
അങ്കമാലി : ഛത്തീസ്ഗഡിൽ മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് മലയാളികന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത നടപടി ജനാധിപത്യ ഇന്ത്യക്ക് അപമാനവും ഭരണ ഘടന വിഭാവന ചെയ്യുന്ന മത സ്വാതന്ത്ര്യത്തോടുള്ള വെല്ലുവിളിയുമാണെന്ന് സി പി ഐ ജില്ലാ സെക്രട്ടറി എൻ അരുൺ പറഞ്ഞു.ഛത്തീസ്ഗഡിൽ സംഘപരിവാർ ഭരണകൂടം ജയിലിൽ അടച്ച കന്യാസ്ത്രീയുടെ കുടുംബത്തെ അങ്കമാലി ഇളവൂരിലെ വീട്ടിലെത്തി ആശ്വസിപ്പിക്കുകയും സിസ്റ്റർ പ്രീതി മേരിയെ പുറത്തിറക്കുവാൻ കേരള സർക്കാർ ശക്തമായ ഇടപെടുമെന്നും ഉറപ്പ് നൽകിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ആഗ്രയിലെ ആശുപത്രിയിൽ ജോലിക്ക് വേണ്ടി യുവതികളെ കൊണ്ട് വരുന്നതിനായി ദുർഗ് സ്റ്റേഷനിലെത്തിയപ്പോൾ സംഘ് പരിവാർ ഭീകരർ കന്യാ സ്ത്രീകൾക്ക് നേരെ ഭീഷണി മുഴക്കുകയും തുടർന്ന് പോലീസിനെ കൊണ്ട് അവരെ അറസ്റ്റ് ചെയ്യിക്കുകയുമായിരുന്നു. യുവതികളെ അവരുടെ മാതാ പിതാക്കളുടെ പൂർണ്ണ സമ്മതത്തോടെയാണ് ജോലിക്കായി കൊണ്ട് പോകുന്നതെന്നറിയിച്ചിട്ടും അവരെ ആക്ഷേപിക്കുകയും മത പരിവർത്തനവും മനുഷ്യക്കടത്തും തുടർന്ന് ആരോപിക്കുകയുമായിരുന്നു.
രാജ്യത്ത് ബിജെപി ഭരണത്തിൻ കീഴിൽ ക്രൈസ്തവ സമൂഹം നിരന്തര പീഡനങ്ങൾക്കാണ് വിധേയരാവുന്നത്.ആഭ്യന്തര ശത്രുക്കളായി മുസ്ലിംകളെയും ക്രൈസ്തവരെയും പൊതുവിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഈ മതവിഭാഗങ്ങൾക്കിടയിൽ ആസൂത്രിതമായി വിദ്വേഷം സൃഷ്ടിച്ച് വർഗീയമായ ചേരിതിരിവ് ശക്തിപ്പെടുത്താനുതകുംവിധമുള്ള വ്യാജ പ്രചാരണങ്ങൾക്കും ചില സാഹചര്യങ്ങളിൽ അവർ നേതൃത്വം നൽകാറുണ്ട്. ന്യൂനപക്ഷങ്ങളെ പൊതുവായും അതോടൊപ്പം ചിലയിടങ്ങളിൽ ഒന്നാം ആഭ്യന്തര ശത്രുവിനെതിരെ രണ്ടാം ആഭ്യന്തര ശത്രുവിനെ ഉപയോഗിച്ചും ദ്വിമുഖ തന്ത്രത്തിലൂടെ തങ്ങളുടെ അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗമായി സംഘ് പരിവാർ എതിർക്കുന്നു. എന്നാൽ വര്‍ഗ്ഗീയതയെ മുഖ്യ ആയുധമാക്കി പ്രവര്‍ത്തിക്കുന്ന സംഘ് പരിവാറിന്റെ ഫാസിസ്റ്റ് ആശയങ്ങളോടുള്ള മൃദു സമീപനംകേരളത്തിലെയടക്കം ചില പുരോഹിത നേതൃത്വം പലപ്പോഴും സ്വീകരിക്കുന്നതായി കാണാറുണ്ട്.സംഘ് പരിവാർ അജണ്ടകൾക്ക് വെള്ളവും വളവും നൽകി അവരെ പരിപോഷിപ്പിക്കുന്ന ആത്മഹത്യാപരമായ നിലപാട് സ്വീകരിക്കുന്നവർ ഈയവസരത്തിൽ പുനർ വിചിന്തനത്തിന് തയ്യാറാകേണ്ടതുണ്ടെന്നും അരുൺ അഭിപ്രായപ്പെട്ടു.സിപിഐ അങ്കമാലി മണ്ഡലം സെക്രട്ടറി എം മുകേഷ്, ജില്ലാ കൗൺസിൽ അംഗം അഡ്വ: ജി ബൈജു രാജ്, മണ്ഡലം കമ്മിറ്റി അംഗങ്ങളായ എം എസ് ചന്ദ്ര ബോസ്, കെ എൻ പരമേശ്വരൻ,പി പി സണ്ണി, എ വി ഷൺമുഖൻ,ഒ ജി കിഷോർ, പുളിയനം ലോക്കൽ കമ്മിറ്റി അംഗങ്ങൾ കെ, ഡി ഡേവിസ്, ഷാജു വി എ , വി എ രാജപ്പൻ, പി എ സത്യൻ,പി ജി ചെല്ലപ്പൻ, കെ എ മാർട്ടിൻ എന്നിവർ സെക്രട്ടറി യോടൊപ്പം ഉണ്ടായിരുന്നു.
Photo Courtesy - Google








