
ദോഹ: 2026നെ വരവേൽക്കുന്ന ആദ്യ വാരാന്ത്യത്തിൽ ഖത്തർ വൈവിധ്യമാർന്ന ആഘോഷങ്ങൾക്കും സാംസ്‌കാരിക–കായിക പരിപാടികൾക്കും വേദിയാകുന്നു. പുതുവത്സര രാത്രിയിലെ ലുസൈൽ ബൊളെ വാഡിലെ വൻ ആഘോഷങ്ങൾക്കു പിന്നാലെ
മരുഭൂമിയിലെ പൈതൃക ഉത്സവങ്ങൾ, കുതിരപ്പന്തയ മത്സരങ്ങൾ, കലാ പ്രദർശനങ്ങൾഎന്നിവ ആസ്വദിക്കാൻ ഒരുപിടി അനുഭവങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
അൽ ഷഖാബിലെ ലോങ്ജീൻസ് അരീനയിൽ ഫാദർ അമീർ പ്രിക്‌സ് കുതിരപ്പന്തയ മത്സരം നാളെ അരങ്ങേറും. സിക്രീറ്റിലെ ബ്രൂഖ് 2026 മരുഭൂമി ഉത്സവം കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും ഒരുപോലെ ആസ്വാദ്യമായ അനുഭവങ്ങൾ വാഗ്ദാനം ചെയ്യുന്നു. കൂടാതെ രാജ്യത്തെ വിവിധ മ്യൂസിയങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും നടക്കുന്ന കലാ പ്രദർശനങ്ങളും, അൽ ബിദ്ദ പാർക്കിലെ ലാൻറൺ ഫെസ്റ്റിവലും ഈ വാരാന്ത്യത്തെ കൂടുതൽ വർണാഭമാക്കും.
പുതുവത്സരത്തിന്റെ ആദ്യ ദിനങ്ങളെ ഉത്സവഭാവത്തിൽ ആഘോഷിക്കാൻ ഖത്തർ ഒരുക്കിയിരിക്കുന്ന ഈ പരിപാടികൾ, വിനോദവും സംസ്കാരവും ഒന്നിച്ചുള്ള സമ്പൂർണ അനുഭവമാണ് സമ്മാനിക്കുന്നത്.











