
ഫ്ലോറിഡ: 54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ ചന്ദ്രന്റെ മറുപുറം കണ്ടു. ആർട്ടെമിസ് 2 ദൗത്യസംഘത്തിലെ നാലുപേർ ചന്ദ്രനെ ചുറ്റിയെത്തിയതോടെ പിറന്നത് പുതുചരിത്രമാണ്. ദൗത്യസംഘം സഞ്ചരിച്ച ഒറയോൺ എന്ന പേടകവും ഭൂമിയും തമ്മിലുള്ള ബന്ധവും വിജയകരമായി പുനസ്ഥാപിച്ചു. ഇന്ത്യൻ സമയം പുലർച്ചെ 4:37ന് ഭൂമിയിൽ നിന്നും 4,06,771 കിലോമീറ്റർ അകലത്തിൽ ആർട്ടെമിസ് 2 ദൗത്യസംഘം എത്തി. ഭൂമിയിൽ നിന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച മനുഷ്യർ എന്ന റെക്കോർഡും ഇതോടെ ആർട്ടെമിസ് 2 ദൗത്യസംഘം തങ്ങളുടെ പേരിൽ കുറിച്ചു.
ഇന്ത്യൻ സമയം പുലർച്ചെ 4:32ഓടെയാണ് ഒറയോൺ ചന്ദ്രനോട് ഏറ്റവും അടുത്തെത്തിയത്. തുടർന്ന് 4:37-ന് പുതിയ റെക്കോർഡ് ഉറപ്പിച്ചു. ആദ്യ സന്ദേശം ഭൂമിയിലേക്ക് അയച്ചത് സംഘത്തിലെ ക്രിസ്റ്റീന കുക്കാണ്.
ഇന്നലെയാണ് പേടകം ചന്ദ്രന്റെ ഗുരുത്വാകർഷണ ബലത്തിന്റെ സ്വാധീനത്തിലേക്ക് പ്രവേശിച്ചത്. 1972ന് ശേഷം ഇതാദ്യമായിട്ടാണ് മനുഷ്യൻ വീണ്ടും ചാന്ദ്ര ഗുരുത്വസ്വാധീന മേഖലയിൽ എത്തിയത്. തുടർന്ന് ചന്ദ്രൻ്റെയുമപ്പുറത്ത് നിന്ന് ദൗത്യസംഘം ചന്ദ്രനെയും ഭൂമിയെയും നോക്കിക്കണ്ടു. ഒറയോൺ ചന്ദ്രന്റെ പിന്നിലേക്ക് പോയതിനാൽ നാൽപ്പത് മിനുട്ടോളം പേടകവും ഭൂമിയും തമ്മിൽ ബന്ധമുണ്ടായില്ല. ചന്ദ്രന്റെ അപ്പുറത്ത് നിന്ന് ഉദയവും അസ്തമയവും അവർ കണ്ടു.
ദൗത്യത്തിന്റെ ഏഴാം ദിനം പകുതി കഴിയുമ്പോൾ സംഘത്തിന്റെ ഭൂമിയിലേക്കുള്ള മടക്കയാത്രയ്ക്ക് തുടക്കമാകും. എട്ടാം നാൾ പേടകത്തെ വീണ്ടും പൈലറ്റിന്റെ നിയന്ത്രണത്തിലാക്കും. ഒമ്പതാം നാൾ തിരിച്ചിറക്കത്തിനുള്ള തയ്യാറെടുപ്പ്. പത്താം നാൾ ഭൂമിയിലേക്ക് ഒറയോൺ വന്നിറങ്ങും.











