
കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തിൽ അസാധാരണമായൊരു പരിണാമത്തിന് നാം സാക്ഷ്യം വഹിക്കുകയാണ്. കാലങ്ങളായി 'മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്' എന്നും, ക്ഷേത്രങ്ങളെ 'അന്ധവിശ്വാസത്തിന്റെ കേന്ദ്രങ്ങൾ' എന്നും കണ്ടിരുന്ന ഒരു പ്രസ്ഥാനം, അഥവാ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) ഇന്ന് അതിന്റെ രാഷ്ട്രീയ നിലപാടുകളിൽ കാതലായ മാറ്റങ്ങൾ വരുത്തി, 'ആചാരസംരക്ഷകരുടേയും', 'ഭക്തജനങ്ങളുടേയും' പക്ഷത്തേക്ക് ചാഞ്ഞിരിക്കുന്നു. ഈ മാറ്റം, കേരളത്തിൽ ഒരു 'ഹിന്ദു കമ്മ്യൂണിസം' (ഒശിറൗ ഇീാാൗിശാെ) എന്ന പുതിയ രാഷ്ട്രീയ പ്രവണതയ്ക്ക് വഴിയൊരുക്കുകയാണോ എന്ന ചോദ്യം ശക്തമാവുകയാണ്.
ഇതുവരെ ഹിന്ദുത്വ പാർട്ടിയായി കണക്കാക്കിയിരുന്നത് ഭാരതീയ ജനതാ പാർട്ടിയെ (ബി.ജെ.പി) ആയിരുന്നു. ഹിന്ദുവർഗീയതയ്ക്ക് ചൂട്ടുപിടിക്കുന്നുവെന്ന് സി.പി.എമ്മും കോൺഗ്രസും നിരന്തരം ആക്ഷേപിച്ചിരുന്ന ആ പാർട്ടിയുടെ തന്ത്രങ്ങൾ ഇന്ന് സി.പി.എം പകർത്തിയെഴുതുന്നുവെന്നതാണ് ഏറ്റവും കൗതുകകരമായ വസ്തുത. കേരളത്തിൽ സി.പി.എം തീവ്ര ഹിന്ദുത്വത്തിലേക്കും, പ്രതിപക്ഷമായ കോൺഗ്രസ് മൃദു ഹിന്ദുത്വത്തിലേക്കും വഴിമാറിയോയെന്ന സംശയത്തിന് ബലം നൽകുന്ന നിരവധി സംഭവ വികാസങ്ങളാണ് അടുത്തിടെ അരങ്ങേറിയത്.
ആത്മീയ പ്രഭാഷണത്തിന്റെ രാഷ്ട്രീയം
മതപ്രഭാഷണങ്ങൾ സാധാരണയായി വേദങ്ങളിലും ഉപനിഷത്തുകളിലും പുരാണ കഥകളിലുമൊക്കെ ഊന്നിനിന്നാണ് നടത്താറുള്ളത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇത്തരം വേദികളിൽ ബി.ജെ.പിയെ പരോക്ഷമായി അനുകൂലിക്കുന്ന പ്രസംഗങ്ങളും ഉണ്ടാകാറുണ്ട്. എന്നാൽ കേരളത്തിൽ ബി.ജെ.പിക്ക് ഈ തന്ത്രം വേണ്ടത്ര ഉപയോഗപ്പെടുത്താൻ കഴിയുന്നില്ല എന്നതിലെ രാഷ്ട്രീയ രഹസ്യം കൃത്യമായി മനസ്സിലാക്കിയെടുത്തത് സി.പി.എമ്മാണ്. അതിന്റെ പ്രതിഫലനമാണ് നിലവിൽ പാർട്ടി സ്വീകരിക്കുന്ന നിലപാടുകളിലെല്ലാം കാണാൻ കഴിയുന്നത്.
ഈ മാറ്റത്തിന്റെ തുടക്കം ശബരിമല യുവതീപ്രവേശന വിഷയത്തിൽ സി.പി.എമ്മിനും സർക്കാരിനും സംഭവിച്ച 'പൊള്ളലി'ൽ നിന്നാണ്. ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധി തിടുക്കത്തിൽ നടപ്പാക്കാൻ ശ്രമിച്ച പിണറായി വിജയൻ സർക്കാരും സി.പി.എമ്മും, ഭക്തരല്ലാത്ത ആക്ടിവിസ്റ്റുകളായ ബിന്ദു അമ്മിണിയേയും കനകദുർഗയേയും ഒളിപ്പിച്ച് സന്നിധാനത്ത് എത്തിക്കുകയായിരുന്നു. അന്നേവരെ, ശബരിമല വ്രതാനുഷ്ഠാനം എന്തെന്നു പോലും അറിയാത്തവരെ യാഥാർത്ഥ ഭക്തരായി അവതരിപ്പിക്കാൻ സർക്കാർ ശ്രമിച്ചു.
എന്നാൽ, ഈ നീക്കം ഭക്തജനങ്ങളെയും ഹൈന്ദവ സമൂഹത്തെയും വൻതോതിൽ പ്രകോപിപ്പിച്ചു. 2019-ൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന് കനത്ത തിരിച്ചടി നേരിടേണ്ടി വന്നു. ഹിന്ദുത്വ പാർട്ടിയായ ബി.ജെ.പിക്ക് ഈ സാഹചര്യത്തിൽ വലിയ നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിലും, മൃദുഹിന്ദുത്വം പറഞ്ഞ കോൺഗ്രസ് നേട്ടമുണ്ടാക്കി സീറ്റുകൾ തൂത്തുവാരി. ശബരിമലയിലെ ഈ തിരിച്ചടി സി.പി.എമ്മിനെ വല്ലാതെ അമ്പരപ്പിക്കുകയും തിരുത്തൽ നടപടികൾക്ക് നിർബന്ധിതമാക്കുകയും ചെയ്തു.
പ്രായശ്ചിത്തവും അയ്യപ്പസംഗമവും
ആ തിരിച്ചടിയുടെ പൊള്ളലിൽ നിന്ന് മുക്തി നേടാനും, ഭക്തജന വിശ്വാസം പിടിച്ചെടുക്കാനുമുള്ള തന്ത്രമായിരുന്നു പാർട്ടി നടത്തിയ അയ്യപ്പസംഗമം. ശബരിമലയിലെ യുവതീപ്രവേശന വിഷയത്തിൽ തെറ്റുപറ്റിയെന്ന പരോക്ഷമായ സമ്മതം കൂടിയായിരുന്നു ആ നീക്കം. ഈ സംഗമത്തിന്റെ ഉദ്ഘാടനവേദിയിൽ പമ്പയിൽ ഭഗവാൻ അയ്യപ്പന്റെ ചിത്രത്തിന് മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിളക്ക് കൊളുത്തിയ രംഗം സംഘപരിവാർ അടക്കമുള്ളവർക്കിടയിൽ വലിയ ചർച്ചയായി. 'തെറ്റു ചെയ്തവനെ അയ്യപ്പൻ തന്റെ മുന്നിലെത്തിച്ചുവെന്ന്' സംഘപരിവാർ കേന്ദ്രങ്ങൾ പരിഹാസമുയർത്തി. ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ കൈയിൽ നിന്ന് അയ്യപ്പ വിഗ്രഹം ഏറ്റുവാങ്ങേണ്ടി വന്നതിനെ 'അയ്യപ്പൻ കൊടുത്ത ശിക്ഷയാണെന്ന്' പരിവാർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു.
എന്നാൽ, പരിഹാസങ്ങൾക്കിടയിലും സി.പി.എം ഒരു പുതിയ തന്ത്രം മെനയുകയായിരുന്നു. ഹിന്ദുമത പ്രഭാഷകർ ക്ഷേത്രങ്ങളിൽ നടത്താറുള്ള പ്രഭാഷണങ്ങളുടെ ശൈലി പിന്തുടർന്ന് ഉപനിഷത്തിനെയും ഭഗവദ് ഗീതയെയും അയ്യപ്പചരിതത്തെയും ഉദ്ധരിച്ച് മുഖ്യമന്ത്രി നടത്തിയ 'ആത്മീയ പ്രഭാഷണം' തീർത്തും അസാധാരണമായിരുന്നു. ഈ പ്രഭാഷണം സി.പി.എമ്മിനെയും അണികളെയും ഒരു പുതിയ 'ഹിന്ദുത്വ ലൈനി'ലേക്ക് നയിക്കുകയാണെന്ന് ചിലർ അഭിപ്രായപ്പെട്ടെങ്കിലും, പരമ്പരാഗത കമ്മ്യൂണിസ്റ്റുകാർ അത് അംഗീകരിക്കാൻ തയ്യാറായിരുന്നില്ല. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നും, ക്ഷേത്രങ്ങൾ നശിച്ചാൽ അത്രയും അന്ധവിശ്വാസം കുറയും എന്നും പറഞ്ഞു നടന്ന പണ്ടത്തെ കമ്മ്യൂണിസ്റ്റുകാർ പുതിയ 'ഹിന്ദു കമ്മ്യൂണിസം' കാണുമ്പോൾ അസ്വസ്ഥരാവുക സ്വാഭാവികമാണ്. എങ്കിലും 'ഇത് കാലത്തിന്റെ അനിവാര്യതയാണ്' എന്നാണ് പുതിയ സാഹചര്യത്തെ അനുകൂലിക്കുന്നവർ പറയുന്നത്.
'ഭഗവാൻ പൊറുക്കില്ല' എന്ന മുന്നറിയിപ്പ്
സി.പി.എം നേതൃത്വത്തിന്റെയും അണികളുടെയും മനസ്സ് ഈ പുതിയ രാഷ്ട്രീയത്തിലേക്ക് പരിവർത്തനപ്പെട്ടു എന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ വിശദീകരണക്കുറിപ്പായി പുറത്തുവന്ന ഫേസ്ബുക്ക് പോസ്റ്റ്. ആറന്മുള വള്ളസദ്യ ദിവസം മന്ത്രിയും പാർട്ടി നേതാക്കളും സദ്യയുണ്ടത് 'ആചാരലംഘനം' ആണെന്ന വിമർശനത്തെ പാർട്ടി പ്രതിരോധിച്ചത് 'ആറന്മുള ഭഗവാനെ' കൂട്ടുപിടിച്ചാണ്. ഭഗവാന് നിവേദ്യം നടത്തുന്നതിന് മുമ്പേ മന്ത്രിയും സംഘവും സദ്യയുണ്ടതാണ് ആചാര സംരക്ഷകർ വിവാദമാക്കിയത്.
ആരോപണങ്ങൾ നിഷേധിച്ചുകൊണ്ടുള്ള സി.പി.എം ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് കുറിപ്പിലെ അവസാന വാചകം ശ്രദ്ധേയമായിരുന്നു: 'ഭഗവാന്റെ പേരിൽ കള്ളം പറഞ്ഞാൽ ഭഗവാൻ ഒരിക്കലും പൊറുക്കില്ല'. ഈയൊരു വാചകം പാർട്ടിക്കുള്ളിലും പുറത്തും വലിയ ചർച്ചയായി. ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി ഔദ്യോഗികമായി ഒരു 'ഭഗവാനെ' കൂട്ടുപിടിച്ച് രാഷ്ട്രീയ വിശദീകരണം നൽകുന്നത് കേരള രാഷ്ട്രീയത്തിൽ ആദ്യമായിട്ടാവും. അപ്പോൾ, ആരാണ് യാഥാർത്ഥ ആചാര-വിശ്വാസ സംരക്ഷകർ എന്ന ചോദ്യത്തിന് ഉത്തരം ബി.ജെ.പിക്കാരല്ല, സി.പി.എമ്മുകാർ തന്നെ എന്ന മട്ടിലേക്ക് കാര്യങ്ങൾ മാറുന്നു.
ഫേസ്ബുക്കിലെ വാചകം 'കടുത്തുപോയി' എന്ന് പാർട്ടിയിൽ വിമർശനമുയർന്നപ്പോൾ, അതിനെ മയപ്പെടുത്തി 'ആചാരം ലംഘനം നടത്തിയെന്ന് കള്ളം പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാൽ അവർ പൊറുക്കില്ല' എന്ന് തിരുത്തിയെങ്കിലും, ആദ്യത്തെ പ്രയോഗം സി.പി.എമ്മിന്റെ പുതിയ രാഷ്ട്രീയ 'ലൈൻ' വ്യക്തമാക്കുന്നുണ്ട്. പത്തനംതിട്ട പോലുള്ള ഭക്തജന സ്വാധീനമുള്ള ഒരു ജില്ലയിൽ, തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് തന്നെയാണ് ഈ ഹിന്ദുത്വ ലൈൻ ആദ്യം പരീക്ഷിക്കാൻ സി.പി.എം തീരുമാനിച്ചതെന്നതും ശ്രദ്ധേയമാണ്.
ബി.ജെ.പിക്ക് വെല്ലുവിളിയാകുന്ന 'ഭക്ത കമ്മ്യൂണിസം'
അയ്യപ്പസംഗമത്തിൽ തുടങ്ങിവച്ച ഈ ഹിന്ദുത്വ ലൈൻ പത്തനംതിട്ടയിൽ നടപ്പാക്കിക്കഴിഞ്ഞ സ്ഥിതിക്ക്, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുമ്പ് മറ്റു ജില്ലകളിലേക്കും ഇത് വ്യാപിപ്പിച്ചേക്കാം. ബി.ജെ.പിയെക്കാൾ കൂടുതൽ തീവ്രമായി ഹിന്ദുത്വം പറഞ്ഞുതുടങ്ങിയ സി.പി.എമ്മിന് ഇപ്പോൾ 'കമ്മ്യൂണിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യ മാർക്‌സിസ്റ്റ്' എന്ന പേര് മാത്രമേ ഇനി പ്രശ്‌നമായിട്ടുള്ളൂവെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
ആർ.എസ്.എസിന്റെ താത്വികാചാര്യനായിരുന്ന പി. പരമേശ്വരന്റെ ആഹ്വാനപ്രകാരമാണ് ഹിന്ദു സംഘടനകൾ രാമായണ മാസാചരണം ക്ഷേത്രങ്ങളിലും വീടുകളിലും നടത്താൻ തുടങ്ങിയത്. സി.പി.എം ഈ ആചരണത്തെ ഏറ്റെടുക്കണമെന്നും, അതിലൂടെ ഹിന്ദുവിശ്വാസികളിലേക്ക് കൂടുതൽ ആഴത്തിൽ ഇറങ്ങിച്ചെല്ലണമെന്നും ചില പാർട്ടി വൃത്തങ്ങളിൽ അഭിപ്രായമുയരുന്നുണ്ട്.
ഭാവിയിൽ ഭഗവാൻ ശ്രീരാമന്റെ ചിത്രം കാറൽ മാർക്‌സിനും ഏംഗൽസിനും ഒപ്പം സി.പി.എം ഓഫീസുകളിൽ വെക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. മുമ്പ്, സ്വാമി വിവേകാനന്ദനെ കമ്മ്യൂണിസ്റ്റാക്കാൻ സി.പി.എം ശ്രമിച്ചപോലെ, ഹൈന്ദവ ബിംബങ്ങളെ തങ്ങളിലേക്ക് ആകർഷിക്കാനുള്ള ശ്രമങ്ങൾ പാർട്ടി നടത്തുമെന്ന് ഉറപ്പാണ്.
ഈ വിഷയത്തിൽ ദീർഘ വീക്ഷണമുള്ള സി.പി.എം നേതാവ് പി. ജയരാജൻ നേരത്തേ തന്നെ ഹിന്ദുത്വ ലൈൻ സ്വീകരിച്ചിരുന്നു. എന്നാൽ അന്നത് പാർട്ടി ഔദ്യോഗികമായി വിലക്കിയതുകൊണ്ട് അദ്ദേഹം തുടങ്ങിവച്ച ശ്രീകൃഷ്ണജയന്തി ആഘോഷം നിലവിൽ നിലച്ചിരിക്കുകയാണ്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ അത് പുനരാരംഭിച്ചാലും അത്ഭുതപ്പെടാനില്ല.
സി.പി.എം. ഇപ്പോൾ സ്വീകരിക്കുന്ന 'ഹിന്ദു കമ്മ്യൂണിസം' എന്ന വഴി, പരമ്പരാഗത വോട്ടുബാങ്കായ ന്യൂനപക്ഷ വിഭാഗങ്ങളിൽ സംശയമുണ്ടാക്കുമോ എന്ന ചോദ്യവും പ്രസക്തമാണ്. മുസ്ലീം, ക്രൈസ്തവ വിഭാഗങ്ങൾക്കിടയിൽ ഇത് വിയോജിപ്പുണ്ടാക്കുകയും, ഈ വോട്ടുകൾ കോൺഗ്രസിലേക്ക് ഒഴുകിപ്പോകാനും സാധ്യതയുണ്ട്. എന്നാൽ അതിനെ മറികടക്കാൻ മറ്റു സംസ്ഥാനങ്ങളിൽ നടക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അതേ രീതികൾ കേരളത്തിലും പരീക്ഷിക്കാനാണ് സി.പി.എം തയ്യാറെടുക്കുന്നത്.
മതരാഷ്ട്രീയത്തിൽ തങ്ങളുടെ ഇടം ഉറപ്പിക്കാൻ ശ്രമിക്കുന്ന ബി.ജെ.പിക്ക് ഒരു വലിയ വെല്ലുവിളിയായിരിക്കും ഈ 'ഭക്ത കമ്മ്യൂണിസം'. സി.പി.എം ഈ രാഷ്ട്രീയ തന്ത്രം തുടർന്നാൽ, കേരളത്തിലെ ബി.ജെ.പിക്ക് അവരുടെ രാഷ്ട്രീയ അജണ്ടയിൽ കൂടുതൽ മാറ്റങ്ങൾ വരുത്തേണ്ടി വരും. ഹിന്ദുസമൂഹത്തിന്റെ വിശ്വാസങ്ങളെ തങ്ങളേക്കാൾ ചേർത്തുപിടിക്കുന്ന ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സാന്നിധ്യം ബി.ജെ.പിക്ക് വലിയ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിക്കും.
ഇടതുപക്ഷത്തിന്റെ പ്രത്യയശാസ്ത്രം, അതിന്റെ അടിസ്ഥാന പ്രമാണങ്ങളിൽ നിന്ന് വ്യതിചലിച്ച്, 'കാലത്തിന്റെ അനിവാര്യത' എന്ന പേരിൽ ഹൈന്ദവ രാഷ്ട്രീയത്തെ കൂട്ടുപിടിക്കുമ്പോൾ, കേരള രാഷ്ട്രീയം ഒരു പുതിയ വഴിത്തിരിവിലാണ്. ഇത് വെറും തിരഞ്ഞെടുപ്പ് തന്ത്രം മാത്രമാണോ, അതോ സി.പി.എമ്മിന്റെ അടിസ്ഥാന സ്വഭാവത്തിൽ തന്നെയുള്ള മാറ്റമാണോ എന്ന് വരും വർഷങ്ങളിൽ വ്യക്തമാകും. എന്തായാലും, 'ഭഗവാൻ പൊറുക്കില്ല' എന്ന് പറയുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി, തീർച്ചയായും കേരളത്തിൽ ഒരു പുതിയ രാഷ്ട്രീയ യുഗത്തിന് തുടക്കം കുറിക്കുകയാണ്. ഈ 'ഹിന്ദു കമ്മ്യൂണിസം' എത്രത്തോളം വേരുപിടിക്കുമെന്നും, കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ ഘടനയെ എങ്ങനെ മാറ്റിമറിക്കുമെന്നും കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.











