
കൊച്ചി: ജനാധിപത്യ രാജ്യത്ത് പൊതു ഇടങ്ങളിൽ സമരം ചെയ്യാൻ പാടില്ലെന്നത് അംഗീകരിക്കാനാവില്ലെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. പൊതു ഇടങ്ങൾ ഉള്ളിടത്തോളം സമരങ്ങളുമായി നിരത്തിലുണ്ടാകുമെന്നും ഷിയാസ് പറഞ്ഞു. കഴിഞ്ഞ ദിവസം നഗരസഭാ ഓഫീസിന് മുന്നിൽ നടന്ന ധാരണയെ തുടർന്ന് കോടതിയിൽ ഹാജരാകാൻ നോട്ടീസ് ലഭിച്ചതിനോട് പ്രതികരിക്കുകയായിരുന്നു ഷിയാസ്. പൊതു ഇടങ്ങളിലെല്ലാം സമരം വിലക്കുന്നത് അംഗീകരിക്കാനാവില്ല. ഉത്തരവാദിത്വമുള്ള രാഷ്ട്രീയ പാർട്ടി പ്രവർത്തകർ എന്ന നിലയിൽ ജനങ്ങളുടെ ആവശ്യങ്ങള്കായി സമരം ചെയ്യേണ്ടി വരും. നഗരസഭ ഓഫീസിനു മുന്നിൽ സമരം നടത്തുന്ന ആദ്യ സംഘടനയല്ല കോൺഗ്രസ്. ഡിസിസി നടത്തിയ സമരത്തിന് മുൻപും ശേഷവും ഒട്ടേറെ സമരങ്ങൾ അതെ സ്‌ഥലത്തു നടന്നിട്ടുണ്ട്. അപ്പോഴൊന്നും ഇല്ലാത്ത പ്രശ്നം കോൺഗ്രസ് സമരം നടത്തുമ്പോൾ മാത്രം എന്തിനാണെന്നും ഷിയാസ് ചോദിച്ചു. മാധ്യമങ്ങളിലൂടെ മുൻകൂട്ടി അറിയിപ്പ് നൽകിയും പൊലീസിൽ നിന്ന് രേഖാമൂലം അനുമതിയും വാങ്ങി നടത്തുന്ന സമരങ്ങൾ എങ്ങനെയാണു നിയമവിരുദ്ധമാകുന്നത്. പൊതു നിരത്തുകളിൽ കൂടിചേരലുകൾ നിരോധിച്ചിട്ടില്ല. പൊതു നിരത്തുകളിലല്ലാതെ പിന്നെ എവിടെയാണ് സമരം ചെയേണ്ടതെന്നും ഷിയാസ് ചോദിച്ചു.
Photo Courtesy - Google









