03:25am 09 September 2026
NEWS
ചന്ദ്രനെ ചുറ്റി തിരിച്ചെത്തിയ മനുഷ്യർക്ക് ജോൺസൺ സ്പേസ് സെന്ററിൽ ആവേശകരമായ സ്വീകരണം
12/04/2026  06:13 AM IST
nila
ചന്ദ്രനെ ചുറ്റി തിരിച്ചെത്തിയ മനുഷ്യർക്ക് ജോൺസൺ സ്പേസ് സെന്ററിൽ ആവേശകരമായ സ്വീകരണം

ഹ്യൂസ്റ്റൺ: നാസയുടെ ആർട്ടെമിസ് II ദൗത്യം വിജയകരമായി പൂർത്തിയാക്കി മടങ്ങിയെത്തിയ നാലംഗ സംഘത്തിന് ഹ്യൂസ്റ്റണിലെ ജോൺസൺ സ്പേസ് സെന്ററിൽ ആവേശകരമായ സ്വീകരണം. യാത്രികർ എല്ലാവരും ആരോഗ്യവാന്മാരാണെന്നും ദൗത്യത്തിനിടയിൽ വലിയ ആശങ്കകളൊന്നും നേരിടേണ്ടിവന്നില്ലെന്നും അധികൃതർ അറിയിച്ചു. എന്നാൽ കുടുംബത്തിൽ നിന്ന് അകന്ന് നിൽക്കേണ്ടിവന്നത് ഏറ്റവും പ്രയാസകരമായ അനുഭവമായിരുന്നുവെന്ന് അവർ പങ്കുവച്ചു.

ചന്ദ്രനെ ചുറ്റിയെത്തിയ ഓറിയോൺ പേടകം ഇന്ത്യൻ സമയം ഇന്നലെ പുലർച്ചെ 5.07നാണ് ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിച്ചത്. 5.37ഓടെ സാന്റിയാഗോ തീരത്തിന് സമീപം പസഫിക് സമുദ്രത്തിൽ സ്പ്ലാഷ് ഡൗൺ നടന്നു. 54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രന്റെ മറുവശം കാണുകയും സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങുകയും ചെയ്തത് ഈ ദൗത്യത്തിന്റെ പ്രത്യേകതയാണ്. ചന്ദ്രന്റെ പിന്നിലേക്ക് നീങ്ങിയപ്പോൾ ഏകദേശം 40 മിനിറ്റ് ഭൂമിയുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു.

നിരവധി ചരിത്ര നേട്ടങ്ങൾ സ്വന്തമാക്കിയാണ് ആർട്ടെമിസ് II ദൗത്യം അവസാനിച്ചത്. ഭൂമിയിൽ നിന്ന് ഏറ്റവും ദൂരത്തേക്ക് സഞ്ചരിച്ച മനുഷ്യരെന്ന റെക്കോർഡ് ഇപ്പോൾ ആർട്ടെമിസ് 2 സംഘത്തിനാണ്. മുമ്പ് അപ്പോളോ 13 സംഘത്തിനുണ്ടായിരുന്ന റെക്കോർഡിനെ മറികടന്ന് ഏകദേശം 4,06,771 കിലോമീറ്റർ ദൂരം അവർ പിന്നിട്ടു.

1972ലെ അപ്പോളോ 17 ശേഷം മനുഷ്യരെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് കൊണ്ടുപോയ ആദ്യ ദൗത്യമാണ് ആർട്ടെമിസ് 2. ഏകദേശം 10 ദിവസങ്ങൾ കൊണ്ടാണ് ഒറയോൺ പേടകം ചന്ദ്രനെ ചുറ്റി ഭൂമിയിലേക്ക് മടങ്ങിയത്. ഇതിനുമുമ്പ് നടന്ന ആളില്ലാ ആർട്ടെമിസ് I വിജയകരമായതിന്റെ തുടർച്ചയായാണ് ഈ ദൗത്യം.

ഇനി അടുത്ത ഘട്ടമായി ആർട്ടെമിസ് 3 ദൗത്യത്തിനുള്ള ഒരുക്കങ്ങൾ വേഗത്തിൽ ആരംഭിക്കുമെന്ന് നാസ വ്യക്തമാക്കിയിട്ടുണ്ട്. മനുഷ്യനെ വീണ്ടും ചന്ദ്രനിൽ ഇറക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്ക മുന്നോട്ട് പോകുമ്പോൾ, ചൈനയുമായുള്ള സ്പേസ് മത്സരവും ശക്തമാകുന്നതായി വിലയിരുത്തപ്പെടുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img