02:16pm 29 September 2026
NEWS
ആര്‍ട്ടിസ്റ്റ് നമ്പൂതിരി സമ്മാന്‍ സാബു സിറിലിന്
29/09/2026  12:13 PM IST
nila
ആര്‍ട്ടിസ്റ്റ് നമ്പൂതിരി സമ്മാന്‍ സാബു സിറിലിന്

 

കൊച്ചി: കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ദി ആര്‍ട്ടിസ്റ്റ് നമ്പൂതിരി സമ്മാന്‍ ട്രസ്റ്റ്'  ദേശീയ അവാര്‍ഡിന് ഈ വര്‍ഷം അന്താരാഷ്ട്ര പ്രശസ്തനായ മികച്ച ചലചിത്ര കലാ സംവിധായകന്‍ സാബു സിറില്‍ അര്‍ഹനായി. ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ പ്രവര്‍ത്തന മേഖലയായ ചലചിത്ര കലാ സംവിധാന രംഗത്ത് സമഗ്ര സംഭാവന നല്‍കിയ വ്യക്തിക്കാണ് രണ്ടാമത് അവാര്‍ഡ് സമ്മാനിക്കുന്നത്. ദാദാ ഫാല്‍ക്കേ അവാര്‍ഡ് ജേതാവും, ദി ആര്‍ട്ടിസ്റ്റ് നമ്പൂതിരി സമ്മാന്‍ ട്രസ്റ്റ് രക്ഷാധികാരിയുമായ ചലചിത്ര താരം മോഹന്‍ലാല്‍ അവാര്‍ഡ് ജേതാവിനെ പ്രഖ്യാപിച്ചു. ഇന്ത്യന്‍ സിനിമയ്ക്ക് തന്‍റെ കലാസംവിധാന മികവിലൂടെ നിസ്തുലവും ശ്രദ്ധേയവുമായ സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് സാബു സിറില്‍. ഇന്ത്യന്‍ ചലച്ചിത്രരംഗത്ത് കലാസംവിധാനത്തിന് പുതിയൊരു ദൃശ്യഭാഷയും ഉയര്‍ന്ന നിലവാരവും സമ്മാനിച്ച അദ്ദേഹത്തിന്‍റെ സംഭാവനകള്‍ ഏറെ വിലമതിക്കപ്പെടേണ്ടതാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. 

പ്രശസ്ത ചിത്രകാരനും ശില്‍പ്പിയും ആര്‍ട്ട് ഡയറക്ടറുമായിരുന്ന നമ്പൂതിരിയുടെ കലാപാരമ്പര്യത്തെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനുള്ള മഹത്തായ ഉദ്ദേശ്യത്തോടെ സ്ഥാപിതമായ 'ദി ആര്‍ട്ടിസ്റ്റ് നമ്പൂതിരി സമ്മാന്‍ ട്രസ്റ്റ്' എറണാകുളത്ത് നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും, ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ ശില്പവുമാണ് അവാര്‍ഡ്. ബാബു ജോസഫ് (മാനേജിങ്ങ് ട്രസ്റ്റി), ദേവന്‍നമ്പൂതിരി (ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ മകന്‍), കാര്‍ട്ടൂണിസ്റ്റ് രവിശങ്കര്‍, ആര്‍ട്ടിസ്റ്റ് ബിനുരാജ് കലാപീഠം, കര്‍ട്ടൂണിസ്റ്റ് സുധീര്‍ നാഥ് എന്നിവരാണ് ദി ആര്‍ട്ടിസ്റ്റ് നമ്പൂതിരി സമ്മാന്‍ ട്രസ്റ്റ് അംഗങ്ങള്‍.

തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ ജില്ലയിലെ വാല്‍പ്പാറ സ്വദേശിയായ സെബാസ്റ്റ്യന്‍ വിന്‍സെന്‍റ് സിറില്‍ എന്ന സാബു സിറില്‍ ഒരു ഇന്ത്യന്‍ ചലച്ചിത്ര നിര്‍മ്മാണ ഡിസൈനറും അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സസിലെ (ഓസ്കാര്‍) അംഗവുമാണ്. 1982 മുതല്‍ 1988 വരെ, വെല്‍കോം ഗ്രൂപ്പ് ഹോട്ടല്‍സ്, താജ് ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ്, മധുര കോട്സ് തുടങ്ങിയ കമ്പനികളുടെ ഫ്രീലാന്‍സ് ഗ്രാഫിക്സ് ഡിസൈനറായിരുന്നു അദ്ദേഹം. 1988 ല്‍ അദ്ദേഹം തന്‍റെ കലാസംവിധായക ജീവിതം ആരംഭിച്ചു. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ 2,500 ലധികം പരസ്യങ്ങളും, 3 ടെലിസീരിയലുകളും, 115 ഫീച്ചര്‍ ഫിലിമുകളും കലാസംവിധാനം ചെയ്തിട്ടുണ്ട്. അദ്ദേഹം നിരവധി സ്റ്റേജ് ഷോകളും ഡിസൈന്‍ ചെയ്തിട്ടുണ്ട്. 1996 ല്‍, മിസ്സ് വേള്‍ഡ് സൗന്ദര്യമത്സരത്തിന്‍റെ സ്റ്റേജ് ഡിസൈന്‍ അദ്ദേഹം സംവിധാനം ചെയ്തു. 
 
സാബു സിറില്‍ വര്‍ത്തമാനകാലത്തെ രാജ്യത്തെ ഏറ്റവും പ്രശസ്തരായ കലാസംവിധായകരില്‍ ഒരാളാണ്. 4 ദേശീയ ചലച്ചിത്ര അവാര്‍ഡ്, 4 സംസ്ഥാന അവാര്‍ഡുകള്‍, മികച്ച കലാസംവിധാനത്തിനുള്ള 6 ഫിലിംഫെയര്‍ അവാര്‍ഡ്, 5 അന്താരാഷ്ട്ര ഇന്ത്യന്‍ ചലച്ചിത്ര അക്കാദമി അവാര്‍ഡുകള്‍ തുടങ്ങി നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. അയ്യര്‍ ദി ഗ്രേറ്റ് (1990), അമരം (1991), അങ്കിള്‍ ബണ്‍ (1991), അദ്വൈതം (1991), മഹാനഗരം (1992), ധ്രുവം (1993), മിന്നാരം (1994), തേന്മാവിന്‍ കൊമ്പത്ത് (1994), പവിത്രം (1994), സൈന്യം (1994), മാന്ത്രികം (1995), കാലാപാനി (1996), ചന്ദ്രലേഖ (1997), കണ്ണെഴുതി പൊട്ടും തൊട്ട് (1999), മേഘം (1999), രാകിളിപ്പാട്ട് (2000), കാക്കക്കുയില്‍ (2001), കിളിച്ചുണ്ടന്‍ മാമ്പഴം (2003), മാജിക് മാജിക് 3ഡി (2003), ആകാശ ഗോപുരം (2008), ഒരു മരുഭൂമിക്കഥ (2011)
കൊളാമ്പി (2019), മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം (2021) തുങ്ങെിയ മലയാള സിനിമകളില്‍ അദ്ദേഹം കലാസംവിധായകനായിരുന്നു. എന്തിരന്‍ റോബോ (2010), ബാഹുബലി: ദി ബിഗിനിംഗ് (2015), ബാഹുബലി 2: ദി കണ്‍ക്ലൂഷന്‍ (2017), ആര്‍.ആര്‍.ആര്‍ (2022) തുടങ്ങിയ ചിത്രങ്ങളുടെ കലാ സംവിധാനത്തിലൂടെ അദ്ദേഹത്തിന് അന്താരാഷ്ട്ര അംഗീകാരവും നേടിയിട്ടുണ്ട്.  

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img