനങ്ങൾ സൃഷ്ടിക്കാമെന്നത് ഉറപ്പാണ്.

നേതൃത്വത്തെ അണികൾ തിരുത്തണം

താൻ ഉയർത്തിയ ആരോപണങ്ങളെ ചർച്ചപോലും നടത്താതെ തള്ളിക്കളഞ്ഞ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെപ്പോലെയുള്ള നേതാക്കളെയും യോഗത്തിൽ കുഞ്ഞികൃഷ്ണൻ രൂക്ഷമായി വിമർശിച്ചു. തനിക്കെതിരെ ഒരു വിരൽ ചൂണ്ടുമ്പോൾ ബാക്കിവിരലുകൾ പറയുന്ന ആൾക്കെതിരെയാണെന്ന് നേതാക്കൾ ഓർത്താൽ നന്നെന്ന് കുഞ്ഞികൃഷ്ണൻ ചൂണ്ടിക്കാണിച്ചത് വ്യക്തമായ രാഷ്ട്രീയലക്ഷ്യത്തോടെ തന്നെയായിരുന്നു. 

പയ്യന്നൂരിലെ പാർട്ടി ഫണ്ട് ക്രമക്കേടുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകളും വെളിപ്പെടുത്തലുകളും അടങ്ങിയതാണ് 16 അധ്യായങ്ങളുള്ള പുസ്തകം. പയ്യന്നൂർ എം.എൽ.എ ടി.ഐ. മധുസൂദനനെതിരെ അതീവഗുരുതരമായ ആരോപണങ്ങളാണ് പുസ്തകത്തിൽ ഉയർത്തിയിട്ടുള്ളത്. മധുസൂദനൻ പാർട്ടിയിൽ ചെറുഗ്രൂപ്പുകൾ ഉണ്ടാക്കിയെന്നും, പയ്യന്നൂരിലെ സി.പി.എമ്മിനെ കൈപ്പിടിയിൽ ഒതുക്കാൻ നോക്കിയെന്നും പുസ്തകത്തിൽ വിമർശിച്ചിട്ടുണ്ട്. എന്നാൽ പാർട്ടി നേതൃത്വം മധുസൂദനനെ രക്ഷിക്കുകയാണെന്നും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 'പാർട്ടി ഏരിയാ കമ്മിറ്റി' എന്ന ഭാഗത്താണ് മധുസൂദനനെതിരെ രൂക്ഷവിമർശനങ്ങൾ ഉയർത്തിയിട്ടുള്ളത്. ധൻരാജ് രക്തസാക്ഷി ഫണ്ട്, ഏരിയാ കമ്മിറ്റി ഓഫീസ് നിർമ്മാണഫണ്ട്, തെരഞ്ഞെടുപ്പ് ഫണ്ട് എന്നിവയിൽ ക്രമക്കേടുകൾ നടന്നുവെന്ന ആരോപണങ്ങളാണ് കണക്കുകൾ സഹിതം കുഞ്ഞികൃഷ്ണൻ തന്റെ പുസ്തകത്തിൽ വിശദീകരിച്ചിരിക്കുന്നത്.

'നേതൃത്വത്തെ അണികൾ തിരുത്തണം' എന്ന ഈ വിവാദപുസ്തകം പ്രകാശനച്ചടങ്ങ് അവസാനിക്കുന്നതിന് മുമ്പ് തന്നെ പൂർണ്ണമായും വിറ്റുതീരുകയും ചെയ്തു.

കുഞ്ഞികൃഷ്ണന്റെ പുസ്തകം നിറയെ ഭാവനാവിലാസം
കെ.കെ. രാഗേഷ് (സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി)

'പാർട്ടിയുടെ നടപടി നേരിട്ട മുൻജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണന്റെ പുസ്തകപ്രകാശനച്ചടങ്ങ് സി.പി.എം വിരുദ്ധരുടെ ഒത്തുചേരലായിരുന്നു. 'പകയുടെ കണക്കുപുസ്തകം' എന്ന പേരാണ് ആ പുസ്തകത്തിന് നൽകേണ്ടിയിരുന്നത്. കാരണം ടി.കെ. മധുസൂദനൻ എം.എൽ.എയോടുള്ള പകമാത്രമാണ് ആ പുസ്തകത്തിൽ ഉടനീളം നിറഞ്ഞുനിൽക്കുന്നത്. പാർട്ടിക്ക് പണം നഷ്ടപ്പെട്ടുവെന്ന കുഞ്ഞികൃഷ്ണന്റെ ആരോപണം വെറും ഭാവനാവിലാസം മാത്രമാണ്. ആ കണക്കുകൾ പാർട്ടി ബന്ധുക്കളെയും അനുഭാവികളെയും അംഗങ്ങളേയും വിളിച്ചുചേർത്ത് ബോധ്യപ്പെടുത്തും.' സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

ധനരാജ് രക്തസാക്ഷി ഫണ്ട് ശേഖരിച്ചത് പാർട്ടി അംഗങ്ങളിൽ നിന്നും സഹകരണ ജീവനക്കാരിൽ നിന്നും മാത്രമാണ്. ഓഡിറ്റർമാർ പരിശോധിച്ച കണക്ക് 2022 ജൂണിൽ ഏരിയാകമ്മിറ്റി അംഗീകരിച്ചതും അപ്പോൾതന്നെ ബ്രാഞ്ചിൽ അവതരിപ്പിച്ചതുമാണ്. കുഞ്ഞികൃഷ്ണൻ അവതരിപ്പിച്ച കണക്ക് തെറ്റാണെന്നും ഓഡിറ്റർമാർ കണ്ടെത്തിയിട്ടുണ്ട്. രക്തസാക്ഷി ഫണ്ട് ഉൾപ്പെടെയുള്ള കണക്കുകൾ അവതരിപ്പിക്കുന്നത് പാർട്ടി കമ്മിറ്റികളിലാണ്. മറ്റേതെങ്കിലും പാർട്ടികൾ ഈവിധത്തിൽ കണക്കുകൾ അവതരിപ്പിക്കുന്നത് കണ്ടിട്ടുപോലുമില്ല. ഈ വിധത്തിൽ സുതാര്യമായ വസ്തുതകളെയാണ് തെറ്റിദ്ധാരണയുണ്ടാക്കുന്ന വിധത്തിൽ കുഞ്ഞികൃഷ്ണൻ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത്.

കണക്ക് അവതരിപ്പിക്കുന്നതിൽ കാലതാമസമുണ്ടായതിന്റെ പേരിലാണ് പാർട്ടി നടപടിയെടുത്തത്. കൃത്യമായ ജാഗ്രത ഈ വിഷയത്തിൽ ഉണ്ടായിട്ടില്ലെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. ഫണ്ട് പിരിവ് കാര്യത്തിൽ ഒരു രൂപ പോലും നഷ്ടപ്പെട്ടില്ല എന്ന് പാർട്ടിയുടെ പരിശോധനയിൽ വ്യക്തമായതാണ്. എന്നാൽ അത് തിരിച്ചറിഞ്ഞിട്ടും പകമൂത്ത് കുഞ്ഞികൃഷ്ണൻ എന്തൊക്കെയോ വിളിച്ചുപറയുകയാണ്. കുഞ്ഞികൃഷ്ണന്റെ പുസ്തകത്തിൽ പറയുന്ന കണക്കുകൾ എല്ലാം തെറ്റാണ്. സി.പി.എം അനുഭാവികളുടെ കുടുംബസംഗമം വിളിച്ച് വസ്തുതകൾ അവരെ ബോധ്യപ്പെടുത്തുകയും ചെയ്യും.' കെ.കെ. രാഗേഷ് കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img