
ദോഹ: ചികിത്സിച്ചു ഭേദമാക്കാൻ പ്രയാസമുള്ള സ്തനാർബുദ മുഴകളെ (Intractable Tumors) കണ്ടെത്താനും കൃത്യമായ ചികിത്സ നിർണ്ണയിക്കാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ഖത്തർ യൂണിവേഴ്സിറ്റി. സർവ്വകലാശാലയിലെ ഗവേഷകർ വികസിപ്പിച്ചെടുത്ത പുതിയ എ.ഐ മോഡലും പരീക്ഷണാത്മക സംയുക്തങ്ങളും അർബുദ രോഗചികിത്സയിൽ വലിയ മുന്നേറ്റത്തിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സ്തനാർബുദ മുഴകളിലെ പ്രത്യേക പ്രോട്ടീൻ അളവുകൾ തരംതിരിക്കുന്നതിനും, അനുയോജ്യമായ പ്രോട്ടീൻ അധിഷ്ഠിത ചികിത്സകൾ തിരഞ്ഞെടുക്കുന്നതിനും സഹായിക്കുന്നതാണ് പുതിയ എ.ഐ മാതൃക. പ്രീ-ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ട്യൂമറുകളുടെ വളർച്ച ഏകദേശം 46 ശതമാനം വരെ കുറയ്ക്കാൻ പുതിയ പരീക്ഷണാത്മക സംയുക്തത്തിന് കഴിഞ്ഞതായി ഗവേഷകർ വ്യക്തമാക്കി. പരമ്പരാഗത ചികിത്സകളോട് പ്രതികരിക്കാത്ത അർബുദ കോശങ്ങൾക്കുള്ള ഫലപ്രദമായ പ്രതിവിധിയായി ഇത് മാറും.
കൂടാതെ, ഹ്യൂമൻ പാപ്പിലോമാവൈറസ് (HPV), എപ്സ്റ്റൈൻ-ബാർ (EBV) തുടങ്ങിയ വൈറസുകളും സ്തനാർബുദവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ഗവേഷകർ പഠനം നടത്തുന്നുണ്ട്. സ്തനാർബുദ കോശങ്ങളിൽ ചില വൈറസുകളുടെ സാന്നിധ്യം കണ്ടെത്താനായതിനെ തുടർന്ന് 74 സാമ്പിളുകൾ ഉപയോഗിച്ചാണ് പഠനം പുരോഗമിക്കുന്നത്.
2025-2030 ഗവേഷണ മുൻഗണനകളിൽ ആരോഗ്യമേഖലയ്ക്ക് സർവ്വകലാശാല വലിയ പ്രാധാന്യമാണ് നൽകുന്നതെന്ന് ഖത്തർ യൂണിവേഴ്സിറ്റി പ്രതിനിധികൾ വ്യക്തമാക്കി. ബയോമെട്രിക് ഡാറ്റയും മെഡിക്കൽ ചിത്രങ്ങളും എ.ഐ വഴി അപഗ്രഥിച്ച് രോഗനിർണ്ണയം കൂടുതൽ കൃത്യമാക്കാനും രോഗ പുരോഗതി മുൻകൂട്ടി പ്രവചിക്കാനും ഈ ഗവേഷണങ്ങൾ സഹായിക്കും.










