
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ മുൻ മേയർ ആര്യാ രാജേന്ദ്രൻെതിരെ രൂക്ഷ വിമർശനവുമായി മുൻമന്ത്രി വി. ശിവൻകുട്ടി. മേയർ എന്ന നിലയിലെ ആര്യയുടെ പ്രവർത്തനങ്ങൾ ജനങ്ങളിൽ വലിയ അവമതിപ്പുണ്ടാക്കിയെന്നും അതാണ് തിരഞ്ഞെടുപ്പിൽ തിരിച്ചടിയായതെന്നും ശിവൻകുട്ടി ആരോപിച്ചു. പരാജയം വിലയിരുത്താൻ ചേർന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിലായിരുന്നു ശിവൻകുട്ടിയുടെ വിമർശനം.
പ്രചാരണത്തിനിടെ ആര്യയെ വാഹനത്തിൽ കയറ്റിയപ്പോൾ സ്ത്രീകൾ ഉൾപ്പെടെ പലരും പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ച സംഭവങ്ങൾ ഉണ്ടായതായി ശിവൻകുട്ടി പറഞ്ഞു. ജനങ്ങൾക്കിടയിൽ ആര്യയ്ക്കെതിരെ കടുത്ത രോഷമുണ്ടായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആര്യയ്ക്ക് ചുമതല നൽകിയ വാർഡിൽ ആയിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം പ്രതീക്ഷിച്ചിരുന്നെങ്കിലും വെറും അഞ്ച് വോട്ടിന്റെ ലീഡ് മാത്രമാണ് ലഭിച്ചതെന്നും ശിവൻകുട്ടി വിമർശിച്ചു.
അതേസമയം, തദ്ദേശതിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി നേരിട്ട സമയത്ത് ആര്യയെ പിന്തുണച്ച് രംഗത്തെത്തിയതും ശിവൻകുട്ടിയായിരുന്നു. അന്ന് ആര്യയുടെ പ്രവർത്തനം മാതൃകാപരമാണെന്നും തിരഞ്ഞെടുപ്പ് തോൽവിയുടെ മുഴുവൻ ഉത്തരവാദിത്വവും ആര്യയുടെ മേൽ ചുമത്തരുതെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.










