
എറണാകുളം സെൻറ് മേരിസ് ബസിലിക്കയിൽ ചൊവ്വാഴ്ച നടന്ന സ്പോടകവസ്തു കൊണ്ടുള്ള ആക്രമണത്തിനെതിരെ വൺ ചർച്ച് വൺ കുർബാന മൂവ്മെന്റിന്റെ നേതൃത്വത്തിൽ വിശ്വാസികൾ നടത്തിയ പ്രതിഷേധ സംഗമം.
കൊച്ചി: എറണാകുളം സെൻറ് മേരീസ് ബസിലിക്കയിൽ പ്രാർത്ഥനക്കെത്തിയ സ്ത്രീകൾ ഉൾപ്പെടെയുള്ള വിശ്വാസികൾക്ക് നേരെ സ്പോടക വസ്തു എറിഞ്ഞവരേയും അതിന് പിന്നിൽ പ്രവർത്തിച്ചവരെയും പോലീസ് അറസ്റ്റ് ചെയ്യണമെന്ന് ഇതിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു.
ബസലിക്കയിൽ നിന്നും പ്രകടനമായി എത്തിയ 200ൽ പരം വിശ്വാസികൾ അരമനയുടെ പ്രധാന കവാടത്തിനു മുന്നിൽ നടത്തിയ പ്രതിഷേധ സംഗമം അഡ്വ. ജോയി ജോർജ് ഉദ്ഘാടനം ചെയ്തു. മെത്രാപ്പോലീത്തൻ വികാരി മാർ ജോസഫ് പാംപ്ലാനിയുടെ
നേതൃത്വത്തിൽ ബസിലിക്കയിൽ നടത്തിയ കോടതി ഉത്തരവിന്റെ ലംഘനത്തിനെതിരെ സമാധാനപരമായി നടത്തുന്ന പ്രതിഷേധത്തെ ഭീഷണികൊണ്ടും ബോംബ് കൊണ്ടും ഇല്ലാതാക്കാമെന്ന് ആരും കരുതേണ്ടെന്നും നീതി നടപ്പാക്കും വരെ ഈ സമരം തുടരുമെന്നും ജോയി ജോർജ് പറഞ്ഞു. ചൊവ്വാഴ്ച നടന്ന ആക്രമ സംഭവം പാംപ്ലാനിയുടെ നിർദ്ദേശപ്രകാരം നടത്തിയത് ബസിലിക്ക അഡ്മിനിസ് ട്രേ റ്റർ ഫാ. തോമസ് മങ്ങാട്ടിന്റെ നേതൃത്വത്തി എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ അവിടെ ഒത്തുകൂടുന്ന ഒരു വിഭാഗം സഭാവിരുദ്ധരാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ അഡ്വ. മത്തായി മുതിരേന്തി ആരോപിച്ചു. സഭാ വിരുദ്ധ പ്രവർത്തനങ്ങൾക്കും ഗുണ്ടായിസത്തിനും നേതൃത്വം നൽകുന്ന പാംപ്ലാനി സഭയിലെ എല്ലാ സ്ഥാനങ്ങളും രാജിവെക്കണമെന്നും അല്ലാത്തപക്ഷം സഭ ഈ മെത്രാനെ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജോസഫ് പി. എബ്രഹാം , ജോർജ് പുല്ലാട്ട്, ആന്റണി പുതുശ്ശേരി, സീലിയ ആൻറണി എന്നിവർ പ്രസംഗിച്ചു.








