05:52pm 10 November 2026
NEWS
മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു
28/07/2025  07:25 AM IST
nila
മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു

ഛത്തീസ്ഗഢിൽ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. കേരളത്തിലെ വിവിധ രാഷ്ട്രീയ നേതാക്കളും ക്രൈസ്തവ സഭാ നേതൃത്വവും പ്രതിഷേധം അറിയിച്ച് രം​ഗത്തെത്തി. വിഷയത്തിൽ അടിയന്തരമായി ഇടപെടണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിട്ടുണ്ട്. സിറോ മലബാർ സഭയുടെ കീഴിൽ ചേർത്തല ആസ്ഥാനമായ അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്യുലേറ്റ് (ഗ്രീൻ ഗാർഡൻസ്) സന്ന്യാസസഭയിലെ സിസ്റ്റർമാരായ വന്ദന, പ്രീതി എന്നിവരെയാണ്‌ കഴിഞ്ഞ ദിവസം ഛത്തീസ്‌ഗഢിൽ അറസ്റ്റുചെയ്തത്‌. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തിരിക്കുകയാണ്. 

അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് നീതി ലഭ്യമാക്കാൻ ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. വന്ദന, പ്രീതി എന്നിവരെ ഛത്തീസ്​ഗഢ് പൊലീസ് കസ്റ്റഡിയിൽ എടുത്ത ശേഷം ഇവരുമായി ആശയവിനിമയം നടത്താൻ കഴിഞ്ഞിട്ടില്ലെന്ന് ബന്ധുക്കൾ പരാതിയുമായി സമീപിച്ചുവെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. വിഷയത്തിൽ നേരിട്ട് ഇടപെടണമെന്നും സുതാര്യവും നീതിയുക്തവുമായ നടപടി ഉറപ്പാക്കണമെന്നും പിണറായി വിജയൻ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു.

കന്യാസ്ത്രീകളെ അറസ്റ്റു ചെയ്തതിൽ ആശങ്ക പ്രകടിപ്പിച്ച്‌ കാതലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ(സിബിസിഐ) രം​ഗത്തെത്തി. കന്യാസ്ത്രീകൾ കൂട്ടിക്കൊണ്ടുപോകാനെത്തിയ പെൺകുട്ടികളുടെ രക്ഷിതാക്കളുടെ സമ്മതപത്രം ഉണ്ടായിരുന്നുവെന്നും സിബിസിഐ ചൂണ്ടിക്കാട്ടുന്നു. പെൺകുട്ടികൾ 18 വയസ്സ് പൂർത്തിയായവരാണെന്നും ഇതൊക്കെ അവഗണിച്ചാണ് അറസ്റ്റ് ചെയ്തതെന്നുമാണ് സിബിസിഐ ചൂണ്ടിക്കാട്ടുന്നത്.

ദേശവിരുദ്ധ ശക്തികൾ കന്യാസ്ത്രീകളെ നിരന്തരം നിരീക്ഷിക്കുകയും റെയിൽവേ സ്റ്റേഷനുകളിലും മറ്റും വളയുകയും അവർക്കെതിരേ ജനക്കൂട്ടത്തെ ഇളക്കിവിടുകയും മോശം പരാമർശങ്ങൾ നടത്തുകയും ചെയ്യുന്നു. കന്യാസ്‌ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപടിയെടുക്കണമെന്നും സിബിസിഐ ആവശ്യപ്പെട്ടു.

സംഘപരിവാറിന്റെ പിന്തുണയോടെ നടക്കുന്ന ആക്രമണങ്ങളുടെ മറ്റൊരുരീതിയാണ് ഛത്തീസ്ഗഢിലേതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കുറ്റപ്പെടുത്തി. കന്യാസ്ത്രീകളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ രാജ്യസഭയിലെ സിപിഎം കക്ഷി നേതാവ് ജോൺ ബ്രിട്ടാസ് എംപി ഛത്തീസ്ഗഢ്‌ മുഖ്യമന്ത്രി വിഷ്ണു ദിയോ സായിക്ക് കത്തയച്ചു. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ജോസ് കെ. മാണി എംപി പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കത്തയച്ചു.

മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗ‍ഢിൽ മലയാളികളായ രണ്ടു കന്യാസ്ത്രീകളെ അറസ്റ്റുചെയ്തതിൽ പ്രതിഷേധവുമായി വിവിധ രാഷ്ട്രീയനേതാക്കൾ രംഗത്തെത്തി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപടിയെടുക്കണമെന്ന്‌ കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടതിനു പിന്നാലെ കോൺഗ്രസ്‌ അടക്കമുള്ള പ്രതിപക്ഷകക്ഷികൾ സംഭവത്തെ അപലപിച്ചു.

 

 

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img